Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ വിലവർധന മനഃപൂർവം; പണം പാവപ്പെട്ടവരുടെ ക്ഷേമനിധിക്ക്: കണ്ണന്താനം

Alphons Kannanthanam

തിരുവനന്തപുരം∙ ക്രമാതീതമായ ഇന്ധന വിലവർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരല്ല. പെട്രോൾ‌ ഉപയോഗിക്കുന്നത് അതിനുള്ള കഴിവുണ്ടായിട്ടാണ്. വിലവർധന മനഃപൂർവമുള്ള നടപടിയാണെന്നും കണ്ണന്താനം പറഞ്ഞു. പാവപ്പെട്ടവർക്കുള്ള ക്ഷേമനിധിക്ക് പണം കണ്ടെത്തുന്നത് പെട്രോൾ ഉൽപന്നങ്ങളുടെ നികുതിയിൽ‌നിന്നാണെന്നും കണ്ണന്താനം വ്യക്തമാക്കി. ബിജെപി സംസ്ഥാന കാര്യാലയം സന്ദർശിച്ച ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണു മോദി സർക്കാർ പ്രവർത്തിക്കുന്നത്. അവർക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴിൽ ഇവ ഉറപ്പു വരുത്താനാണു ശ്രമിക്കുന്നത്. ഇതിനായി ലക്ഷക്കണക്കിന് കോടി രൂപ ആവശ്യമാണ്. പെട്രോളിയം വിലവർധന ഉൾപ്പടെയുള്ളവയിൽനിന്നു കിട്ടുന്ന പണം ഇതിനായാണ് സർക്കാർ ഉപയോഗിക്കുന്നത്. സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാൽ പെട്രോളിയം, മദ്യം എന്നിവ ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരുന്നതു പരിഗണിക്കും. രാജ്യത്തു വിലക്കയറ്റം നാലു ശതമാനം മാത്രമാണ്. ഇത് റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ളതിനേക്കാൾ അര ശതമാനം കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ടൂറിസം- ഐടി മേഖലകളുടെ വികസനത്തിന് വേഗതയില്ല. പദ്ധതികള്‍ സമയബന്ധിതമായി പൂർത്തിയാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് ഐടി മേഖലയിൽ മുൻപന്തിയിലായിരുന്ന കേരളം ഇന്ന് പിന്തള്ളപ്പെട്ടിരിക്കുകയാണ്. നിരവധി ടൂറിസം പദ്ധതികൾ അനുവദിക്കപ്പെട്ടിട്ടുണ്ട്. അനേകം പദ്ധതികൾ നടപ്പാക്കാനും ഉദ്ദേശ്യമുണ്ട്. എന്നാൽ നിലവിൽ അനുവദിക്കപ്പെട്ടവ പെട്ടെന്നു പൂർത്തീകരിച്ചാൽ മാത്രമേ വീണ്ടും പണം അനുവദിക്കാനാകൂ. ഇക്കാര്യം മുഖ്യമന്ത്രിയോടു ചർച്ച ചെയ്തിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

കണ്ണന്താനത്തിന് ബിജെപി കാര്യാലയത്തിൽ സ്വീകരണം 

അൽഫോൻസ് കണ്ണന്താനത്തിന് തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ സ്വീകരണം നല്‍കി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാൽ എംഎൽഎ‍, പി.എസ്.ശ്രീധരന്‍ പിള്ള, പി.കെ.കൃഷ്ണദാസ് തുടങ്ങിയവ‍ര്‍ മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. വൈകിട്ട്  തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. 

ശിവഗിരി മഠം സന്ദർശിച്ച ശേഷമാണു കേന്ദ്രമന്ത്രി ബിജെപി ആസ്ഥാനത്തെത്തിയത്. മാരാർജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം ഓഫീസിലേക്ക് കയറിയത്. രാവിലെ ശിവഗിരി മഠത്തിൽ മന്ത്രിയെയും ഭാര്യ ഷീലയെയും മഠം പ്രസിഡന്‍റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ ചേർന്ന് സ്വീകരിച്ചു. ശ്രീനാരായണഗുരു സമാധി മന്ദിരവും ശാരദാ ക്ഷേത്രവും സന്ദർശിച്ച മന്ത്രി സ്വാമി പ്രകാശനന്ദയിൽനിന്ന് അനുഗ്രഹം തേടി.

സ്വാമിമാർക്കൊപ്പം പ്രാതൽ കഴിച്ച ശേഷമാണു മന്ത്രി മടങ്ങിയത്. ശിവഗിരി, ചെമ്പഴന്തി ഗുരുകുലം, കുന്നുംപുറം, അരുവിപ്പുറം എന്നിവ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഠം അധികൃതർ മന്ത്രിയ്ക്കു നിവേദനം നൽകി. സംസ്ഥാന സർക്കാർ ശുപാർശ ചെയ്താൽ പദ്ധതി ഉടൻ അനുവദിക്കുമെന്ന് അദ്ദേഹം മഠം അധികൃതർക്ക് ഉറപ്പ് നൽകി. വൈകിട്ട് തിരുവനന്തപുരം കാർത്തിക തിരുനാൾ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം.

കേന്ദ്രത്തിന് ലാഭം 6.2 ലക്ഷം കോടി

പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയിലൂടെ കേന്ദ്ര സർക്കാരിനെ കിട്ടിയ ലാഭം 6.2 ലക്ഷം കോടി രൂപ. മൻമോഹൻ സിങ് അധികാരമൊഴിഞ്ഞ 2014 ൽ ക്രൂഡോയിൽ ഇറക്കുമതിക്കു ചെലവ് 8.65 ലക്ഷം കോടി രൂപയായിരുന്നു. നരേന്ദ്രമോദി അധികാരമേറ്റു മൂന്നു വർഷം കഴിയുമ്പോൾ (2017) ക്രൂഡോയിൽ ഇറക്കുമതിക്കുള്ള ചെലവ് 4.70 ലക്ഷം കോടിയായി.

എക്സൈസ് ഡ്യൂട്ടി വരുമാനം 2,42,691 രൂപയായും പെട്രോളിയം സബ്സിഡി ചെലവ് 25,000 കോടിയുമായി. ഇതോടെ ആകെ ചെലവ് 2.52 ലക്ഷം കോടിയായി കുറഞ്ഞു. ഇങ്ങനെ നോക്കിയാൽ നരേന്ദ്രമോദി സർക്കാരിനു പെട്രോളിയം ഉൽപ്പന്നങ്ങളിൽനിന്നു കിട്ടിയത് 6.2 ലക്ഷം കോടി രൂപയുടെ ലാഭമാണ്. ചരക്ക്, സേവന നികുതിയിൽ (ജിഎസ്ടി) പെട്രോളിയത്തെ ഉൾപ്പെടുത്തിയാൽ വില കുത്തനെ കുറയുമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.

related stories