Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർച്ച വിജയം, എ.കെ.ശശീന്ദ്രന് മന്ത്രിയാകാൻ തടസ്സമില്ല: എൻസിപി

ak saseendran

കോട്ടയം ∙ ഫോൺ കെണി വിവാദത്തിൽ കുടുങ്ങി മന്ത്രിസ്ഥാനം നഷ്ടപ്പെട്ട എ.കെ.ശശീന്ദ്രന് മടങ്ങിവരവിന് അവസരമൊരുങ്ങി. ശശീന്ദ്രന് മന്ത്രിയാകാൻ തടസ്സമില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ പറഞ്ഞു. എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനുമായി കോട്ടയത്തെ വസതിയിൽ ചർച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വൈക്കം വിശ്വനുമായുള്ള ചർച്ച വിജയകരമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിലെ മറ്റു നേതാക്കളുമായി ഉടൻ ചർച്ച നടത്തുമെന്നും രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും വൈക്കം വിശ്വൻ അറിയിച്ചു.

ശശീന്ദ്രനു മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നതിനു തടസ്സമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്ന ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചതോടെയാണു മടങ്ങിവരവിനു വഴി തെളിഞ്ഞത്. ഉടനെ ശശീന്ദ്രൻ തിരിച്ചുവരുമോ എന്ന ചോദ്യത്തിന്, അതു താൻ ഒറ്റയ്ക്കല്ല തീരുമാനിക്കേണ്ടതെന്നാണു മുഖ്യമന്ത്രി പറഞ്ഞത്.

ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് എന്‍സിപി ഇടതുമുന്നണിക്കു കത്തുനല്‍കും. വെള്ളിയാഴ്ച ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും. ഹൈക്കോടതിയിലെ കേസിലും അനുകൂല തീരുമാനമുണ്ടായാല്‍ അടുത്ത ഇടതുമുന്നണി യോഗം ശശീന്ദ്രന് അനുമതി നല്‍കും. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് അനുകൂലമായതോടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുമെന്ന് എൻസിപി അറിയിച്ചിരുന്നു. മന്ത്രിയില്ലാതിരിക്കുക എന്ന സാഹചര്യം ഏതുവിധേനയും ഒഴിവാക്കണമെന്നാണ് എൻസിപി ദേശീയ നേതൃത്വത്തിന്റെയും താൽപര്യം.

ശശീന്ദ്രനെതിരായ ഫോൺകെണിക്കേസ് കോടതിക്കു പുറത്തു തീർപ്പാക്കുന്നതു സംബന്ധിച്ച ഹർജി വെള്ളിയാഴ്ചയാണു ഹൈക്കോടതി പരിഗണിക്കുന്നത്. ഹൈക്കോടതിയും ക്ലീൻചിറ്റ് നൽകിയാൽ ശശീന്ദ്രനു മുന്നിൽ മറ്റ് തടസ്സങ്ങളില്ല. ഇതിനായാണ് എൽഡിഎഫ് കാത്തിരിക്കുന്നത്. ശശീന്ദ്രൻ മന്ത്രിയാകുന്നതിൽ എതിർപ്പില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടത് എൻസിപിയും എൽഡിഎഫുമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടു.