Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണികളുടെ ആരവങ്ങളിലൂടെ ശശികല ജയിലിലേക്ക്; മോദിയെ കണ്ട് പനീർ സെൽവം

sasikala ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ വാഹനത്തിലിരുന്ന് അണികളെ അഭിവാദ്യം ചെയ്യുന്ന വി.കെ.ശശികല.

ചെന്നൈ/ന്യൂഡൽഹി∙ പരോൾ കാലാവധി അവസാനിച്ചതിനെത്തുടർന്ന് അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികല തിരികെ ജയിലിൽ. ഭർത്താവ് നടരാജന്റെ കരൾ, വൃക്ക ശസ്ത്രക്രിയയെത്തുടർന്നാണ് ശശികലയ്ക്ക് വെള്ളിയാഴ്ച മുതൽ പരോൾ അനുവദിച്ചത്.

അനധികൃത സ്വത്തു സമ്പാദനക്കേസിലാണ് ശശികല ജയിൽ ശിക്ഷ അനുഭവിക്കുന്നത്. പരോൾ കാലാവധി ബുധനാഴ്ച അവസാനിച്ചതിനെത്തുടർന്ന് ബെംഗളൂരു പാരപ്പന അഗ്രഹാര ജയിലിലേക്ക് റോഡുമാര്‍ഗമാണ് ശശികല പോയത്. സംസ്ഥാന അതിർത്തി വരെ മുപ്പതോളം വാഹനങ്ങൾ ശശികലയുടെ വാഹനത്തിന് അകമ്പടി സേവിച്ചു.

ഒട്ടേറെ അണികൾ പാർട്ടി പതാകയുമായി വഴിനീളെ ശശികലയെ കാത്തു നിന്നിരുന്നു. ആരതിയുഴിഞ്ഞാണ് ചിലയിടത്ത് വനിതാപ്രവർത്തകർ സ്വീകരിച്ചത്. എന്നാൽ അണികളെ വാഹനത്തിലിരുന്ന് അഭിവാദ്യം ചെയ്യുക മാത്രമാണ് ശശികല ചെയ്തത്. ‘ചിന്നമ്മ’യ്ക്കായി കാത്തിരിക്കുയാണെന്നും ചിലർ വിളിച്ചു പറയുന്നുണ്ടായിരുന്നു.

അണ്ണാഡിഎംകെ വിമത നേതാവും ബന്ധുവുമായ ടിടിവി ദിനകരനും ബെംഗളൂരുവിലേക്ക് ശശികലയെ അനുഗമിച്ചു. ചെന്നൈ ടി നഗറിലുള്ള അടുത്ത ബന്ധു കൃഷ്ണ പ്രിയയുടെ വീട്ടിലായിരുന്നു പരോൾകാലത്ത് ശശികലയുടെ താമസം. പരോളായി അനുവദിച്ച അഞ്ചു ദിവസവും ശശികല ഭർത്താവിനെ കാണാൻ ആശുപത്രിയിലെത്തിയിരുന്നു. നടരാജന്റെ നില ഭേദപ്പെട്ടു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഒട്ടേറെ വനിതാപ്രവർത്തകർ തങ്ങളുടെ നവജാത ശിശുക്കളുമായെത്തി കുഞ്ഞിനു പേരിടാനും ശശികലയോട് ആവശ്യപ്പെട്ടിരുന്നു. പരോൾ കാലത്തെ അഞ്ചു ദിവസവും ഇത് തുടർന്നു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് ബെംഗളൂരു ജയിലിൽ ശശികല എത്തിയത്. പരോൾ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

മുഖ്യമന്ത്രി കെ.പളനിസാമിയുടെയും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെയും നേതൃത്വത്തിൽ കഴിഞ്ഞമാസം ശശികലയെ അണ്ണാഡിഎംകെയില്‍ നിന്നു പുറത്താക്കിയിരുന്നു. അതിനിടെ പനീർസെൽവം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാനത്തിന് ആവശ്യത്തിന് കൽക്കരി അനുവദിക്കുന്നത് ഉൾപ്പെടെ തമിഴ്നാടിന്റെ വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിക്കാനായിരുന്നു കൂടിക്കാഴ്ച. അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നം ആർക്കു നൽകണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനമെടുക്കാനിരിക്കെയാണ് ഈ കൂടിക്കാഴ്ച.

അതേസമയം സംസ്ഥാനരാഷ്ട്രീയം സംബന്ധിച്ച യാതൊന്നും സംസാരിച്ചില്ലെന്ന് പനീർസെൽവം വ്യക്തമാക്കി. ടിടിവി ദിനകരൻ പക്ഷവുമായി ചർച്ചയ്ക്കില്ലെന്നും പനീർസെൽവം പരോക്ഷമായി വ്യക്തമാക്കി. പാർട്ടിയുടെ ഉന്നതസ്ഥാനത്തെത്താൻ ഏതു പ്രവർത്തകനാണെങ്കിലും കഠിനാധ്വാനം ചെയ്യണമെന്നായിരുന്നു ഇതുസംബന്ധിച്ച് പനീർസെൽവത്തിൽ മറുപടി.