Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.ടി.ചാക്കോയെ അപമാനിച്ചവർക്ക് കാലം കാത്തുവച്ചത് സരിതയുടെ മൊഴികൾ: ജോർജ്

PC George

കോട്ടയം∙ കോൺഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയെ സ്ത്രീവിഷയത്തിൽ തേജോവധം ചെയ്തവർ ഇന്നു സരിതയുടെ വെളിപ്പെടുത്തലോടെ മാളത്തിൽ ഒളിച്ചിരിക്കുകയാണെന്നു പി.സി. ജോർജ് എംഎൽഎ. ‘പീച്ചി സംഭവമെന്നു’ പേരിട്ടു പി.ടി. ചാക്കോയെ ഹീനമായി വേട്ടയാടുകയായിരുന്നു. രാഷ്ട്രീയം ഉപേക്ഷിച്ച അദ്ദേഹം അപമാനഭാരത്തോടെയാണ് ഈ ലോകത്തോടു വിടപറഞ്ഞതെന്നും സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ ജോർജ് വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണരൂപം:

63 വർഷം മുൻപ് പി.ടി. ചാക്കോ എന്ന കോൺഗ്രസ് നേതാവ് തന്നെക്കാൾ 12 വയസ് പ്രായം കൂടുതലുള്ള ഒരു വനിതാ കെപിസിസി മെമ്പറോടൊപ്പം കാറിൽ യാത്ര ചെയ്തു. അതിന്റെ പേരിൽ അന്നത്തെ കോൺഗ്രസിന്റെ ഒരു പറ്റം നേതാക്കന്മാരും അനുയായികളും അദ്ദേഹത്തെ തേജോവധം ചെയ്തു, അവഹേളിച്ചു. "പീച്ചി സംഭവമെന്ന്" പേരിട്ടു നാണംകെടുത്തി നാടിനും കർഷകർക്കും വേണ്ടി പൊതുജീവിതമുഴിഞ്ഞുവച്ച അദ്ദേഹത്തെ ഹീനമായി രഷ്ട്രീയമൃഗങ്ങൾ വേട്ടയാടി. മന്ത്രിസ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച ആ മനുഷ്യൻ ഹൃദയസ്തഭനം മൂലം അപമാന ഭാരത്തോടെ ഈ ലോകത്തോടു വിട പറഞ്ഞു. അന്ന് അദ്ദേഹത്തെ സ്ത്രീ വിഷയത്തിൽ അവഹേളിച്ച് ഈ ലോകത്തുനിന്ന് ആട്ടിപായിച്ചവർ സരിത എന്ന സ്ത്രീയുടെ വെളിപ്പെടുത്തലിനു മുന്നിൽ അപമാന ഭാരത്താൽ തല ഉയർത്താൻ കഴിയാതെ മാളത്തിൽ ഒളിച്ചിരിക്കുന്നു.

ഹാ കഷ്ടം!!

വിധിയാണിത്; ദൈവഹിതവും ശാപവും തടുത്തു നിർത്താനാവില്ല. അതുപോലെ തന്നെയാണു കാലം കാത്തിരുന്നു കരുതിവയ്ക്കുന്ന നീതിയും... അതു നിറവേറ്റപ്പെടുകതന്നെ ചെയ്യും...