Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലക്കവെള്ളമായി തമിഴ്നാട് രാഷ്ട്രീയം; ആരു മീൻ പിടിക്കും?

Panneer Selvam, Palaniswami, Stalin, Azhagiri പനീർസെൽവം, പളനിസാമി, സ്റ്റാലിൻ, അഴഗിരി

പ്രതാപത്തിന്റെ നട്ടുച്ച പിന്നിട്ടെങ്കിലും നിലവിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ വെളിച്ചം കൂടുതൽ ഡിഎംകെയുടെ ഉദയസൂര്യനുതന്നെയാണ്. അരനൂറ്റാണ്ടുകാലം പാർട്ടിയുടെ വിളക്കായിരുന്ന കരുണാനിധിയുടെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താനുള്ള തീവ്രശ്രമത്തിലാണു പുതിയ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ. മൂത്ത സഹോദരൻ എം.കെ.അഴഗിരി ഇടയ്ക്കു കലാപമുയർത്തിയെങ്കിലും ഇപ്പോൾ നിശ്ശബ്ദൻ. തെക്കൻ തമിഴ്നാട്ടിൽ അഴഗിരിക്കു സ്വാധീനമുണ്ടെന്ന ധാരണയ്ക്കിടയിലും പാർട്ടിയിൽ എതിർപ്പിന്റെ ഇലയനക്കം പോലുമില്ലാതെയാണു സ്റ്റാലിൻ പ്രസിഡന്റ് പദമേറിയത്. 

ദേശീയതലത്തിൽ പ്രതിപക്ഷ വിശാലസഖ്യത്തിലെ നിർണായക സാന്നിധ്യമായ ഡിഎംകെ, സംസ്ഥാനത്തും വിശാലസഖ്യത്തിന്റെ പണിപ്പുരയിലാണ്. സഖ്യകക്ഷികളായ കോൺഗ്രസ്, മുസ്‌ലിം ലീഗ് എന്നിവയ്ക്കൊപ്പം വൈകോയുടെ എംഡിഎംകെ തിരുമാവളവന്റെ വിസികെ, ഇടതു പാർട്ടികൾ എന്നിവയെല്ലാം സഖ്യസന്നദ്ധത അറിയിച്ചു കഴിഞ്ഞു. 

കാറ്റു മാറിവീശുന്നതു തിരിച്ചറിഞ്ഞാണ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡിഎംകെയോട് അകന്നുനിന്ന പല പാർട്ടികളും സൗഹൃദദൂതുമായെത്തുന്നത്. അനുകൂല സാഹചര്യങ്ങൾക്കിടയിലും രണ്ടു ഘടകങ്ങൾ ഡിഎംകെയെ ആശങ്കപ്പെടുത്തുന്നു: 2009 പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം തുടരുന്ന പരാജയ പരമ്പരകളാണ് ഒന്ന്. ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശു നഷ്ടപ്പെട്ടത് ആ മുറിവിലെ ഉപ്പുപുരട്ടലായിരുന്നു. സ്റ്റാലിന്റെ നേതൃത്വത്തിൽ പാർട്ടിക്കു ജയിക്കാനാകുമെന്നു തെളിയിക്കാനുള്ള വെല്ലുവിളി കൂടിയാണ്  ഡിഎംകെയെ കാത്തിരിക്കുന്നത്.

അധികാരമാറ്റത്തിന്റെ മണമടിച്ചതോടെ തലപൊക്കിയ പാർട്ടിയിലെ ഗുണ്ടകളാണ് മറ്റൊരു ആശങ്ക. അർധരാത്രി ബിരിയാണി ചോദിച്ചെത്തിയ പ്രവർത്തകർ ഹോട്ടൽ തല്ലിത്തകർത്തതും ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീയെ പ്രാദേശിക നേതാവ് തല്ലിച്ചതച്ചതും കഴിഞ്ഞ ദിവസം നടന്ന രാജ്ഭവൻ മാർച്ചിനിടെ മാധ്യമപ്രവ‍ർത്തകനെതിരെ ഉണ്ടായ അക്രമവുമെല്ലാം ഉദാഹരണം. ഡിഎംകെയ്ക്ക് ഒപ്പം പ്രാദേശിക നേതാക്കളുടെ ഗുണ്ടാഭരണവും തിരിച്ചുവരുമെന്ന മുറുമുറുപ്പുകൾ ചെന്നൈയിലെ വ്യാപാരികൾക്കിടയിൽ ഉയർന്നുതുടങ്ങി.

കരുണാനിധി ആശുപത്രിയിൽ അത്യാസന്നനിലയിൽ കിടക്കുമ്പോഴും, പാർട്ടി പ്രവർത്തകർ തല്ലിത്തകർത്ത ഹോട്ടൽ ഉടമയോടു സ്റ്റാലിൻ നേരിട്ടെത്തി ക്ഷമ ചോദിച്ചത് അത്തരം ചീത്തപ്പേരുകൾ പാർട്ടിക്കുണ്ടാക്കുന്ന ഉത്കണ്ഠ മൂലമാകാം. 

പാർലമെന്റ് തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയാൽ കേന്ദ്ര സർക്കാർ രൂപീകരണത്തിൽ നിർണായക പങ്ക് ഉണ്ടാകുമെന്ന ധാരണ ഡിഎംകെയ്ക്കു ഗുണം ചെയ്യും. ജയലളിത പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന അണ്ണാ ഡിഎംകെയുടെ രഹസ്യപ്രചാരണം കൂടിയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 39ൽ 37 സീറ്റും നേടാൻ അവരെ സഹായിച്ചത്. 

ഒരു നിശ്ചയവുമില്ലാതെ അണ്ണാഡിഎംകെ

അമ്മ പോയ വീടിന്റെ അവസ്ഥയിൽത്തന്നെയാണ് ഇപ്പോഴും അണ്ണാ ഡിഎംകെ. ഏച്ചുകെട്ടിയ ഒപിഎസ് - ഇപിഎസ് ലയനം ഇപ്പോഴും പാർട്ടിയിലും സർക്കാരിലും മുഴച്ചു നിൽക്കുന്നു. കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും തണൽ നഷ്ടപ്പെട്ടതോടെ, തുടർച്ചയായ തിരിച്ചടികൾ. മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ പ്രമുഖർക്കുമെതിരായ അഴിമതി ആരോപണങ്ങൾ. ഇതിനിടെ, ടി.ടി.വി.ദിനകരൻ ഉയർത്തുന്ന വെല്ലുവിളിയും. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രസക്തി നഷ്ടപ്പെടാതിരിക്കാനാണ് ഇപ്പോൾ പാർട്ടിയുടെ ശ്രമം. ഭരണം നഷ്ടപ്പെട്ടാൽ പാർട്ടിയുടെ സ്ഥിതിയെന്താകുമെന്ന് ആർക്കും നിശ്ചയമില്ല. 

ബിജെപിയുമായി ഇപ്പോൾ നല്ല ബന്ധത്തിലല്ലെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മറുവശത്ത് ഡിഎംകെ വിശാല‌സഖ്യവുമായി അണിനിരക്കുമ്പോൾ ബിജെപി മാത്രമാണ് അണ്ണാ ഡ‍ിഎംകെയ്ക്ക് ആശ്രയം. പാർട്ടി അതീവ ദുർബലമായതിനാൽ കൂടുതൽ സീറ്റ് ഉൾപ്പെടെയുള്ള വിട്ടുവീഴ്ചകൾക്കും തയാറാകേണ്ടിവരും. 

തെക്കൻ തമിഴ്നാട്ടിലെ സ്വന്തം ശക്തികേന്ദ്രങ്ങളിൽ സജീവമായി രംഗത്തുണ്ടെങ്കിലും കേസുകൾ വിടാതെ പിന്തുടരുന്നതാണു ടി.ടി.വി.ദിനകരന്റെ തലവേദന. ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ലഭിക്കാനായി തിരഞ്ഞെടുപ്പ് കമ്മിഷനു കൈക്കൂലി നൽകാൻ ശ്രമിച്ച കേസിലെ വിചാരണ കഴിഞ്ഞദിവസം ഡൽഹി കോടതിയിൽ തുടങ്ങിക്കഴിഞ്ഞു. വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ, അയോഗ്യരാക്കപ്പെട്ട 18 എംഎൽഎമാരിൽ എത്രപേർ കൂടെ നിൽക്കുമെന്ന ആശങ്കയുമുണ്ട്. എങ്കിലും, ദിനകരന്റെ വഴി തനിവഴിയായതിനാൽ എഴുതിത്തള്ളാനാവില്ല.

മനസ്സു തുറക്കാതെ പിഎംകെ, ഡിഎംഡികെ

സ്വന്തമായി വോട്ടുബാങ്കുള്ള വിജയകാന്തിന്റെ ഡിഎംഡികെയും എസ്.രാംദാസിന്റെ പിഎംകെയും ഇതുവരെ മനസ്സു തുറന്നിട്ടില്ല. ഇരു കക്ഷികളും പഴയ പ്രതാപത്തിലല്ല താനും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമായിരുന്ന ഇരുപാർട്ടികളും കാവിക്കൂടാരം വിട്ടുകഴിഞ്ഞു. 

ഡിഎംകെയുമായുള്ള സഖ്യത്തിന് പിഎംകെ അർധസമ്മതം മൂളിയിട്ടുണ്ട്. രോഗബാധിതനായ വിജയകാന്തിൽനിന്നു ഭാര്യ പ്രേമലത നേതൃത്വം ഏറ്റെടുത്ത ഡിഎംഡികെ ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല. സീമാന്റെ നാം തമിഴർ കക്ഷി ഒറ്റയ്ക്കു മൽസരിക്കാനാണു സാധ്യത.  

വോട്ടിനു  ജാതിയുണ്ട്

ജാതിക്കും മതത്തിനുമെതിരായ മുന്നേറ്റമായി രൂപംകൊണ്ട ദ്രാവിഡ പാർട്ടികൾ 50 കൊല്ലമായി ഭരിക്കുന്ന സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകൾ ഇന്നും ജാതിമുക്തമല്ല. ജാതിസമവാക്യങ്ങളിലേക്കു കടക്കുമ്പോൾ അണ്ണാ ഡിഎംകെയ്ക്ക് ആശ്വാസത്തിനും ആശങ്കയ്ക്കും വകയുണ്ട്. തെക്കൻ ജില്ലകളിൽ ശക്തമായ സ്വാധീനമുള്ള തേവർ സമുദായം അവരുടെ ഉറച്ച വോട്ടുബാങ്കാണ്. ടി.ടി.വി.ദിനകരൻ അതു ചോർത്തുമോയെന്നതാണ് ആശങ്ക.

പശ്ചിമ മേഖലയിലെ പ്രബലരായ ഗൗണ്ടർമാരും ഒറ്റക്കെട്ടായി അണ്ണാ ഡിഎംകെയ്ക്കു പിന്നിൽ അണിനിരക്കാനുള്ള സാധ്യത തള്ളാനാവില്ല. സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായി  മുഖ്യമന്ത്രിക്കസേരയിലിരിക്കുന്ന ഗൗണ്ടർ സമുദായാംഗമാണ് എടപ്പാടി കെ. പളനിസാമി എന്നതാണു കാരണം. 

ഇതിനൊരു മറുവശമുണ്ട്.  കെ.കാമരാജ് അല്ലാതെ, സമീപ കാലത്തൊന്നും പ്രബല സമുദായത്തിൽ നിന്നൊരാൾ തമിഴ്നാടിന്റെ മുഖ്യമന്ത്രിക്കസേരയിലിരുന്നിട്ടില്ല. ജയലളിതയ്ക്കു പകരക്കാരനായി പനീർസെൽവം കുറച്ചുകാലം ഇരുന്നതു മാത്രമാണ് അപവാദം. മറ്റു പ്രബല സമുദായങ്ങളുടെ എതിർപ്പ് ഉയർന്നുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

തമിഴ്നാട് രാഷ്ട്രീയം ആകെ കലങ്ങിമറിഞ്ഞ നിലയിലാണ്. ആ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർക്കു ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ദേശീയ രാഷ്ട്രീയത്തിൽ മുഖ്യ പങ്കുവഹിക്കാനുണ്ടാകും. പുതുച്ചേരിയിലെ ഒന്നടക്കം 40 സീറ്റുകളാണ് ഈ കലക്കവെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്.

ലേറ്റായെങ്കിലും വരുമോ രജനി?

ടീസറുകൾ ഗംഭീരമായിരുന്നെങ്കിലും രജനീകാന്ത്, കമൽ ഹാസൻ എന്നിവരുടെ രാഷ്ട്രീയ വിളംബരം പ്രതീക്ഷിച്ചതുപോലെ ഹിറ്റായിട്ടില്ല. കമൽ പാർട്ടി പ്രഖ്യാപിച്ചു സംസ്ഥാനമൊട്ടാകെ വിയർപ്പൊഴുക്കി ഓടിനടക്കുന്നുണ്ടെങ്കിലും ജനപിന്തുണയുടെ കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നു. 

അമ്മാത്തുനിന്നു പുറപ്പെട്ട രജനീകാന്ത് ഇനിയും ഇല്ലത്തേക്ക് എത്തിയിട്ടില്ല. അനന്തമായി നീണ്ടുപോകുന്ന സിനിമാ റിലീസ് പോലെ രജനിയുടെ പാർട്ടിപ്രഖ്യാപനം നീളുന്നു. ലേറ്റും ലേറ്റസ്റ്റും കഴിഞ്ഞിട്ടും തലൈവർ വരുന്നില്ലല്ലോയെന്ന് ആരാധകർ പറഞ്ഞു തുടങ്ങിയിരിക്കുന്നു.