Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈയിലേത് കേന്ദ്രം നടത്തിയ കൂട്ടക്കൊല; ബുള്ളറ്റ് ട്രെയിനിനെതിരെയും ശിവസേന

elphinstone stamped മുംബൈയിൽ എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ ചെരുപ്പുകൾ സമീപത്തു കൂട്ടിയിട്ടിരിക്കുന്നു.

മുംബൈ∙ എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷനിലെ കാൽനടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേർ കൊല്ലപ്പെട്ട സംഭവം വിരൽ ചൂണ്ടുന്നത് അധികൃതരുടെ കനത്ത അനാസ്ഥയിലേക്ക്. കാൽനടപ്പാലത്തിന്റെ വീതി കൂട്ടുന്നതുൾപ്പെടെ റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കേണ്ട വികസപ്രവൃത്തികളെപ്പറ്റി റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു ഒന്നര വർഷം മുൻപ് ഉറപ്പു നൽകിയതാണ്. എന്നാൽ ഇതിന്മേൽ തുടര്‍നടപടികളൊന്നും ഇല്ലാതിരുന്നതാണ് വെള്ളിയാഴ്ചത്തെ അപകടത്തിനു കാരണമായത്. അപകടസമയത്ത് പൊലീസ് എത്താൻ വൈകിയതിനെപ്പറ്റിയും വിമർശനമുയരുന്നുണ്ട്.

മുംബൈയിലെ ശിവസേന എംപി അരവിന്ദ് സാവന്തിനാണ് 2016 ഫെബ്രുവരി 20ന് എൽഫിൻസ്റ്റൺ റെയിൽവേ സ്റ്റേഷന്റെ വികസനം ഉറപ്പു നൽകിയുള്ള കത്ത് സുരേഷ് പ്രഭു അയച്ചത്. 12 അടി വീതിയിൽ പുതിയ കാൽനടപ്പാലം നിർമിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കത്തിൽ പറയുന്നു. ഒന്ന്, രണ്ട് പ്ലാറ്റ് ഫോമുകളുടെ വീതി കൂട്ടുന്നതു സംബന്ധിച്ചും കത്തിൽ സൂചനയുണ്ട്.

റെയിൽവേ സ്റ്റേഷൻ പരിസരത്തെ ദനയീയ സ്ഥിതി മാറ്റണമെന്നാവശ്യപ്പെട്ട് ആറു മാസം മുൻപ് പ്രദേശവാസികളും അധികൃതര്‍ക്ക് നിവേദനം നൽകിയിരുന്നു. ഇതൊന്നും പരിഗണിക്കാതെ ചവറ്റുകുട്ടയിൽ വീണതോടെയാണ് 22 ജീവനുകൾ തിക്കിലും തിരക്കിലും പൊലിഞ്ഞത്.

എൽഫിൻസ്റ്റണിൽ സർക്കാർ നടപ്പാക്കിയ പൊതുജനങ്ങളുടെ കൂട്ടക്കൊലയാണ് ഉണ്ടായതെന്നും ശിവസേന കുറ്റപ്പെടുത്തി. റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ട് മതി ബുള്ളറ്റ് ട്രെയിനുകൾ കൊണ്ടു വരുന്നത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി പിയുഷ് ഗോയൽ രാജി വയ്ക്കണമെന്നും ബിജെപിയുടെ കേന്ദ്രത്തിലെ മുഖ്യ സഖ്യകക്ഷികളിലൊന്നായ ശിവസേന ആവശ്യപ്പെട്ടു.

രക്ഷകരായത് സമീപവാസികൾ

അപകടത്തിനു തൊട്ടു മുൻപായി എന്തോ തകരുന്നതു പോലെ വൻ ശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നു. കാൽനടപ്പാലത്തിനു സമീപത്തു തന്നെ മത്സ്യവിൽപനയും പൂക്കച്ചവടവുമുണ്ട്. പൊതുവേ തിരക്കേറിയ നടപ്പാലത്തിൽ അതിനാൽത്തന്നെ പെട്ടെന്നൊരു പ്രശ്നമുണ്ടായാൽ ഓടിമാറാൻ പോലും ഇടമില്ല.

സംഭവസമയത്ത് ഒട്ടേറെ പേർ ട്രെയിൻ കയറാനായി നടപ്പാലത്തിലൂടെ താഴേക്കു വരുന്നുണ്ടായിരുന്നു. അതിനിടെ വന്ന ട്രെയിനിൽ നിന്നിറങ്ങിയ കുറേപേർ പാലത്തിലൂടെ മുകളിലേക്കും നീങ്ങി. പുറത്ത് കനത്ത മഴയായതിനാൽ ഒട്ടേറെപ്പേർ പാലത്തിൽ തിങ്ങി നിന്നിരുന്നു. അതോടെ പതിവിലേറെ ആൾത്തിരക്കുമായി നടപ്പാലത്തിൽ.

അതിനിടെയാണ് വലിയ ശബ്ദമുണ്ടായത്. ഇതു ഷോർട് സർക്യൂട്ടാണോയെന്നും പരിശോധിക്കുന്നുണ്ട്. എന്നാൽ പാലത്തിന്റെ ഒരു ഭാഗം പൊളിഞ്ഞുവീഴുകയാണെന്ന ആശങ്ക പരന്നതോടെ തിക്കും തിരക്കും രൂപപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതോടെ കുറേപ്പേർ പാലത്തിൽനിന്ന് താഴേക്കു ചാടി.

കുറേപ്പേർ ബോധരഹിതരായതോടെ സമീപവാസികൾ വെള്ളം കൊണ്ടുവന്ന് ആൾക്കൂട്ടത്തിലേക്ക് തളിക്കുകയും ചെയ്തു. പലരുടെയും ജീവൻ രക്ഷിക്കാൻ ഇതും സഹായകമായി. എന്നാൽ സംഭവം നടന്നയുടൻ പൊലീസിനെ അറിയിച്ചെങ്കിലും നടപ്പാലത്തിൽ നിന്ന് എല്ലാവരെയും സമീപവാസികൾ മാറ്റിയതിനു ശേഷമാണ് അവർ എത്തിയതെന്നും ആരോപണമുണ്ട്.

related stories