Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇസ്രയേൽ വിവാദം; ബ്രിട്ടിഷ് സർക്കാരിലെ ഇന്ത്യൻ മുഖം പ്രീതി പട്ടേൽ രാജിവച്ചു

Priti Patel

ലണ്ടൻ∙ ബ്രിട്ടനിലെ ഇന്റർനാഷനൽ ഡവലപ്മെന്റ് മന്ത്രിയും ഇന്ത്യൻ വംശജയുമായ പ്രീതി പട്ടേൽ രാജിവച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്രയേലിൽ സ്വകാര്യ സന്ദർശനത്തിനിടെ  ഇസ്രയേലിലെ രാഷ്ട്രീയ നേതൃത്വവുമായി ചർച്ച നടത്തിയതിനെത്തുടർന്നുള്ള വിവാദത്തിലാണ് പ്രീതിപട്ടേലിനു മന്ത്രിക്കസേര നഷ്ടമായത്. പ്രധാനമന്ത്രി തെരേസ മേ ഉൾപ്പെടെയുള്ള ഉന്നതർ അറിയാതെയായിരുന്നു കൂടിക്കാഴ്ച.

സെപ്റ്റംബറിൽ ഇതിനു തുടർച്ചയായി ചർച്ചകൾ നടത്തിയതും വാർത്തയായതോടെ ചട്ടവിരുദ്ധമായി പ്രവർത്തിച്ച മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആഫ്രിക്കയിലെ യുഗാണ്ടയിലായിരുന്ന മന്ത്രിയോട് സന്ദർശനം വെട്ടിച്ചുരുക്കി ഉടൻ ലണ്ടനിലെത്താൻ പ്രധാനമന്ത്രി തെരേസ മേ ആവശ്യപ്പെട്ടു. പിന്നാലെ രാജിയും നൽകി.

ഒരാഴ്ചയ്ക്കിടെ തെരേസ മേ സർക്കാരിൽനിന്നും രാജിവയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് പ്രീതി പട്ടേൽ. ലൈംഗികാപവാദത്തിൽ കുടുങ്ങി ഏതാനും ദിവസം മുമ്പാണ് തെരേസ മന്ത്രിസഭയിലെ മൂന്നാമനായി അറിയപ്പെട്ടിരുന്ന പ്രതിരോധമന്ത്രി സർ മൈക്കിൾ ഫാലൻ രാജിവച്ചത്. കൺസർവേറ്റീവ് പാർട്ടിയിലെ തലമുതിർന്ന നേതാവിന്റെ രാജിക്കു തൊട്ടുപിന്നാലെ മന്ത്രിസഭയിലെ ഏഷ്യൻ മുഖമായ പ്രീതിയും പുറത്താകുന്നത് പാർട്ടിക്കും സർക്കാരിനും കനത്ത രാഷ്ട്രീയനഷ്ടം തന്നെയാണ്.

സർക്കാരിന്റെ അനുമതിയില്ലാതെ ഇസ്രയേൽ അധികൃതരുമായി ഓഗസ്റ്റിൽ അനധികൃത ചർച്ചകൾ നടത്തിയതിനെക്കുറിച്ചു വിമർശനങ്ങളുയർന്നപ്പോൾതന്നെ പ്രധാനമന്ത്രി പ്രീതിയെ താക്കീത് ചെയ്തിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞദിവസം പ്രാധാനമന്ത്രിയോടു പ്രീതി മാപ്പുപറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെ വിഷയം തീർന്നു എന്നു കരുതവേയാണ് സെപ്റ്റംബറിലും പ്രീതി ഇത്തരം ചർച്ചകൾ തുടർന്നതായുള്ള വാർത്തകൾ പുറത്തുവന്നത്. വ്യക്തമായ വിശദീകരണം നൽകാനാകാത്ത ഈ കൂടിക്കാഴ്ചയുടെ വർത്തകൾ പ്രതിപക്ഷവും മാധ്യമങ്ങളും പൂർവാധികം ശക്തിയോടെ ഏറ്റെടുത്തതോടെയാണു പ്രീതി കുരുക്കിലായത്. വിദേശകാര്യമന്ത്രാലയമോ പ്രധാനമന്ത്രിയുടെ ഓഫിസോ അറിയാതെ പ്രീതി ഇസ്രയേൽ അധികൃതരുമായി ഒരു ഡസനോളം കൂടിക്കാഴ്ചകൾ നടത്തിയെന്നാണ് വാർത്തകൾ. ഇസ്രയേൽ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തിയ വിവരം പ്രീതിതന്നെ ട്വിറ്ററിലൂടെയും മറ്റും ചിത്രങ്ങൾ സഹിതം വെളിപ്പെടുത്തിയിട്ടുള്ളതിനാൽ ഇക്കാര്യം നിഷേധിക്കാനും ആകാത്ത സ്ഥിതിയായി.  

ഉഗാണ്ടയിൽനിന്നും 1960ൽ ഇംഗ്ലണ്ടിലേക്കു കുടിയേറിയ ഇന്ത്യൻ ദമ്പതികളുടെ മകളാണ് പ്രീതി പട്ടേൽ. 2010ലാണ് ആദ്യമായി എസെക്സിലെ വിത്തം പാർലമെന്റ് മണ്ഡലത്തിൽനിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2015ലും 2017ലും പാർലമെന്റംഗമായി. ഡേവിഡ് കാമറൺ മന്ത്രിസഭയിൽ തൊഴിൽ മന്ത്രാലയത്തിന്റെയും പിന്നീട് ട്രഷറിയുടെയും ചുമതലയുള്ള സഹമന്ത്രിയായിരുന്നു. തെരേസ മേയുടെ മന്ത്രിസഭയിലും സ്ഥാനം ലഭിച്ച പ്രീതി പട്ടേൽ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരുടെ ഇന്ത്യൻ സന്ദർശനത്തിലും ഇന്ത്യൻ നേതാക്കളുമായുള്ള നയതന്ത്രചർച്ചകളിലുമെല്ലാം നിർണായക പങ്ക് വഹിക്കുന്നവരാണ്. 

ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കായി നടത്തിയ ക്യാംപെയ്നിൽ ലീവ് പക്ഷത്തിന്റെ മുഖ്യ വക്താക്കളിൽ ഒരാളായിരുന്നു പ്രീതി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പല ഇന്ത്യൻ നേതാക്കളുടെ അടുത്ത സുഹൃത്തുകൂടിയാണ് ബ്രിട്ടിഷ് സർക്കാരിലെ ഇന്ത്യൻ മുഖമായ പ്രീതി സുശീൽ പട്ടേൽ എന്ന നാൽപത്തഞ്ചുകാരി.