Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ്എല്ലിൽ ആദ്യ ജയം ഗോവയ്ക്ക്; 3–2ന് ചെന്നൈയിനെ തകർത്തു

Goa-FC ചെന്നൈയിൻ എഫ്സിയെ 3–2ന് തോൽപ്പിച്ച എഫ്സി ഗോവയുടെ ആഹ്ലാദം. ചിത്രത്തിനു കടപ്പാട്: ഐഎസ്എൽ ട്വിറ്റർ

ചെന്നൈ∙ ഐഎസ്എല്ലിൽ ഗോൾ വരൾച്ചയ്ക്കു സമാപനം. നാലാം സീസണിലെ മൂന്നാം മത്സരം അഞ്ചുഗോളുകളാൽ സമ്പന്നമായി. ചെന്നൈ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ കാണികൾക്കു മുന്നിൽ ചെന്നൈയിൻ എഫ്സിയെ 3–2ന് തോൽപ്പിച്ച് ഗോവ എഫ്സി സീസണിലെ ആദ്യജയം സ്വന്തമാക്കി.

കളിയുടെ ആദ്യപകുതിയിൽ ഗോവയുടെ ആധിപത്യമായിരുന്നു. മൂന്നു ഗോളുകൾക്കു ടീമിനെ മുന്നിലെത്തിച്ച് ഹോം ഗ്രൗണ്ടിൽ ചെന്നൈയെ സമ്മർദത്തിലാക്കാൻ ഗോവയ്ക്കു സാധിച്ചു. 25–ാം മിനിറ്റിൽ ഗോവയുടെ ഫെരാൻ ടെലിച്ചീയാണ് ഈ സീസണിലെ ആദ്യഗോൾ നേടിയത്. രണ്ടാം പകുതിയിൽ ചെന്നൈ പതിയെ കളിയിലേക്കു തിരിച്ചെത്തി. 

29–ാം മിനിറ്റിൽ മാനുവൽ ബ്രൂണോ രണ്ടാം ഗോൾ നേടിയതോടെ ചെന്നൈ ആടിയുലഞ്ഞു. മാൻഡർ റാവു ദേശായി ഗോവയ്ക്കുവേണ്ടി മൂന്നാം ഗോളും സ്കോർ ചെയ്തു. ഈ സീസണിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യക്കാരനാണു ദേശായി. ചെന്നൈയ്ക്കു വേണ്ടി ഇനിഗോ സപാറ്റേരിയ, റാഫേൽ ആഗസ്റ്റോ എന്നിവർ ഓരോ ഗോൾ വീതം നേടി. ആദ്യ വിജയത്തോടെ ഗോവ മൂന്നു പോയിന്റ് സ്വന്തമാക്കി.