Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോപണങ്ങൾ കൊണ്ടു മാത്രം ഒരാൾ കുറ്റക്കാരനാവില്ലെന്നു കോടിയേരി

Kodiyeri Balakrishnan

കാസർകോട്∙ തോമസ് ചാണ്ടിയുടെ കാര്യത്തിൽ, ആരോപണങ്ങൾ കൊണ്ടു മാത്രം ഒരാളെ കുറ്റക്കാരനായി കാണാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സോളർ റിപ്പോർട്ടിലേതും പരാതിക്കാരിയുടെ ആരോപണങ്ങൾ മാത്രമല്ലേ എന്ന മറുചോദ്യത്തിന്, ആരോപണം മാത്രമാണോ എന്ന കാര്യം റിപ്പോർട്ട് വരുമ്പോൾ നോക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാസർകോട് മാധ്യമ പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സോളർ കമ്മിഷൻ റിപ്പോർട്ടിന്റെ കാര്യത്തിൽ കോൺഗ്രസിൽ കെട്ടുറപ്പില്ലെന്നും വി.എം. സുധീരൻ പരസ്യമായി രംഗത്തു വന്നത് ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ ചെയ്യുന്നതെല്ലാം നിയമാനുസൃതമാണ്. ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ കരുതലെടുക്കണം. അതുകൊണ്ടാണു കൂടുതൽ നിയമജ്ഞരുമായി സർക്കാർ ആശയവിനിമയം നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.

രാജസ്ഥാനിൽ മുഖ്യമന്ത്രിക്കെതിരെ വന്ന ആരോപണത്തിൽനിന്നു രക്ഷപ്പെടാനാണ് ജനപ്രതിനിധികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കണമെങ്കിൽ മുൻകൂർ അനുമതി വേണമെന്ന ചട്ടം കൊണ്ടു വന്നത്. ഇത്തരത്തിൽ നിയമവാഴ്ചയെ പോലും വെല്ലുവിളിക്കുകയാണു ബിജെപി സർക്കാരുകൾ. മോദിയുടെ പരിപാടികൾ തീരുന്നതു വരെ ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രഖ്യാപനം നീട്ടിക്കൊണ്ടു പോകുന്നതും ദുരൂഹമാണ്. മോദിയുടെ സെക്രട്ടറിയായി പ്രവർത്തിച്ച കമ്മിഷൻ ചെയർമാൻ ഇംഗിതങ്ങൾക്കു വഴങ്ങിക്കൊടുക്കുകയാണ്.

സെൻസർ ബോർഡിന്റെ അനുമതി കിട്ടിയ മെർസൽ എന്ന തമിഴ് സിനിമയിൽനിന്നു പരാമർശങ്ങൾ നീക്കണമെന്നു കേന്ദ്രം ഭരിക്കുന്നവർ പറയുന്നത് ഫാസിസ്റ്റ് രീതിയാണ്. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ പാടില്ലെന്ന സന്ദേശം നൽകുന്ന ബിജെപി ആവിഷ്കാര സ്വാതന്ത്ര്യം നീക്കം ചെയ്യാനുള്ള ശ്രമത്തിലാണെന്നും കോടിയേരി പറഞ്ഞു.  

related stories