ഐകെഎം ഡപ്യൂട്ടി ഡയറക്ടർ നിയമനം: കോടിയേരി ഇടപെട്ടെന്ന് ഫിറോസ്

PK-Firoz
SHARE

കോഴിക്കോട് ∙ സിപിഎം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരപുത്രനും സിപിഐ കൺട്രോൾ കമ്മിഷൻ മുൻ അംഗം ദാമോദരൻ നായരുടെ മകനുമായ ഡി.എസ്.നീലകണ്ഠനെ ഇൻഫർമേഷൻ കേരള മിഷനിൽ (ഐകെഎം) ഡപ്യൂട്ടി ഡയറക്ടറായി നിയമിക്കാൻ കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് രംഗത്ത്.

സിപിഎമ്മും സിപിഐയും ഉൾപ്പെട്ട ഈ നിയമന വിവാദം പുറത്തുപറയുമെന്നു ബ്ലാക്ക്മെയിൽ ചെയ്താണു ബന്ധുനിയമന വിവാദത്തിൽ കുരുക്കിലായ മന്ത്രി കെ.ടി.ജലീൽ, സിപിഎമ്മിനെയും കോടിയേരിയെയും ഒപ്പം നിർത്തിയതെന്നും ഫിറോസ് ആരോപിച്ചു. ജലീൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴാണു വിവാദ നിയമനം നടന്നതെന്നു ഫിറോസ് പറഞ്ഞു. ഡപ്യൂട്ടി ഡയറക്ടർ (ടെക്നിക്കൽ) എന്ന തസ്തികയിലേക്കാണു നിയമനം നടത്തിയത്. വിദ്യാഭ്യാസ യോഗ്യതയുടെയും ജോലി പരിചയത്തിന്റെയും അടിസ്ഥാനത്തിലുള്ള മാർക്കിൽ മറ്റൊരു ഉദ്യോഗാർഥിയായിരുന്നു ഒന്നാമത്. എന്നാൽ, ഇന്റ‍ർവ്യൂവിൽ അദ്ദേഹത്തിനു മാർക്ക് കുറച്ചു. നീലകണ്ഠനു കൂടുതൽ മാർക്ക് നൽകുകയും ചെയ്തു.

ഒരു ലക്ഷം രൂപ ശമ്പളത്തിലാണു നിയമനം നൽകിയത്. സാധാരണ ഒരു വർഷത്തേക്കാണു സർക്കാരിന്റെ കരാർ നിയമനമെങ്കിൽ, നീലകണ്ഠന്റെ കാര്യത്തിൽ 5 വർഷത്തേക്കാണു കരാറിൽ ഒപ്പിട്ടതെന്നും ഫിറോസ് ആരോപിച്ചു. സാംബശിവ റാവുവായിരുന്നു അന്ന് ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടർ. നീലകണ്ഠനു 10% വാർഷിക ഇൻക്രിമെന്റ് നൽകാൻ തീരുമാനിച്ചതു ചട്ടവിരുദ്ധമായാണെന്നും അദ്ദേഹം പറഞ്ഞു. ഡപ്യൂട്ടി ഡയറക്ടർ തസ്തികയിൽ കരാർ നിയമനം നടത്തിയതിനു ധനവകുപ്പിന്റെ അംഗീകാരമില്ലെന്നു വിവരാവകാശ രേഖകളിലൂടെ തെളിഞ്ഞതായും  ആരോപിച്ചു.

ജലീലിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.രാഘവനാണു നിയമനത്തിനു ചരടുവലി നടത്തിയതെന്നു ഫിറോസ് ആരോപിച്ചു. കോടിയേരി മന്ത്രിയായിരുന്നപ്പോൾ സ്റ്റാഫിലുണ്ടായിരുന്ന രാഘവൻ അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണു നിയമനത്തിൽ ഇടപെട്ടത്. ബന്ധുനിയമന വിവാദത്തിൽ കുരുക്കിലായപ്പോൾ ജലീലിനെ പിന്തുണയ്ക്കാൻ ആദ്യം സിപിഎം തയാറായിരുന്നില്ല. ജലീൽ കോടിയേരിയെ സന്ദർശിച്ച് ഐകെഎമ്മിലെ നിയമനത്തിന്റെ കാര്യം പറഞ്ഞതോടെയാണു പാർട്ടിയുടെ പിന്തുണ മന്ത്രിക്ക് ഉറപ്പായതെന്നും ഫിറോസ് പറഞ്ഞു.

ആരോപണം തള്ളി ജലീലും കോലിയക്കോടും

തിരുവനന്തപുരം∙ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസിന്റെ ആരോപണം തള്ളി മന്ത്രി കെ.ടി.ജലീലും സിപിഎം സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണൻ നായരും. ആരോപണം മറുപടിയർഹിക്കുന്നില്ലെന്നു ജലീൽ പറഞ്ഞു. സഹോദരന്റെ മകന്റെ നിയമനമാവശ്യപ്പെട്ടു കോടിയേരി ബാലകൃഷ്ണനെയോ നേതാക്കളെയോ കണ്ടിട്ടില്ലെന്നു കോലിയക്കോട് കൃഷ്ണൻ നായർ പറഞ്ഞു. പാർട്ടി ഇടപെട്ടിട്ടുണ്ടോയെന്ന് അവരോടു തന്നെ ചോദിക്കണം. ആരോപണം അടിസ്ഥാനരഹിതമാണെന്നു മന്ത്രി ഇ.പി.ജയരാജൻ പ്രതികരിച്ചു. വ്യക്തിവിരോധമാണ് ആരോപണത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA