Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടർച്ചയായ മൽസര ക്രമം: ബിസിസിഐയെ വിമർശിച്ച് വിരാട് കോഹ്‍ലി

Virat Kohli

ന്യൂഡൽഹി ∙ മൽസരങ്ങൾക്കു മുൻപ് വേണ്ടത്ര വിശ്രമം നൽകാത്തതിൽ ബിസിസിഐക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ആസൂത്രണത്തിലെ പോരായ്മ പ്രകടനത്തെ ബാധിക്കുന്നതായി കോഹ്‌ലി ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഒരുങ്ങാൻ വേണ്ടത്ര സമയം ടീമിനു ലഭിച്ചില്ലെന്നും കോഹ്‍ലി പരാതിപ്പെട്ടു.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു തയാറെടുക്കാൻ വെറും രണ്ടു ദിവസമാണ് ലഭിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ പേസ് ബോളർമാരെ സഹായിക്കുന്ന പിച്ചൊരുക്കിയതുമായി ബന്ധപ്പെട്ടുയർന്ന ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് തയാറെടുപ്പുകൾക്ക് ആവശ്യത്തിനു സമയം അനുവദിക്കാത്തതിനെതിരെ കോഹ്‍ലി ആഞ്ഞടിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക്

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് മൽസരങ്ങൾക്കായി ബൗണ്‍സിങ് വിക്കറ്റ് തയാറാക്കാൻ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ഈ പരമ്പരയ്ക്കു ശേഷം ഉടനെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടണം. അതിന് ഒരുങ്ങാൻ ടീമിന് ആകെ ലഭിക്കുന്നത് രണ്ടു ദിവസമാണ്. അതുകൊണ്ടുതന്നെ ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കിടെ അടുത്ത പരമ്പരയ്ക്കായി ഒരുങ്ങുകയേ നിർവാഹമുള്ളൂ – കോഹ്‍ലി പറഞ്ഞു.

ഒരു മാസമെങ്കിലു സമയം കിട്ടിയിരുന്നെങ്കിൽ ക്യാംപ് സംഘടിപ്പിച്ച് ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഒരുങ്ങാൻ നമുക്ക് സാധിക്കുമായിരുന്നു. നിർഭാഗ്യവശാൽ നമുക്ക് സമയമില്ല – കോഹ്‍ലി ചൂണ്ടിക്കാട്ടി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ഇന്ത്യയുടെ അവസാന ട്വന്റി20 മൽസരം ഡിസംബർ 24നാണ്. അതിനുശേഷം ഡിസംബർ 27നാണ് ഇന്ത്യ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് യാതൊരുവിധ ആസൂത്രണവുമില്ലാതെ പരമ്പരകൾ ഏറ്റെടുക്കുന്ന ബിസിസിഐയ്ക്കെതിരെ കോഹ്‍ലി രംഗത്തെത്തിയത്.

വലിയ പരമ്പരകൾക്കു പോകുമ്പോൾ അതിനനുസരിച്ചുള്ള തയാറെടുപ്പുകളും ടീമിന് ആവശ്യമാണ്. ഓരോ മൽസരങ്ങൾക്കും മുൻപ് പരമ്പരയ്ക്ക് തയാറെടുക്കാൻ നമുക്ക് എത്ര സമയം ലഭിക്കുന്നു എന്നു നോക്കുക. അല്ലാതെ ഓരോ മൽസരം കഴിയുമ്പോഴും ടീമംഗങ്ങളെ വിമർശിക്കുകയല്ല വേണ്ടത് – കോഹ്‍ലി പറഞ്ഞു.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും ടീമിൽ സ്ഥാനം ഉറപ്പു നൽകാനാവില്ലെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി. ചിലപ്പോൾ ഒരു സ്പിന്നറെ മാത്രം ഉൾപ്പെടുത്തി കളിക്കേണ്ടി വന്നേക്കാം. ടീമിന്റെ സന്തുലിതാവസ്ഥയും സാഹചര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഇരുവരും ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്യുന്നതിനാൽ പരിഗണനയിൽ മുൻഗണന ലഭിക്കുമെന്നും കോഹ‍്‌ലി വ്യക്തമാക്കി.

ഓരോ മൽസരങ്ങൾക്കു മുൻപും വിശ്രമം ആവശ്യമാണെന്ന് മുൻപും കോഹ്‌ലി പറഞ്ഞിരുന്നു. എല്ലാർക്കും വിശ്രമം ആവശ്യമാണ്. എനിക്ക് വിശ്രമം വേണമെന്ന് തോന്നുന്ന സാഹചര്യത്തിൽ അതിനായി ആവശ്യപ്പെടും. ഞാൻ റോബട്ടല്ല, എന്റെ ശരീരം മുറിഞ്ഞാലും രക്തം വരും – അന്നു കോഹ്‍ലി പറഞ്ഞു.

related stories