Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തലാഖിനായി പ്രത്യേക നിയമം; നിർണായക നിലപാടുമായി കേന്ദ്രസർക്കാർ

Muslim Lady

ന്യൂഡൽഹി∙ സുപ്രീം കോടതിയിൽനിന്ന് നിർണായക വിധി വന്നിട്ടും മുത്തലാഖിന് അവസാനമാകാത്ത സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. മുത്തലാഖിനെ കുറ്റകൃത്യമാക്കുന്ന വിധത്തിൽ പ്രത്യേക നിയമമോ ഇന്ത്യൻ പീനൽ കോഡിൽ ഭേദഗതിയോ കൊണ്ടുവരികയാണു സർക്കാരിന്റെ ലക്ഷ്യം.

നിലവിൽ മുത്തലാഖിന് ഇരയാകുന്ന യുവതിക്ക് പൊലീസിനെ സമീപിക്കാമെങ്കിലും ഭർത്താവിനെ ശിക്ഷിക്കാൻ ആവശ്യമായ വ്യവസ്ഥകളില്ല. അതിനാൽ ഇതിനായി നിയമനിർമാണം നടത്തുന്നതിന് മന്ത്രിസഭാ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച നിയമം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രസർക്കാരിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ഒറ്റയിരുപ്പിൽ മൂന്നുവട്ടം തലാഖ് (മുത്തലാഖ്) ചൊല്ലി വിവാഹമോചനം നേടുന്ന സമ്പ്രദായം നിയമവിരുദ്ധമാണെന്ന് ഓഗസ്റ്റിൽ സുപ്രധാന വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

തലാഖും മുത്തലാഖും

വിവാഹമോചനം എന്നതിന്റെ അറബിക് പദമാണ് തലാഖ്. ഇസ്‌ലാമിക വിധി പ്രകാരം വിവാഹം വേർപെടുത്തുന്നതിനുള്ള രീതിയാണിത്. വിവാഹമോചനം അനിവാര്യമാകുമ്പോൾ ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളായി തലാഖ് ചൊല്ലി ബന്ധം വേർപെടുത്തണമെന്നാണ് മതവിധി. എന്നാൽ മൂന്നു തലാഖും ഒറ്റയിരിപ്പിൽ ചൊല്ലി പൂർണ വിവാഹമോചനം നടത്തുന്നതാണ് മുത്തലാഖ്.