Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 മിനിറ്റിനിടെ നാലു ഗോൾ; പുണെയെ വീഴ്ത്തി ഡൽഹിക്കു വിജയത്തുടക്കം

Lallianzuala-Chhangte ഡൽഹിയുടെ രണ്ടാം ഗോൾ നേടിയ ഇന്ത്യൻ താരം ചാങ്തെയുടെ ആഹ്ലാദം.

പുണെ ∙ ഗോളൊഴിഞ്ഞ 45 മിനിറ്റ്. പിന്നീട് ഗോളടി മേളം കണ്ട 20 മിനിറ്റ്. വീണ്ടും ഗോളൊഴിഞ്ഞ 25 മിനിറ്റ്. ഒടുവിൽ ഇൻജുറി ടൈമിൽ ആവേശം വാനോളമുയർത്തി മാർക്കോസ് ടെബാർ വക പുണെയ്ക്ക് രണ്ടാം ഗോളും. ആരാധകർക്ക് കാൽപ്പന്തുകളിയുടെ ആവേശക്കാഴ്ചകൾ സമ്മാനിച്ച ഇന്ത്യൻ സൂപ്പർ ലീഗ് മൽസരത്തിനൊടുവിൽ വിജയം സന്ദർശക ടീമായ ഡൽഹി ഡൈനാമോസിന്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പുണെ സിറ്റി എഫ്സിയേയാണ് ഡൽഹി തോൽപ്പിച്ചത്.

പൗളീഞ്ഞോ ഡയസ് (46), ലാൽലിൻസ്വാന ചാങ്തെ (54), യുറഗ്വായ് താരം മത്തിയാസ് മിരാബാജെ (66) എന്നിവരാണ് ഡൽഹിക്കായി ഗോൾ നേടിയത്. പുണെയ്ക്കായി യുറഗ്വായ് താരം എമിലിയാനോ അൽഫാരോ നേടി (67), സ്പാനിഷ് താരം മാർക്കോസ് ടെബാർ (90+) എന്നിവർ വല ചലിപ്പിച്ചു. തകർപ്പൻ വിജയത്തോടെ ഡൽഹി ഡൈനാമോസ് മൂന്നു പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. ബെംഗളൂരുവാണ് ഒന്നാമത്.

ഗോൾ അകന്നുനിന്ന ആദ്യപകുതിക്കു ശേഷമായിരുന്നു മൽസരത്തിന്റെ ആവേശം ഉയർത്തിയ ഗോളുകളെത്തിയത്. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽത്തന്നെ പൗളിഞ്ഞോ ഡയസിലൂടെ ലീഡെടുത്ത ഡൽഹിക്ക് 54, 66 മിനിറ്റുകളിലെ ഗോളുകളിലൂടെ ഇരുപതുകാരനായ ഇന്ത്യൻ താരം ചാങ്തെ, ഇരുപത്തെട്ടുകാരൻ മിരാബാജെ എന്നിവർ വിജയം സമ്മാനിക്കുകയായിരുന്നു. കളം നിറഞ്ഞ് കളിച്ച ചാങ്തെ കളിയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടു.