Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെരേസ മേയ്ക്കെതിരേ വിമത നീക്കം; സർക്കാരിനെ മറിച്ചിടാൻ എംപിമാർ

Theresa May

ലണ്ടൻ∙ അഞ്ച് മുൻ കാബിനറ്റ് മന്ത്രിമാരുടെ നേതൃത്വത്തിൽ മുപ്പതോളം ടോറി എംപിമാർ ബ്രിട്ടനിൽ പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ വിമതനീക്കത്തിനു തയാറെടുക്കുന്നു. ക്രിസ്മസിനു മുമ്പ് തെരേസ മേയെ പുറത്തു ചാടിച്ചു പുതിയ പ്രധാനമന്ത്രിയെ വാഴിക്കാനാണ് ഇവരുടെ നീക്കം. എന്നാൽ നോർത്തേൺ അയർലൻഡിലെ പ്രാദേശിക കക്ഷിയായ ഡിയുപിയുടെ പിന്തുണയോടെ നിലനിൽക്കുന്ന സർക്കാർ നിലംപൊത്തിയാൽ പുതിയൊരു സർക്കാരുണ്ടാക്കാൻ ഭരണകക്ഷിയായ ടോറികൾക്കു കഴിയുമോ എന്ന കാര്യം കണ്ടറിയണം. അങ്ങനെ വന്നാൽ വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്കോ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സർക്കാരിലേക്കോ രാജ്യം മാറിയേക്കാം. എന്തായാലും പ്രധാനമന്ത്രിക്കസേരയിൽ തെരേസ മേയുടെ ഭാവി അത്രകണ്ടു സുരക്ഷിതമല്ലെന്നാണു ബ്രിട്ടിഷ് മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ സമാപിച്ച ടോറി പാർട്ടിയുടെ വാർഷിക യോഗത്തിനുശേഷമാണു തെരേസ മേയ്ക്കെതിരെ വിമതനീക്കം ശക്തമാക്കാൻ അവരുടെ കടുത്ത വിമർശകരായ അഞ്ച് മുൻ കാബിനറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ശ്രമമാരംഭിച്ചത്. ഇപ്പോൾ മുപ്പതോളം എംപിമാർ ഈ നീക്കത്തിനു പിന്തുണ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ബ്രെക്സിറ്റ് ചർച്ചകളിൽ കാര്യമായ പുരോഗതി കൈവരിക്കാൻ സാധിക്കാത്തതും മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും നിയന്ത്രിച്ചു നിർത്താൻ സാധിക്കാത്തതും തെരേസ മേയുടെ വീഴ്ചയായി ഇവർ ചൂണ്ടിക്കാട്ടുന്നു. പാർട്ടി സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ കോമാളിത്തരം കാണിക്കാൻപോലും ചിലർ തയാറായതു മേയുടെ കഴിവില്ലായ്മയായി വിമതർ ചൂണ്ടിക്കാട്ടുന്നു. പാർട്ടി സമ്മേളനത്തിൽ ഉയർന്ന ശക്തമായ വിമർശനങ്ങൾക്കു തക്കതായ മറുപടി നൽകാനും പ്രധാനമന്ത്രിക്കായില്ല. ശക്തമായ കഫക്കെട്ടും ചുമയും അലട്ടിയ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം വിമർശകരുടെ നാവടക്കാൻ ഉതകുന്നതായില്ല.

ഇടക്കാല തിരഞ്ഞെടുപ്പിലൂടെ സ്വയം അശക്തയായി മാറിയ തെരേസ മേയ്ക്ക് ഇനി എത്രകാലം അധികാരത്തിൽ തുടരാനാകുമെന്നു കണ്ടറിയണമെന്നാണു വിമതനീക്കത്തിനു ചുക്കാൻ പിടിക്കുന്നവരുടെ അഭിപ്രായം. പാർട്ടി സമ്മേളനത്തിലാകെ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ പുലർത്തിയ മാനസിക ആധിപത്യം പാർട്ടിയിലെ ശാക്തിക ബലാബലത്തിന്റെ സൂചനയുമായി. സർക്കാരിനെ പരോക്ഷമായി വിമർശിച്ചു കഴിഞ്ഞദിവസങ്ങളിൽ ബോറിസ് ജോൺസൺ എഴുതിയ ലേഖനങ്ങളും നടത്തിയ പരാമർശങ്ങളും സമ്മേളനത്തിൽ ചോദ്യംചെയ്യാൻ പോലും ആരുമുണ്ടായില്ല. പ്രധാനമന്ത്രിയെ ശക്തമായി പ്രതിരോധിച്ചു രംഗത്തുവരാൻ പാർട്ടിയിൽ ആരും ഇല്ലെന്നതിന്റെ വ്യക്തമായ തെളിവായി ഇത്.