Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനുകൾ വൈകുന്നു: യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് റെയിൽവേ

trains-indian-railway Representational Image

കൊച്ചി∙ ട്രെയിനുകൾ വൈകിയോടുന്നതു സംബന്ധിച്ചു വ്യാപക പരാതി ഉയർന്നിട്ടും പ്രശ്നം പരിഹരിക്കാതെ റെയിൽവേ യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്നു. മിക്ക ട്രെയിനുകളും അര മണിക്കൂർ മുതൽ മൂന്നര മണിക്കൂർ വരെയാണു വൈകിയോടുന്നത്. ഓപ്പറേറ്റിങ് വിഭാഗത്തിനാണു ട്രെയിനുകൾ വൈകിയോടുന്നതിന്റെ ഉത്തരവാദിത്തമെങ്കിലും വിശദീകരണം ചോദിക്കാനോ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കാനോ റെയിൽവേ ബോർഡോ ഉന്നത ഉദ്യോഗസ്ഥരോ തയാറാകുന്നില്ല. ഇങ്ങനെയൊക്കെ മതിയെന്ന ചിലരുടെ വാശി മൂലം റെയിൽവേയ്ക്കു തന്നെയാണു നഷ്ടം.

15 പ്രധാന ട്രെയിനുകളാണു വ്യാഴാഴ്ച വൈകിയത്. എറണാകുളം - തൃശൂർ സെക്ടറിൽ സ്ഥിരം യാത്രക്കാരിൽ പകുതിയോളം പേർ ട്രെയിനുപേക്ഷിച്ചു യാത്ര ബസിലാക്കി. കൃത്യസമയത്തു ഓഫിസിൽ എത്താൻ കഴിയാത്ത ട്രെയിനുകളിൽ എങ്ങനെ യാത്ര ചെയ്യുമെന്നു ജീവനക്കാർ ചോദിക്കുന്നു. അറ്റകുറ്റപ്പണിയുടെ പേരിലാണു ട്രെയിൻ വൈകുന്നതെങ്കിൽ, കറുകുറ്റി ട്രെയിനപകടം നടന്ന 2016 ഓഗസ്റ്റ് 28 മുതൽ കഴിഞ്ഞ 15 മാസത്തിനുള്ളിൽ തിരുവനന്തപുരം ഡിവിഷനിലെ മുഴുവൻ പഴയ പാളങ്ങളും മാറി പുതിയതു സ്ഥാപിക്കേണ്ട സമയം കഴിഞ്ഞു. പ്രശ്നം ട്രെയിനുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണെന്നു വ്യക്തമായിട്ടും അധികൃതർ അനങ്ങുന്നില്ല.

കൊച്ചുവേളി - ബെംഗളൂരു എക്സ്പ്രസ് ഉൾപ്പെടെ തിരുവനന്തപുരത്തുനിന്നു വൈകിട്ടുള്ള അഞ്ചു ദീർഘദൂര ട്രെയിനുകൾ വൈകാൻ കാരണം ഉച്ചയ്ക്കു 2.55നു പുറപ്പെടുന്ന നാഗർകോവിൽ - കോട്ടയം പാസഞ്ചറാണ്. എന്നും വൈകിയോടുന്ന പാസഞ്ചറിനു പിന്നിലായാണു അഞ്ച് എക്സ്പ്രസ് ട്രെയിനുകൾ ഇഴയുന്നത്. പാസഞ്ചറിന്റെ സമയം മാറ്റി പ്രശ്നം പരിഹരിക്കാമെങ്കിലും അതു ചെയ്യുന്നില്ല. റെയിൽവേയുടെ പിടിപ്പുകേടു മൂലം ദുരിതം അനുഭവിക്കുന്നതു അഞ്ചു ട്രെയിനുകളിലെ ആയിരക്കണക്കിനു യാത്രക്കാരാണ്.

തിരുവനന്തപുരം - ഷൊർണൂർ വേണാട് വ്യാഴാഴ്ച ഒന്നേ മുക്കാൽ മണിക്കൂർ വൈകി 6.45നാണു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്. രാവിലെ 10.10ന് എറണാകുളത്ത് എത്തേണ്ട ട്രെയിൻ എത്തിയതു മൂന്നര മണിക്കൂറോളം വൈകി ഉച്ചയ്ക്ക് 1.48ന്. ഏറ്റവും കൂടുതൽ യാത്രക്കാർ എറണാകുളത്തേക്കാണെന്നിരിക്കെ ട്രെയിൻ എറണാകുളത്തു യാത്ര അവസാനിപ്പിച്ചിരുന്നെങ്കിൽ വൈകിട്ടു 5.10നു കൃത്യസമയത്തു മടക്കയാത്ര സാധ്യമാകുമായിരുന്നു.

എന്നാൽ ഷൊർണൂരേക്കുള്ള വേണാട് വൈകിട്ട് അഞ്ചിനു ശേഷവും ഷൊർണൂരെത്തിയില്ല. ആർക്കും ഉപകാരമില്ലാതെ ഷൊർണൂർ വരെ ഓടിയ ട്രെയിൻ മടക്കയാത്രയിൽ രാത്രി വൈകി മാത്രമേ എറണാകുളത്ത് എത്തൂ. ഉദ്യോഗസ്ഥർ സാമാന്യ ബുദ്ധി പ്രയോഗിച്ചിരുന്നെങ്കിൽ എറണാകുളത്തുനിന്നുള്ള യാത്രക്കാർക്കെങ്കിലും ട്രെയിൻ പ്രയോജനപ്പെടുമായിരുന്നു.

വ്യാഴാഴ്ച വൈകിയ ട്രെയിനുകൾ

∙ നാലു മണിക്കൂർ: ഹൂബ്ലി - കൊച്ചുവേളി
∙ മൂന്നര മണിക്കൂർ: തിരുവനന്തപുരം - ഷൊർണൂർ വേണാട്
∙ രണ്ടര മണിക്കൂർ: ബെംഗളുരു - കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്
∙ രണ്ടു മണിക്കൂർ: നാഗർകോവിൽ – മംഗളുരു പരശുറാം, ലോകമാന്യതിലക് - തിരുവനന്തപുരം നേത്രാവതി
∙ ഒന്നര മണിക്കൂർ: തിരുവനന്തപുരം - ഹൈദരാബാദ് ശബരി
∙ ഒരു മണിക്കൂർ: ഇൻഡോർ - കൊച്ചുവേളി എക്സ്പ്രസ്, ന്യൂഡൽഹി - തിരുവനന്തപുരം കേരള, ഹൈദരാബാദ് - തിരുവനന്തപുരം, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, ശബരി, കൊല്ലം - എറണാകുളം പാസഞ്ചർ, നാഗർകോവിൽ – കോട്ടയം പാസഞ്ചർ, എറണാകുളം – കൊല്ലം പാസഞ്ചർ, തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി
∙ അരമണിക്കൂർ: കന്യാകുമാരി - ബെംഗളൂരു ഐലൻഡ്, കണ്ണൂർ - എറണാകുളം ഇന്റർസിറ്റി, കോയമ്പത്തൂർ - തൃശൂർ പാസഞ്ചർ

related stories