Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശസ്ത ബോളിവുഡ് സംവിധായകൻ കുന്ദൻ ഷാ അന്തരിച്ചു

Kundan Shah

മുംബൈ∙ ദേശീയ അവാർഡ് ജേതാവായ പ്രശസ്ത ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ കുന്ദന്‍ ഷാ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം.

ജാനേ ഭി ദോ യാരോ (1983), കഭി ഹാന്‍ കഭി നാ (1993) തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. ജാനേ ഭി ദോ യാരോ എന്ന ആദ്യചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി. ഇന്ത്യന്‍ സിനിമയിലെ മികച്ച ആക്ഷേപഹാസ്യ ചിത്രങ്ങളിലൊന്നായാണ് ജാനേ ഭി ദോ യാരോ എണ്ണപ്പെടുന്നത്.

പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു (എഫ്ടിഐഐ) സംവിധാനം പഠിച്ചിറിങ്ങിയ ഷാ, തന്റെ ഏക ദേശീയ പുരസ്കാരം 2015ൽ തിരിച്ചു കൊടുത്തിരുന്നു. ഗജേന്ദ്ര ചൗഹാനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് അവാർഡ് മടക്കി നൽകിയത്. 2010ൽ കേരളത്തിന്റെ മൂന്നാം രാജ്യാന്തര ഡോക്യുമെന്ററി–ഹ്രസ്വചിത്ര മേളയിലെ ഷോർട്ഫിലിം വിഭാഗത്തിന്റെ ജൂറി തലവനായിരുന്നു ഇദ്ദേഹം.

ദൂരദര്‍ശനിലെ ജനപ്രിയ പരമ്പരകളായ നുക്കഡ്, ആര്‍.കെ.ലക്ഷ്മണിന്റെ ‘കോമൺമാൻ’ ആസ്പദമാക്കി ഒരുക്കിയ 'വാഗ്‌ലെ കി ദുനിയ' എന്നിവയും സംവിധാനം ചെയ്തു. തിരിച്ചുവരവിൽ സെയ്ഫ് അലി ഖാൻ, പ്രീതി സിന്റ എന്നിവരെ വച്ചെടുത്ത ക്യാ കെഹ്ന (2000) വലിയ ഹിറ്റ് ആയിരുന്നു. കുന്ദൻ ഷായുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹേഷ് ഭട്ട്, സുഭാഷ് ഘായ് തുടങ്ങിയവർ‌ അനുശോചിച്ചു.