Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിൻഗ്യകൾക്കെതിരെ സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന് കേന്ദ്രം

AA_13092017_597383

ന്യൂഡൽഹി∙ രോഹിൻഗ്യ മു‌സ്‌ലിം അഭയാർഥികൾ ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നു സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതിനുപിന്നാലെ അങ്ങനെ ഒരു സത്യവാങ്മൂലം നൽകിയിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു. സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുന്നതു പരിഗണിച്ചു വരുന്നതേയുള്ളൂയെന്നും മന്ത്രി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് ഇനി 18നു പരിഗണിക്കും. സത്യവാങ്മൂലം അപൂർണമായിരുന്നുവെന്നും അത് അന്തിമ സത്യവാങ്മൂലം അല്ല എന്നുമാണു രാത്രി വൈകി ആഭ്യന്തര മന്ത്രാലയം നൽകിയ വിശദീകരണം. കേസ് തിങ്കളാഴ്ചയേ പരിഗണിക്കൂവെന്നതിനാൽ 15ന് കേന്ദ്രസർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചേക്കും. 14ന് നൽകിയ സത്യവാങ്മൂലത്തിൽ അപൂർണമെന്ന് അവസാനം ചേർത്തിരുന്നു. 

രോഹിൻഗ്യ അഭയാർഥി പ്രശ്നത്തിൽ ബിജെപി സ്വീകരിച്ചിട്ടുള്ള നിലപാട് അവരെ തിരിച്ചയയ്ക്കണമെന്നാണ്. എന്നാൽ അഭയാർഥികളെ ഉടൻ തിരിച്ചയയ്ക്കരുതെന്ന് ഇന്ത്യക്കുമേൽ രാജ്യാന്തര സമ്മർദം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണു സത്യവാങ്മൂലം അന്തിമമല്ലെന്ന നിലപാടിലേക്കു കേന്ദ്രസർക്കാർ എത്തിയതെന്നാണു സൂചന. രോഹിൻഗ്യ അഭയാർഥികൾക്കു വിവിധ തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയം ഉയർന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അവരെ ഇന്ത്യയിൽ തുടരാൻ അനുവദിക്കരുതെന്നുമാണു കേന്ദ്രസർക്കാർ നൽകിയ സത്യവാങ്‌മൂലത്തിലുള്ളത്.

പാക്ക് ഭീകര സംഘടനകളുമായി രോഹിൻഗ്യകൾക്കു ബന്ധമുണ്ടെന്നും ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ഐഎസ് ഇവരെ ഉപയോഗിക്കുമെന്ന ഭീഷണിയുണ്ടെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. അഭയാർഥികളായതിനാൽ അവരുടെ കാര്യത്തിൽ കോടതി ഇടപെടാതിരിക്കുകയാണു വേണ്ടതെന്നും ‌ ബെഞ്ചിനു മുൻപാകെ കേന്ദ്രം ബോധിപ്പിച്ചു.  

ഏകദേശം 40,000–ഓളം രോഹിൻഗ്യ മുസ്‌ലിംകൾ ഇന്ത്യയിലുണ്ട്. അതിൽ 16,000 പേർക്ക് അഭയാർഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകൾ ലഭിച്ചിട്ടുള്ളതാണ്. ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഇങ്ങനെ കൂട്ടത്തോടെ അഭയാർഥികളെ തിരിച്ചയയ്ക്കാൻ ഇന്ത്യയ്ക്ക് അധികാരമില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനവും നടക്കുന്ന സ്ഥലത്തേക്ക് ഇവരെ മടക്കിവിടാൻ സാധ്യമല്ലെന്നും യുഎൻ വ്യക്തമാക്കിയിരുന്നു. അതേസമയം, രണ്ടാഴ്ചയ്ക്കിടെ ബംഗ്ലദേശിൽ എത്തിയ അഭയാർഥികളുടെ എണ്ണം മൂന്നു ലക്ഷം കടന്നു. ആയിരങ്ങൾ മ്യാൻമർ – ബംഗ്ലദേശ് അതിർത്തിയിലെ നാഫ് നദിക്കുസമീപം കാത്തുനിൽക്കുകയാണ്.

മ്യാന്മ‍റിലെ വംശീയ ഉൻമൂലനം

മ്യാൻമറിൽ രോഹിൻഗ്യ മുസ്‌ലിംകൾക്കു നേരേ നടക്കുന്ന പട്ടാള നടപടി വംശീയ ഉൻമൂലനമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ വ്യക്തമാക്കി. പട്ടാളം രോഹിൻഗ്യകളുടെ ഗ്രാമങ്ങൾ ചാമ്പലാക്കുന്നതിന്റെയും നാടുവിട്ടോടുന്നവരെ ഉൾപ്പെടെ കൊല്ലുന്നതിന്റെയും സാറ്റലൈറ്റ് ചിത്രങ്ങളും റിപ്പോർട്ടുകളും ലഭിച്ചിട്ടുണ്ടെന്നു യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ സെയ്ദ് റാദ് അൽ ഹുസൈൻ പറഞ്ഞു.

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്താണു രോഹിൻഗ്യകൾക്കെതിരെ വ്യാപകമായി വംശീയാതിക്രമം നടക്കുന്നത്. രോഹിൻഗ്യകൾക്കെതിരായ അക്രമങ്ങൾ ചെറുക്കാനായി രൂപംകൊണ്ട രോഹിൻഗ്യ സാൽവേഷൻ ആർമി, മ്യാൻമർ പൊലീസിന്റെയും സൈനികരുടെും ക്യാംപുകൾ ആക്രമിച്ചതിനു പ്രതികാര നടപടിയായി സൈന്യം ഗ്രാമങ്ങൾ വളയുകയായിരുന്നെന്നാണു റിപ്പോർട്ട്. എന്നാൽ, രോഹിൻഗ്യകൾ സ്വന്തം ഗ്രാമങ്ങൾ തന്നെ ചുട്ടെരിച്ചുവെന്നും റാഖൈനിലെ ബുദ്ധമതക്കാരെ കൊലപ്പെടുത്തിയെന്നുമാണ് മ്യാൻമർ സർക്കാർ ആരോപിക്കുന്തന്. മ്യാൻമറിൽ 11 ലക്ഷത്തോളം രോഹിൻഗ്യ വംശജരുണ്ടെന്നാണ് കണക്ക്.

related stories