Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തലാഖ് നിയമവിരുദ്ധമെങ്കിൽ പ്രത്യേക നിയമം വേണോ?: ചോദ്യങ്ങളുന്നയിച്ച് ചർച്ച

തോമസ് ഡൊമിനിക്
muslim-women-representational-image-1 പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ ഗാർഹിക പീഡന വിരുദ്ധ നിയമം മുസ്‌ലിം സമുദായത്തിനും ബാധകമായിരിക്കെ, പ്രത്യേക മുത്തലാഖ് നിയമം (മുസ്‌ലിം വനിതാ വിവാഹ സംരക്ഷണ നിയമം) പാർലമെന്റ് പാസാക്കുന്നതെന്തിന്? ലോക്സഭയിൽ പാസാക്കുന്നതിനു പകരം, ബിൽ ഇരു സഭകളിലെയും അംഗങ്ങൾ ഉൾപ്പെട്ട സിലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണമെന്ന ആവശ്യം സർ‌ക്കാർ നിരാകരിക്കുമ്പോൾ ഈ ചോദ്യം പ്രസക്തമാകുന്നു.

മുത്തലാഖ് നിയമവിരുദ്ധ‌മെന്നു സുപ്രീം കോടതി പ്രഖ്യാപിച്ച സാഹചര്യത്തിലാണു സർക്കാർ നിയമനിർമാണത്തിനു മുതിർന്നത്. നിയമനിർമാണം രാജ്യസഭയുടെ കടമ്പയിൽ തട്ടി മുടങ്ങിയതോടെ ഓർഡിനൻസ് പുറപ്പെടുവിച്ചു. അതു നിയമമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ ലോക്സഭ കടന്നു വീണ്ടും രാജ്യസഭയുടെ പടിക്കലെത്തുന്നത്. പാർലമെന്റ് സമ്മേളനമില്ലാത്ത സമയത്താണു നിയമം ഓർഡിനൻസ് ആയി പുറപ്പെടുവിക്കുക. ആറു മാസമാണു കാലാവധി. പാർലമെന്റ് ചേർന്നാലുടൻ ഓർഡിനൻസിനു പകരം ബിൽ കൊണ്ടുവരണം. അത് ഇരു സഭകളും പാസാക്കി നിയമമാക്കുകയും വേണം.

പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള രാജ്യസഭ, മുത്തലാഖ് ബിൽ സിലക്ട് കമ്മിറ്റിക്കു വിടണമെന്നാണു മുൻപും നിലപാടെടുത്തത്. ഇത്തവണയും അതിൽ മാറ്റമുണ്ടാവാനിടയില്ല. രാജ്യസഭയുടെ കടമ്പ കടക്കാനിടയില്ലെന്ന് ഉറപ്പുള്ള ബിൽ ഒരിക്കൽ കൂടി സർക്കാർ അവതരിപ്പിക്കുന്നതു രാഷ്ട്രീയപക്ഷം വെളിപ്പെടുത്താൻ തന്നെ.

അവസാന നിമിഷ മനംമാറ്റം

ബില്ലിലെ വ്യവസ്ഥകളെ മാത്രം എതിർക്കാൻ തീരുമാനിച്ചിരുന്ന കോൺഗ്രസ്, ബില്ലിനെ എതിർക്കാൻ തീരുമാനിച്ചതു തലേന്നു രാത്രിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ രൂപ‌പ്പെടുന്ന ശക്തമായ രാഷ്ട്രീയപക്ഷത്തിനു സൂചനയായിരുന്നു അത്. മുത്തലാഖിനെതിരെ നിയമനിർമാണം നടത്തണമെന്നു സുപ്രീം കോടതി നിർദേശിച്ചതു ന്യൂനപക്ഷ വിധിയിലാണ്. അതു സർക്കാർ പ്രമാണമായി സ്വീകരിക്കുന്നെങ്കിൽ ശബരിമല കേസിലെ ന്യൂനപക്ഷ വിധിയുടെ അടിസ്ഥാനത്തിലും നിയമ നിർമാണമുണ്ടാവണമെന്നായിരുന്നു ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ വാദം.

നിയമവിരുദ്ധമെങ്കിൽ പ്രത്യേക നിയമം വേണോ?

സുപ്രീം കോടതി വിധിയനുസരിച്ചു മുത്തലാഖ് നിയമവിരുദ്ധമായിക്കഴിഞ്ഞു. അതിനെതിരെ ശക്തമായ നടപടിയെ‌ടുക്കാൻ രാജ്യത്തു നിയമമുള്ളപ്പോൾ പുതിയൊരു നിയമമെന്തിനെന്നാണ് ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം (സ്റ്റാറ്റ്യൂട്ടറി റസല്യൂഷൻ) അവതരിപ്പിച്ച എൻ.കെ. പ്രേമചന്ദ്രൻ ചോദിച്ചത്. ഭേദഗതികളോടെ അവതരിപ്പിച്ച പുതിയ ബില്ലിൽ കുറ്റക്കാരനു ജാമ്യം നൽകാൻ വ്യവസ്ഥയുണ്ട്. മൊഴി ചൊല്ലപ്പെട്ട സ്ത്രീയുടെ അഭിപ്രായം കേട്ടശേഷം ജാമ്യം അനുവദിക്കാൻ മജിസ്ട്രേറ്റിനു വിവേചനാധികാരം ഉപയോഗിക്കാം. എന്നാൽ, പരാതി ഉന്നയിക്കുന്നയാൾ പ്രതിക്കു ജാമ്യം ലഭിക്കുന്നതിന് അനുകൂലമായി നിലപാടെടുക്കുമോ? അവർ മജി‌സ്ട്രേറ്റിനു മുന്നിൽ ഹാജരായില്ലെങ്കിൽ?

ജയിലിൽ കിടന്നും ജീവനാംശം

കുറ്റക്കാരനു മൂന്നു വർഷം തടവാണു ശിക്ഷ. ഇക്കാലത്തു ഭാര്യയ്ക്കു ജീവനാംശം നൽകുകയും വേണം. തൊഴിൽ ചെയ്തു പണമുണ്ടാക്കാൻ അവസരമില്ലാതെ ജയിലിൽ കഴിയുന്നയാൾ ജീവനാംശം എങ്ങനെ നൽകും? സി‌വിൽ നിയമപ്രകാരം കാണേണ്ട തെറ്റ്, ക്രിമിനൽ കുറ്റമാകുമ്പോൾ വാദിക്കും പ്രതിക്കും നീതി നിഷേധിക്കപ്പെടുന്നു. മുത്തലാഖെന്നാൽ, ഭാര്യയെ ഉപേക്ഷിക്കൽ തന്നെ. ഭാര്യയെ ഭർത്താവ് ഉപേക്ഷിക്കുന്നതു മറ്റു സമുദായങ്ങളിലെല്ലാം സിവിൽ കുറ്റം. മുസ്‌ലിം സമു‌ദായത്തിൽ മാത്രം അതു ക്രിമിനൽ കുറ്റമാവുകയാണ്.

സിലക്ട് കമ്മിറ്റി

ഇരു സഭകളുടെയും സിലക്ട് കമ്മിറ്റിയിൽ വിശദ ചർച്ചയെന്ന ആവ‌ശ്യമാണു ലോക്സഭയിൽ സർക്കാർ തള്ളിയത്. ആവശ്യം അനുവദിച്ചിരുന്നെങ്കിൽ വിശദ ചർച്ചയിലൂടെ മു‌സ്‌ലിം പുരുഷ, വനിതാ സംഘടനകളുടെ അഭിപ്രായം തേടാനും യുക്തമായ തീരുമാനമെടുക്കാനും സർക്കാരിന് അവസരം ലഭിക്കുമായിരുന്നു. ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ സർക്കാരിന്റെ തന്ത്രമെന്താവും എന്നതു കൗതുകമുണർത്തുന്ന ചോദ്യം.