അശ്ലീല ചിത്രങ്ങളയച്ച് ‘അടിമ’യാക്കി; അനികയ്ക്ക് സൈനികന്‍ കൈമാറിയത് നിര്‍ണായക വിവരങ്ങള്‍

soldier-trap
SHARE

ന്യൂഡല്‍ഹി∙ ഹായ്, ഹലോ എന്നതിൽ തുടങ്ങി പിന്നീട് അശ്ലീല സന്ദേശങ്ങളിലൂടെ മനം കവര്‍ന്നാണ് പാക് വനിതാ ഏജന്റ്, അനിക ചോപ്രയെന്ന വ്യാജ ഫെയ്സ്ബുക് പ്രൊഫൈലിലൂടെ ഇന്ത്യന്‍ സൈനികനില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയത്. രാജസ്ഥാനിലെ ജയ്‌സാല്‍മേറിലുള്ള ടാങ്ക് റെജിമെന്റിലെ സൈനികന്‍, ഹരിയാന സ്വദേശിയായ സോംവീർ സിങ്ങിനെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഇക്കാര്യം സൈന്യവും സ്ഥിരീകരിച്ചു. 

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ മെഡിക്കല്‍ കോര്‍പ്പ്‌സിലെ ക്യാപ്റ്റന്‍ എന്ന പേരിലാണ് അനിക ചോപ്ര സ്വയം പരിചയപ്പെടുത്തിയത്. സുന്ദരിയായ യുവതിയുടെ ചിത്രമാണ് ഫെയ്സ്ബുക് പ്രൊഫൈലില്‍. ഏഴു മാസം മുൻപാണ് അനിക ചോപ്ര സോംവീറിനെ സമൂഹമാധ്യമത്തില്‍ സുഹൃത്താക്കിയത്.

സാധാരണ സന്ദേശങ്ങളില്‍ തുടങ്ങി പിന്നീട് വിഡിയോ ചാറ്റിങ്ങിലേക്കു മാറി. പിന്നീടാണ് അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടെ ചൂടന്‍ സന്ദേശങ്ങള്‍ കൈമാറിയത്. ഇതോടെ അനികയുടെ ‘അടിമയായ’  സോംവീര്‍, അവര്‍ ആവശ്യപ്പെട്ട പ്രകാരം സൈനിക രഹസ്യങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2016 മുതല്‍ അനികയുടെ അക്കൗണ്ട് ഫെയ്‌സ്ബുക്കിലുണ്ട്. 

ഇന്ത്യന്‍ ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും ആയുധങ്ങളുടെയും സൈനിക നിര്‍മാണ യൂണിറ്റുകളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ സോംവീർ  അനികയ്ക്ക് അയച്ചെന്നാണു റിപ്പോര്‍ട്ട്. അര്‍ജുന്‍ ടാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവച്ചതായി മിലിറ്ററി ഇന്റലിജന്‍സ് കണ്ടെത്തി.

ചാരപ്പണിക്ക് കുറച്ചു മാസം മുൻപ് സോംബിറിന് 5000 രൂപ ലഭിച്ചതായി അന്വേഷണസംഘം കണ്ടെത്തി. ഇയാളുടെ സഹോദരന്റെ അക്കൗണ്ടിലേക്കാണു പണം എത്തിയത്. പിന്നീട് സോംവീർ ഇതു തന്റെ ഇ-വാലറ്റിലേക്കു മാറ്റുകയായിരുന്നു.

കൂടുതല്‍ സൈനികര്‍ പാക് ഏജന്റിന്റെ ‘ഹണി ട്രാപ്പില്‍’ കുടുങ്ങിയിട്ടുണ്ടോയെന്ന് നിരീക്ഷിക്കുകയാണ് സൈന്യം. ഓഫിസര്‍മാരുടെയും ജവാന്മാരുടെയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിക്കും. 50 ജവാന്മാരുമായെങ്കിലും അനിക ചോപ്ര ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നാലു മാസമായി നിരീക്ഷണത്തിലും കസ്റ്റഡിയിലുമായ സോംവീറിന്റെ അറസ്റ്റ് ശനിയാഴ്ചയാണു രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ സോംബിറിനെ ഈ മാസം 18 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

അനിക ചോപ്ര എന്ന പേരിലുള്ള ഐഡി വ്യാജമാണെന്നും പാക്കിസ്ഥാനിലെ കറാച്ചിയാണ് ഇതിന്റെ ഉറവിടമെന്നുമാണ് പൊലീസ് സംശയിക്കുന്നത്. 2016 ലാണു ഹരിയാന സ്വദേശി സോംവീർ സൈന്യത്തില്‍ ചേര്‍ന്നത്. അന്വേഷണത്തിന്റെ ഭാഗമായി സൈനികന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. എന്തൊക്കെ വിവരങ്ങളാണ് ഇയാള്‍ പാക്കിസ്ഥാനു കൈമാറിയിട്ടുള്ളതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ചില സുപ്രധാന വിവരങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. 

സമൂഹമാധ്യമങ്ങള്‍ വഴി പാക് ചാരസംഘടനയായ ഐഎസ്‌ഐ ഒരുക്കുന്ന പെണ്‍കെണി ഇന്ത്യന്‍ സൈന്യത്തിനു വലിയ തലവേദനയാണു സൃഷ്ടിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഫെയ്‌സ്ബുക്കില്‍ സൈനിക വിവരങ്ങള്‍ പങ്കുവച്ച വ്യോമസേനാ ക്യാപ്റ്റന്‍ അറസ്റ്റിലായിരുന്നു.

ഹണിട്രാപ്പിനു വേണ്ടി ഐഎസ്‌ഐ നിരവധി യുവതികളെ രംഗത്തിറക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതു വരെ ചാരസംഘടന മറവില്‍ തന്നെ നില്‍ക്കും. ഇത്തരം വിവരങ്ങള്‍ ലഭിച്ചു തുടങ്ങുന്നതോടെ ഐഎസ്‌ഐ നേരിട്ടു രംഗത്തെത്തി ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങും. തുടര്‍ന്ന് പെട്ടെന്നുള്ള ചോദ്യങ്ങളിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുക എന്ന തന്ത്രമാണു പയറ്റുന്നത്. ജവാന്മാരുമായി ഇടപെടുമ്പോള്‍ ഒരു ശൈലിയും ഓഫിസര്‍മാരെ കുടുക്കാന്‍ കുറച്ചുകൂടി മെച്ചപ്പെട്ട തന്ത്രവുമാണ് ഇവര്‍ ഒരുക്കുന്നത്. 

നിരവധി പ്രതിരോധ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ചൈനയില്‍ സെര്‍വറുള്ള രണ്ട് മൊബൈല്‍ കമ്പനികളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ വിവരം ആരാഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു സൈനികര്‍ക്കു പാക്കിസ്ഥാനില്‍നിന്നും മറ്റും കോളുകള്‍ വന്നു തുടങ്ങിയത്. ഇത്തരം കോളുകള്‍ ലഭിച്ചാല്‍ വിവരം അധികൃതരെ അറിയിച്ച ശേഷം സിം നശിപ്പിക്കണമെന്നാണു നിയമം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA