Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സെക്സ് ടോയ്’ വാങ്ങിത്തരാൻ വനിതാ സെക്രട്ടറിയോട് മന്ത്രി; ബ്രിട്ടനിൽ വിവാദം

Mark-Garnier മാർക് ഗാർണിയെ (ഫയൽ ചിത്രം)

ലണ്ടൻ∙ വനിതാ സെക്രട്ടറിയോട് ലൈംഗിക വിനോദത്തിനുള്ള കളിപ്പാട്ടം വാങ്ങി നൽകാൻ ആവശ്യപ്പെട്ട മന്ത്രിക്കെതിരെ അന്വേഷണത്തിനു പ്രധാനമന്ത്രി തെരേസ മേയുടെ ഉത്തരവ്. രാഷ്ട്രീയ മേഖലയിലെ ലൈംഗികാപവാദങ്ങൾക്കു തടയിടാനുള്ള പ്രധാനമന്ത്രിയുടെ ശക്തമായ ശ്രമങ്ങൾക്കിടെയാണു സ്വന്തം മന്ത്രിസഭയ്ക്കകത്തു നിന്നു തന്നെ പുതിയ ആരോപണം വന്നിരിക്കുന്നത്.

രാജ്യാന്തര വ്യാപാര മന്ത്രിയായ മാർക് ഗാർണിയെക്കെതിരെയാണു പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. മാർക്കിന്റെ സെക്രട്ടറി കാരളിൻ എഡ്മണ്ട്സന്റേതാണ് പരാതി. രണ്ട് ‘സെക്സ് ടോയ്’ വാങ്ങി നൽകണമെന്ന് ആവശ്യപ്പെടുക മാത്രമല്ല, മന്ത്രി ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ‘മെയിലി’നു നൽകിയ അഭിമുഖത്തിൽ കാരളിൻ പറഞ്ഞു.

അതേസമയം ഒരു ടെലിവിഷൻ ഷോയെപ്പറ്റി സംസാരിക്കുന്നതിനിടെ അതുമായി ബന്ധപ്പെട്ടാണ് ലൈംഗികച്ചുവയോടെ സംസാരിച്ചതെന്നു മന്ത്രി തിരുത്തി. സെക്സ് ടോയ് വാങ്ങാൻ പറഞ്ഞത് തമാശയായി കണ്ടാൽ മതിയെന്നും മാർക്കിന്റെ വാക്കുകൾ. ഇത്തരം ഉപകരണങ്ങൾ വിൽക്കുന്ന കടയിലേക്ക് തന്നെ പറഞ്ഞുവിട്ട് മന്ത്രി പുറത്തു കാത്തു നിന്നതായും കാരളിന്‍ പറയുന്നു. ഇതാർക്കു വേണ്ടിയാണെന്ന് തന്നോടു പറയുകയും ചെയ്തു. ഈ സംഭവത്തെ തമാശയായി കാണാനാകില്ല. അത്തരത്തിലായിരുന്നില്ല മന്ത്രിയുടെ സംസാരമെന്നും കാരളിൻ പ്രതികരിച്ചു.

2010ൽ നടന്ന സംഭവം ഇപ്പോൾ പുറത്തുവിടുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് മാർക് പറയുന്നു. സംഭവത്തിന്മേൽ കൂടുതൽ പ്രതികരണത്തിനും അൻപത്തിമൂന്നുകാരനായ മന്ത്രി തയാറായിട്ടില്ല. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന മന്ത്രിമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. രാഷ്ട്രീയത്തിൽ ഇത്തരം സംഭവങ്ങൾ ഏറുകയാണെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സ്വഭാവത്തിന്റെ കാര്യത്തിൽ സർക്കാർ അനുശാസിച്ചിട്ടുള്ള മര്യാദ മന്ത്രി ലംഘിച്ചോ എന്നായിരിക്കും മാർക് വിഷയത്തിൽ പരിശോധിക്കുക. മറ്റു മന്ത്രിമാരും മാർക്കിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്‌ൻ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഒട്ടേറെ പേർ അടുത്തിടെ പരാതിപ്പെട്ടിരുന്നു.

തുടർച്ചയായി റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിൽ, ഒരുതരത്തിലുള്ള ലൈംഗികാക്രമണങ്ങളും വച്ചുപൊറുപ്പിക്കാകാനില്ലെന്ന് തെരേസ മേയ് പറഞ്ഞിരുന്നു. അതു രാഷ്ട്രീയത്തിലും അങ്ങനെത്തന്നെയാണെന്നും മേയ് വ്യക്തമാക്കുകയായിരുന്നു.