Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിട്ടുകൊടുക്കില്ല, വെല്ലുവിളി നേരിടുമെന്ന് തെരേസ മേ; മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും

Theresa May

ലണ്ടൻ∙ പാർട്ടിയിൽ തനിക്കെതിരായ വിമതനീക്കങ്ങളെ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. സമചിത്തതയാണ് മുഖമുദ്രയെങ്കിലും എളുപ്പത്തിൽ പരാജയം സമ്മതിക്കുന്ന ആളല്ല താനെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് തെരേസ മേയുടെ പടപുറപ്പാട്. എല്ലാകാര്യത്തിലും നിശ്ചയദാർഢ്യമുള്ള വ്യക്തിത്വമാണ് തന്റേതെന്നും വിമതനീക്കങ്ങളോടു പ്രതികരിക്കവേ തെരേസ മേ പറഞ്ഞു. സൺഡേ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രധാനമന്ത്രി വിമത നീക്കങ്ങൾക്കെതിരായ തന്റെ തുറന്ന സമീപനം വ്യക്തമാക്കിയത്. 

ഇതിനിടെ വിമത നീക്കങ്ങൾക്കു കടിഞ്ഞാണിടാൻ തെരേസ മേ ഈയാഴ്ചയോ അടുത്തയാഴ്ച ആദ്യമോ കാബിനറ്റ് പുനഃസംഘടിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്. സർക്കാരിനെ ഒളിഞ്ഞും തെളിഞ്ഞും വിമർശിച്ച് വിമതർക്ക് എല്ലാ വഴിമരുന്നും ഇട്ടുനൽകുന്ന വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണെ മന്ത്രിസഭയിൽനിന്നും പുറത്താക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ വിമത നീക്കം ശക്തമായതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്കു പിന്നിൽ എല്ലാ മന്ത്രിമാരും ഉറച്ചുനിൽക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് ബോറിസ് ജോൺസൺ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയെ വിമർശിക്കുന്നവർ ഈ അസംബന്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ, പ്രധാനമന്ത്രിയെ പരോക്ഷമായി വിമർശിച്ച് ബോറിസ് ജോൺസൺ എഴുതിയ ലേഖനങ്ങളാണ് വിമതർക്ക് പരസ്യമായി രംഗത്തുവരാൻ ശക്തിപകർന്നത് എന്നകാര്യം സുവ്യക്തമാണ്.  

അഞ്ച് മുൻ കാബിനറ്റ് മന്ത്രിമാരുടെ നേതൃത്വത്തിൽ മുപ്പതോളം ടോറി എംപിമാരാണ് ബ്രിട്ടനിൽ പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരേ വിമതനീക്കത്തിനു തയാറെടുക്കുന്നത്.  ക്രിസ്മസിനു മുമ്പ് തെരേസ മേയെ പുറത്തു ചാടിച്ച് പുതിയ പ്രധാനമന്ത്രിയെ വാഴിക്കാനാണ് ഇവരുടെ നീക്കം. കൺസർവേറ്റീവ് പാർട്ടിയുടെ മുൻ ചെയർമാൻ ഗ്രാന്റ് ഷാപ്സ് പരസ്യമായി കഴിഞ്ഞദിവസം നേതൃമാറ്റം ആവശ്യപ്പെടുകയും ചെയ്തു. നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് അനിവാര്യമാണെന്നായിരുന്നു ഷാപ്സ് അഭിപ്രായപ്പെട്ടത്. 

കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ സമാപിച്ച ടോറി പാർട്ടിയുടെ വാർഷികയോഗത്തിനു ശേഷമാണ് തെരേസ മേയ്ക്കെതിരേ വിമതനീക്കം ശക്തമായത്. പ്രധാനമന്ത്രിക്കെതിരേ അവിശ്വാസം രേഖപ്പെടുത്താൽ 316 എംപിമാരിൽ 48 പേരുടെ പിന്തുണ അനിവാര്യമാണ്. ഇത് സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് വിമതർ. ഇതു സാധ്യമായാലുടൻ വിമതനീക്കം ശക്തമാക്കി രംഗത്തുവരാനാണ് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള തെരേസ വിരുദ്ധരുടെ നീക്കം.