Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎന്‍ജി പദ്ധതിയുടെ ‘ഗ്യാസ് തീര്‍ന്നു’; 33 ലക്ഷത്തിന്റെ ബസ് കട്ടപ്പുറത്ത്

ksrtc-bus

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ബസുകള്‍ സിഎന്‍ജിയിലേക്ക് (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) മാറ്റുന്നതിന്റെ ഭാഗമായി വാങ്ങിയ ബസ് ഉപയോഗിക്കാനാകാതെ ഗാരിജില്‍. 1000 ബസുകള്‍ സിഎന്‍ജിയിലേക്ക് മാറുന്നതിന്റെ ഭാഗമായി വാങ്ങിയ ബസാണ് ഇന്ധനം കിട്ടാത്തതിനാല്‍ റോഡിലിറങ്ങാതെ നശിക്കുന്നത്. 33 ലക്ഷംരൂപയാണ് ഒരു ബസിന്റെ വില.

കെഎസ്ആര്‍ടിസിയെ ശക്തിപ്പെടുത്തുന്നതിന് പരിസ്ഥിതി സൗഹൃദ വാഹനം ഇന്ധനമായി ഉപയോഗിക്കുന്ന 1000 ബസുകള്‍ വാങ്ങാനായിരുന്നു ആലോചന. 2016-17 വര്‍ഷത്തെ ബജറ്റില്‍ 1000 സിഎന്‍ജി ബസുകള്‍ വാങ്ങുന്നതിന് 300 കോടിരൂപ കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചർ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) വഴി വായ്പയായി നല്‍കാനായിരുന്നു തീരുമാനം. ആദ്യവര്‍ഷത്തേക്കായി 50 കോടിരൂപയും വകയിരുത്തി. ചിത്തിര തിരുനാള്‍ എന്‍ജിനീയറിങ് കോളജ് ഇതു സംബന്ധിച്ച പ്രാഥമിക പഠനം നടത്തി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. സിഎന്‍ജിയിലേക്ക് മാറിയാല്‍ കെഎസ്ആര്‍ടിസിയുടെ ഇന്ധനചെലവ് കുറയ്ക്കാന്‍ കഴിയുമെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്നാണ് സിഎന്‍ജി ബസുകളുടെ ഉപയോഗക്ഷമത പരീക്ഷിക്കുന്നതിനായി ബസ് വാങ്ങിയത്.

സിഎന്‍ജി കൊച്ചിയില്‍ ലഭ്യമാണെങ്കിലും വാഹനങ്ങളിലേക്ക് ഇന്ധനം നിറയ്ക്കാനുള്ള ഡിസ്പെന്‍സിങ് യൂണിറ്റുകള്‍ കേരളത്തിലില്ല. കൊച്ചിയില്‍ സിഎന്‍ജി ഇന്ധനം വിതരണം ചെയ്യുന്നതിന് അവകാശം ലഭിച്ച ഐഒസിയുമായി ചര്‍ച്ച നടത്തി കെഎസ്ആര്‍ടിസിയുടെ ആലുവ, തേവര, തിരുവനന്തപുരം ആനയറ, കൊല്ലം, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ ഡിസ്പെന്‍സിങ് യൂണിറ്റുകള്‍ സ്ഥാപിക്കാനാണു പദ്ധതി തയാറാക്കിയത്.

എന്നാല്‍,ഇന്ധനം ലഭിക്കാതായതോടെ കൊച്ചിയില്‍ നൂറും കൊല്ലം, തൃശൂര്‍, കണ്ണൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ അന്‍പതും ബസുകള്‍ നിരത്തിലിറക്കാനുള്ള പദ്ധതി പൊളിഞ്ഞു. ലക്ഷങ്ങള്‍ ചെലവിട്ട് വാങ്ങിയ ഒരേയൊരു ബസ് ഇപ്പോള്‍ ഗാരിജില്‍ നശിക്കുന്നു. ഇന്ധനം ലഭിക്കാത്തതിനാല്‍ ബസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു കെഎസ്ആര്‍ടിസി എംഡി എ.ഹേമചന്ദ്രന്‍ ‘മനോരമ ഓണ്‍ലൈനി’നോട് പറഞ്ഞു. 

സിഎന്‍ജി ബസുകള്‍ വാങ്ങുന്നതു ബാധ്യതയാകുമെന്നു കെഎസ്ആര്‍ടിസി യൂണിയനുകളും ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലെ സാഹചര്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലകളില്‍ ബസ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നും ഇന്ധനവിലയില്‍ അടിക്കടിവരുന്ന മാറ്റങ്ങള്‍ കെഎസ്ആര്‍ടിസിയെ നഷ്ടത്തിലേക്ക് തള്ളിവിടുമെന്നുമായിരുന്നു യൂണിനുകള്‍ അഭിപ്രായപ്പെട്ടത്.

‘ബസുകള്‍ കേരളത്തിനു യോജിച്ചതല്ല. പരീക്ഷണത്തിനിടയില്‍ ഒരു ചെറിയ കയറ്റം കയറാന്‍പോലും കഴിയാതെ ബസുകള്‍ പരാജയപ്പെട്ടു’- ബസിന്റെ പരീക്ഷണ ഓട്ടത്തിന് സാക്ഷ്യം വഹിച്ച ഒരു ജീവനക്കാരന്‍ പറയുന്നു.

സിഎന്‍ജി ബസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മറ്റു കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും കെഎസ്ആര്‍ടിസി ടെക്നിക്കല്‍ ഡയറക്ടര്‍ ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു.

related stories