Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിനൊപ്പം ചേരില്ലെന്ന് ഉറപ്പു പറയില്ല: തുറന്നുപറഞ്ഞ് കാനം

കോൺഗ്രസുമായി ചേരില്ലെന്നു ഉറപ്പു പറയാൻ സാധിക്കില്ലെന്നും കോൺഗ്രസുമായി കൈകോർക്കാത്ത ഒരു പാർട്ടിയും കേരളത്തിലില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മനോരമ ഒാൺലൈനിന്റെ അഭിമുഖ പരമ്പരയായ ‘മറുപുറ’ത്തിലാണ് വരും ദിവസങ്ങളിൽ വിവാദമായേക്കാവുന്ന പ്രസ്താവന കാനം നടത്തിയത്. ഇതോടെ കേരള രാഷ്ട്രീയത്തിലെ സിപിഎം – സിപിഐ തർക്കം പുതിയ തലങ്ങളിലേക്ക് എത്തുകയാണ്. കാനവുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപം.

∙ തോമസ് ചാണ്ടി വിഷയത്തിൽ സർക്കാരിന് പ്രതിച്ഛായാ നഷ്ടം ഉണ്ടായിട്ടില്ലെന്നാണ് സിപിഎം പറയുന്നത്. പക്ഷേ എന്തുകൊണ്ടാണ് സിപിഐ ഇതിനു വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത് ?

ഒരു വിഷയത്തെ സമീപിക്കുന്നതിന്റെ വ്യത്യാസം കൊണ്ടാവാം. ഓഗസ്റ്റ് 17–നാണ് ചാണ്ടിയുടെ പ്രശ്നം നിയമസഭയിൽ വന്നത്. 90–ദിവസത്തിന് ശേഷമാണ് അദ്ദേഹം രാജിവച്ചത്. എൽഡിഎഫിനെതിരായി വളരെയധികം വിമർശനങ്ങൾ ആ സമയങ്ങളിൽ ഉയർന്നിട്ടുണ്ട്. ജനജാഗ്രതാ യാത്ര നടത്തിയത് ബിജെപിക്കും ആർഎസ്എസിനും എതിരായിട്ടായിരുന്നു. അത് ശക്തമായി മുന്നോട്ട് നീങ്ങുമ്പോഴും ചാണ്ടിയുടെ പ്രശ്നമായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. ജാഥയുമായി കുട്ടനാട്ടിൽ ചെല്ലുമ്പോൾ അദ്ദേഹം നടത്തിയ അധ്യക്ഷപ്രസംഗം സംഗതികൾ കുറച്ചുകൂടി രൂക്ഷമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യോഗത്തിൽ എൻസിപി ഒഴികെയുള്ള എല്ലാ കക്ഷികളും ഈ വിഷയത്തിൽ ഒരു തീരുമാനം വേണമെന്ന് ഉറച്ച് നിന്നതുകൊണ്ടാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ യുക്തമായ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്.

എന്നാൽ കേരളത്തിന്റെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് രൂക്ഷമായ പരാമർശമാണ് നടത്തിയത്. ചർച്ചകൾക്കും തീരുമാനങ്ങൾക്കും അപ്പുറമുള്ളതായിരുന്നു അത്. എൽഡിഎഫ് യോഗത്തിൽ സിപിഐയുടെ തീരുമാനം ഞങ്ങൾ പറഞ്ഞിരുന്നു. ഒരു മന്ത്രി മന്ത്രിസഭയ്ക്കെതിരെ, ചീഫ് സെക്രട്ടറിക്കെതിരെ കേസുകൊടുക്കുന്നത് ഭരണഘടനാ ലംഘനമല്ലേ എന്ന് ഞങ്ങൾ ചൂണ്ടിക്കാണിച്ചു. ശക്തമായ പരാമർശങ്ങളാണ് ഡിവിഷൻ ബഞ്ചിന്റെ ഭാഗത്തുനിന്ന് വന്നത്. അവർ ആദ്യം പറഞ്ഞു പരമാർശങ്ങൾ മാത്രമാണെന്ന്. പക്ഷേ പരാമർശങ്ങളല്ല വിധിന്യായത്തിന്റെ ഭാഗം തന്നെയായിരുന്നു അത്. ഒരു മന്ത്രിക്കെതിരെ മറ്റൊരു മന്ത്രി കേസു കൊടുത്തിരിക്കുകയാണ്. കൂട്ടുത്തരവാദിത്തം ലംഘിക്കലാണ്. രൂക്ഷമായിട്ടുള്ള വിമർശനം വന്നപ്പോഴാണ് ഒരു നിമിഷം പോലും താമസിക്കരുത് എന്ന അഭിപ്രായം ശക്തമായി ഉന്നയിക്കാൻ ഞങ്ങൾ തീരുമാനിച്ചത്.

Kanam Rajendran

∙ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് മുന്നണി മര്യാദയുടെ ലംഘനമല്ലേ ?

മുന്നണിയിൽ മര്യാദ വേണം, പക്ഷേ എന്താണ് മര്യാദയുടെ നിർവചനം? എന്താണ് മര്യാദ എന്ന് നിർവചിച്ചാലല്ലേ ആരു ലംഘിച്ചൂ എന്ന് പറയാൻ പറ്റൂ. ഒരു മന്ത്രിക്കെതിരെ മറ്റൊരു മന്ത്രി കേസുകൊടുക്കുന്നത് കൂട്ടുത്തരവാദിത്തഘനമാണ് എന്നെല്ലാം പരാമർശനങ്ങൾ നടത്തിയതിന് ശേഷം അത്തരമൊരു മന്ത്രിയോടൊപ്പം ക്യാബിനറ്റ് വേദി പങ്കിടേണ്ട എന്ന് സിപിഐ തീരുമാനിച്ചത് നിയമ വാഴ്ചയോടും കോടതിയോടും ജനാധിപത്യത്തോടും ഉള്ള ബഹുമാനം കൊണ്ടാണ്.

∙ പക്ഷേ സാങ്കേതികപരമായി തോമസ് ചാണ്ടി അപ്പോഴും മന്ത്രിയാണ്. അദ്ദേഹത്തിന് ആ യോഗത്തിൽ പങ്കെടുക്കാം. ഇൗ യോഗം മാറ്റി വയ്ക്കണമെന്നോ അല്ലെങ്കിൽ ഞങ്ങൾ അതിൽ പങ്കെടുക്കില്ല എന്നോ സിപിഎമ്മിനെ നേരത്തെ തന്നെ സിപിഐയ്ക്ക് അറിയിക്കാമായിരുന്നില്ലേ ?

തോമസ് ചാണ്ടി മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുന്നത് അപമാനകരമാണെന്ന് തലേന്നു തന്നെ കോടിയേരി ബാലകൃഷ്ണനേട് ഞാൻ ഫോണിൽ പറഞ്ഞതാണ്. ഞങ്ങളുടെ പാർട്ടിയുടെ മന്ത്രിമാർ ക്യാബിനറ്റ് കൂടുന്നതിന് മുമ്പ് കക്ഷിനേതാവിന്റെ ഓഫീസിൽ കൂടിയിട്ടാണ് മന്ത്രിസഭായോഗത്തിന് പോകുന്നത്. രാവിലെ 8.55 ആയപ്പോൾ തോമസ്ചാണ്ടി വെല്ലുവിളിച്ചു മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുമെന്ന്. അപ്പോഴാണ് മന്ത്രിസഭായോഗത്തിൽ പങ്കെടുക്കരുത്, മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് മനസിലായത്. ഭരണഘടനാ വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ച ഒരു മന്ത്രിയോടൊപ്പം ക്യാബിനറ്റിൽ പങ്കെടുക്കെണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചത് അപ്പോഴാണ്. അത് ഒരു തരത്തിലുമുള്ള കൂട്ടുത്തരവാദിത്ത ലംഘനമല്ല. പങ്കെടുത്തിട്ട് ബഹിഷ്കരിക്കുകയാണെങ്കിൽ അത് കൂറച്ചുകൂടി ഗൗരവമുള്ളതാണ്. ഒരു തീരുമാനം എടുത്താൽ അത് നടപ്പിലാക്കണം. അതാണ് കൂട്ടുത്തരവാദിത്വം. നമുക്ക് വ്യത്യസ്ത അഭിപ്രായം പറയാം. തീരുമാനം എടുത്താൽ അതാണ് ക്യാബിനറ്റിന്റെ അഭിപ്രായം.

∙ ഭൂമി കയ്യേറ്റം കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഒരു പ്രശ്നമാണ്. ഇടതുപക്ഷ ഭരണത്തിൽ കാലാകാലങ്ങളായി റവന്യൂ വകുപ്പിന്റെ ചുമതല സിപിഐയ്ക്കാണ്. ശരിക്കും പ്രധാന ഉത്തരവാദിത്തം സിപിഐയ്ക്ക് തന്നെയല്ലേ ?

അങ്ങനെ അവർ‌ക്ക് പറയാൻ പറ്റില്ല. നിയമം ലംഘിക്കുന്നത് ആരാണെങ്കിലും ജനപ്രതിനിധിയോ മന്ത്രിയോ ആരാണെങ്കിലും അവർക്കെല്ലാം ഒരു നിയമം മാത്രമാണ് ബാധകം. കഴിഞ്ഞ ഒരു വർഷക്കാലമായി കാർഷിക മേഖലയിലെ പട്ടയവുമൊക്കെയായിട്ട് ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് ഞങ്ങൾ എടുത്തിട്ടുള്ള തീരുമാനങ്ങൾ എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്. നിയമം നടപ്പിലാക്കുക അതാണ് കേരളത്തിലെ ഗവൺമെന്റിന്റെ ചുമതല. കേരളത്തിന്റെ നിലപാട് എന്താണെന്ന് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും നിയമസഭയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ പ്രശ്നങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുക. വൻകിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുക. അതിനോട് ഒരു സന്ധിയും ചെയ്യില്ല. ചെറുകിടക്കാരുടെ പ്രശ്നങ്ങൾ ഒറ്റയ്ക്കൊറ്റയ്ക്കായി പരിശോധിക്കുക. ഈ സമീപനം ആണ് എൽഡിഎഫിന്റെ സമീപനം.

∙ കെ.ഇ. ഇസ്മയിലിന്റെ പ്രസ്താവന പാ‍ർട്ടി വിരുദ്ധമാണെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ നടപടിക്ക് പാർട്ടി ശുപാർശ ചെയ്തിരിക്കുകയാണല്ലോ. അത്രമേൽ വിവാദമായിരുന്നോ അദ്ദേഹം പറഞ്ഞത് ?

പത്താം തീയതിയിലെ ഞങ്ങളുടെ എക്സിക്യൂട്ടീവ് തോമസ് ചാണ്ടി വിഷയത്തെ സംബന്ധിച്ച് ഒരു തീരുമാനം എടുത്തതാണ്. ചാണ്ടിയുടെ രാജി അത്യാന്താപേക്ഷിതമാണെന്ന്. ആ അഭിപ്രായം 12–ാം തീയതിയിലെ എൽഡിഎഫ് യോഗത്തിൽ പറഞ്ഞു. ആ യോഗത്തിൽ പങ്കെടുത്ത ആളാണ് കെ. ഇ. ഇസ്മയിൽ. വിഷയം അതിന്റെ ക്ലൈമാക്സിൽ നിൽക്കുമ്പോൾ സിപിഐയിൽ ഒരു ഭിന്നസ്വരം ഉണ്ടെന്ന് തോന്നത്തക്കവിധം ആണ് അദ്ദേഹം സംസാരിച്ചത്. എന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റി എന്ന് അദ്ദേഹം തുറന്ന് സമ്മതിക്കുകയും ചെയ്തു. ഇസ്മയിൽ എടുത്ത നിലപാടിന്റെ അസംതൃപ്തി നാഷണൽ എക്സിക്യൂട്ടിവിൽ അറിയിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

∙ എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കുന്നതിൽ എതിർപ്പില്ല എന്നു താങ്കൾ പറഞ്ഞു. നാളെ തോമസ് ചാണ്ടി കുറ്റവിമുക്തനായി തിരിച്ചു വന്നാൽ അദ്ദേഹത്തെ മന്ത്രിയാക്കാൻ സിപിഐ സമ്മതിക്കുമോ ?

ആരും മന്ത്രിയാകണം എന്ന് തീരുമാനിക്കേണ്ടത് എൻസിപിയാണ്. തോമസ് ചാണ്ടി കുറ്റവിമുക്തനായി വന്നാൽ മന്ത്രിയാക്കുന്നതിൽ അനുകൂലിക്കുമോ ഇല്ലയോ എന്നൊക്കെ ആ സമയത്ത് പറയാം. പക്ഷേ ഇനി മന്ത്രിയാവാൻ ചാണ്ടി വരുമെന്ന് എനിക്ക് തോന്നുന്നില്ല.

∙ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കേണ്ടതില്ലേ ?

കർശനമാക്കുകയല്ല കാര്യങ്ങൾ നടപ്പാക്കുകയാണ് വേണ്ടത്. ആരായാലും ഏതു പാർട്ടിയായാലും. ഞങ്ങളാണ് ലംഘിച്ചതെങ്കിൽ ഞങ്ങൾക്കെതിരെ നടപടി വേണം. ചേർത്തലയിലെ ഞങ്ങളുടെ ഒാഫിസിനെ സംബനന്ധിച്ച് ഒരു ആരോപണം വന്നു. കാര്യങ്ങൾ പരിശോധിച്ചാൽ അത് ഒാംബുഡ്സ്മാന്റെ വീഴ്ചയാണെന്ന് മനസ്സിലാകും.

∙ സിപിഐയ്ക്ക് കേവലം 5% വോട്ടു മാത്രമാണ് കേരളത്തിലുള്ളത്. എന്നിട്ടും അവർക്ക് 19 എംഎൽഎമാരുള്ളത് സിപിഎമ്മിന്റെ പിന്തുണ കൊണ്ടാണെന്ന് ചില സിപിഎം നേതാക്കളെങ്കിലും പറയാറുണ്ട്. എങ്ങനെ പ്രതിരോധിക്കും സിപിഐ ഇതിനെ ?

1965–ൽ ഞങ്ങൾക്ക് 9% വോട്ടുണ്ടായിരുന്നു. ഇപ്പോഴെങ്ങനെ 5% ആകും. ആ കണക്കുകളൊന്നും ശരിയല്ല. സിപിഎം സിപിഐയുടെ പിന്തുണയില്ലാതെ എന്നാണ് കേരളത്തിൽ സർക്കാരുണ്ടാക്കിയിട്ടുള്ളത്. ചരിത്രം പരിശോധിച്ച് നോക്കൂ. 1967–ൽ ഞങ്ങൾക്ക് യോജിക്കാൻ പറ്റാത്ത കാര്യങ്ങളുണ്ടായപ്പോൾ ഇഎംഎസ് സർക്കാരിനുള്ള പിന്തുണ ഞങ്ങൾ പിൻവലിച്ചു. പക്ഷേ ഞങ്ങൾ ഒളിച്ചോടുകയായിരുന്നില്ല. പിന്നീട് 10 വർഷം ഞങ്ങളായിരുന്നു അധികാരത്തിൽ. ഇത്രയും വലിയ ശക്തന്മാർ 11 വർഷം വെയിലത്തു നിൽക്കുകല്ലായിരുന്നോ ? അവർക്ക് തന്നെ ഒന്ന് അധികാരത്തിൽ കയറാൻ പറ്റിയില്ലല്ലോ. ചരിത്രം പഠിച്ചാൽ ഇൗ പറയുന്ന അഹങ്കാര വർത്തമാനം ഇവർ പറയില്ല.

∙ ഇടയ്ക്കിടെ സിപിഐ പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുത്ത് സർക്കാരിനെ വിമർശിക്കുന്നത് എൽഡിഎഫിന്റെ പ്രതിച്ഛായയെ ബാധിക്കില്ലേ ?

സിപിഎമ്മും സിപിഐയും എല്ലാ കാര്യത്തിലും ഒന്നാണ്. തീരുമാനമെടുക്കുന്നതിലും നടപ്പാക്കുന്നതിലും ഞങ്ങൾ ഒന്നാണ്. ചില കാര്യങ്ങളിൽ സിപിഎം ഇടതു പക്ഷ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുമ്പോഴാണ് സിപിഐ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുന്നത്.

∙ സിപിഎമ്മും സിപിഐയും ഒന്നിക്കാനുള്ള സാധ്യത ഭാവിയിലുണ്ടോ?

ഇന്ത്യയിലെ എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും ഒന്നിച്ചു പോകണമെന്നതാണ് സിപിഐയുടെ ആഗ്രഹം.

∙ സിപിഐ – സിപിഎം തർക്കം മുറുകുന്നു. ഇനി എപ്പോഴെങ്കിലും കോൺഗ്രസ്സിനൊപ്പം ചേർന്ന് വലതു പക്ഷ മുന്നണിയുടെ ഭാഗമാകാൻ സിപിഐക്ക് പദ്ധതിയുണ്ടോ ?

രാഷ്ട്രീയത്തിൽ അങ്ങനെയൊന്നും പറയാൻ സാധിക്കില്ല. കോൺഗ്രസ്സുമായി ചേരാത്ത എതു പാർട്ടിയാണ് കേരളത്തിലുള്ളത് ? ആരുമില്ല. യുപിഎ സർക്കാരിന് ആരാണ് പിന്തുണ നൽകിയത് ? അന്ന് ഞങ്ങൾ മന്ത്രിസ്ഥാനത്തിനൊന്നും പോയില്ല. സ്പീക്കർ സ്ഥാനത്തേക്ക് പോയത് സിപിഎമ്മാണ്. കോൺഗ്രസ്സുമായി ഒരു ബന്ധവുമുണ്ടാകുകയില്ല എന്നു ഇപ്പോൾ പറയാൻ പറ്റില്ല. ഒരു ബന്ധവും ഒരിക്കലും ഉണ്ടാകില്ല എന്നു ഉറപ്പ് പറയാൻ പറ്റുന്നത് ആർഎസ്എസ്സും ബിജെപിയുമായാണ്.

∙ ഇന്ത്യയിലും കേരളത്തിലും ബിജെപി, ആർഎസ്എസ് പാർട്ടികൾ വളർച്ച പ്രാപിക്കുന്നു. വർഗീയ പാർട്ടികളെ ഏറ്റവുമധികം എതിർക്കുന്ന എൽഡിഎഫിന്റെ പരാജയമല്ലേ ഇത് ?

ബിജെപിയെയും ആർഎസ്എസ്സിനെയും പ്രതിരോധിക്കാൻ എൽ‌ഡിഎഫിനു മാത്രമേ സാധിക്കൂ. ആവരുടെ വളർച്ച ഇടതുപക്ഷത്തിന്റെ പരാജയമാണെന്ന് പറയാൻ സാധിക്കില്ല. ബിജെപിക്ക് രണ്ട് എംപി മാർ ഉള്ള ഒരു കാലം ഉണ്ടായിരുന്നു. അന്ന് ഇടതുപക്ഷം ഇവിടെ പൂത്തുലഞ്ഞു നിൽക്കുകയല്ലായിരുന്നു. അന്നും ഇടതു പക്ഷത്തിന് അതിന്റേതായ ശക്തിയേ ഉണ്ടായിരുന്നുള്ളൂ. ബിജെപിക്ക് ജനാധിപത്യപരമായി മുന്നേറ്റം ഉണ്ടായിട്ടുണ്ട്. അവർ സ്വീകരിക്കുന്ന നടപടികൾ ജനാധിപത്യ വിരുദ്ധമാണ്. ഒരു പാർട്ടിയുടെ ഗ്രാഫ് ഉയർന്ന് തന്നെ പോകില്ല. കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ടാകും.

∙ ഇ.പി. ജയരാജനോ, എ.കെ. ശശീന്ദ്രനോ ലഭിക്കാത്ത ഇളവ് തോമസ് ചാണ്ടിയെ പോലൊരു ധനികനായ മന്ത്രിക്ക് കൊടുത്തത് ഒരു കമ്യൂണിസറ്റ് സർക്കാരിന് ഭൂഷണമാണോ ?

രാഷ്ട്രീയത്തിൽ ഇക്കാലത്ത് ഒരു മാറ്റമുണ്ടായിട്ടുണ്ട്. എത്ര കോർപ്പറേറ്റ് മുതലാളിമാരാണ് രാജ്യസഭയിലൊക്കെ അംഗങ്ങളായി വരുന്നത്. കോടീശ്വരന്മാരുടെ പാർലമെന്റല്ലേ ഇപ്പോഴുള്ളത്. രാജ്യത്ത് പൊതുവായി ഉടലെടുക്കുന്ന ഇൗ സമ്പ്രദായത്തിന്റെ ചില ശേഷിപ്പുകൾ കേരളത്തിലും അപൂർവമായി ഉണ്ടാകാം. അതൊന്നും ഒരു കുറ്റമായി നമുക്ക് കണക്കാക്കാനാവില്ല.

∙ പക്ഷേ കമ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്ന കേരളത്തിൽ അങ്ങനെ നടക്കുന്നത് ശരിയാണോ ?

കമ്യൂണിസ്റ്റുകാർ പണത്തിനെതിരല്ലല്ലോ. വ്യവസായം നടത്താൻ പാടില്ല എന്നു പറയുന്നില്ലല്ലോ. ആരെങ്കിലും മൂലധനം മുടക്കി വ്യവസായം ചെയ്യുന്നതിന് ഞങ്ങൾ എതിരല്ല. സ്വകാര്യ സ്വത്ത് ഉണ്ടാവരുത് എന്ന് ഇൗ ജനാധിപത്യ രാജ്യത്ത് പറയാൻ പറ്റില്ല. എല്ലാം നിയമങ്ങൾ അനുസരിച്ചാവണം എന്നു മാത്രം.

related stories