Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുന്നുറോളം തസ്തികകളിൽ കരാർ നിയമനത്തിന് തിരു. റെയിൽവേ ഡിവിഷൻ

kottayam-railway

കൊച്ചി∙ കരാർ നിയമനത്തിനു തിരുവനന്തപുരം റെയിൽവേ ‍ഡിവിഷനിൽ 733 ഒഴിവുകൾ. ഡിവിഷനിലെ പ്രധാന തസ്തികകളിൽ ആവശ്യത്തിനു ജീവനക്കാരില്ലെന്നു തെളിയിക്കുന്നതാണു വിജ്ഞാപനം. ഏറ്റവും കൂടുതൽ ഒഴിവുകൾ എൻജീനിയറിങ് വിഭാഗത്തിൽ ട്രാക്ക് മെയിന്റനർമാരുടേതാണ്. 300 ഒഴിവുകളാണു ഈ വിഭാഗത്തിലുള്ളത്. ടിടിഇമാരുടെ 60 ഒഴിവും സ്റ്റേഷൻ മാസ്റ്റർമാരുടെ 45 ഒഴിവുമുണ്ട്. ഷണ്ടിങ് മാസ്റ്റർ –30, സിഗ്‌നൽ ടെക്നീഷ്യൻ–40, കൊമേഴ്സ്യൽ ക്ലാർക്ക്–45 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.

കരാർ നിയമനം ആർആർബി പരീക്ഷകളെഴുതി ജോലിക്കായി കാത്തിരിക്കുന്ന യുവതലമുറയോടുള്ള വെല്ലുവിളിയാണെന്നു പരക്കെ ആക്ഷേപമുയർന്നിട്ടും റെയിൽവേ നിയമന നടപടികളുമായി മുന്നോട്ടു പോവുകയാണ്. വിരമിച്ച ജീവനക്കാർക്കു ഈ തസ്തികകളിലേക്കു ഡിസംബർ 22 മുൻപു അപേക്ഷ നൽകാമെന്നു വിജ്ഞാപനത്തിൽ പറയുന്നു. സുരക്ഷയ്ക്കു അതീവ പ്രാധാന്യം നൽകുന്നുവെന്ന അവകാശപ്പെടുന്ന റെയിൽവേ ട്രാക്ക് മെയിന്റനർമാരുടെ 300 ഒഴിവുകൾ നികത്താതിരിക്കുന്നതു കനത്ത സുരക്ഷാ വീഴ്ചയായാണു വിലയിരുത്തുന്നത്.

300 പേർ ജോലിക്കില്ലാതെ എങ്ങനെയാണു ഡിവിഷനിൽ പാളങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്നതെന്ന ചോദ്യം ബാക്കി നിൽക്കുന്നു. 60 വയസാണു റെയിൽവേയിൽ വിരമിക്കൽ പ്രായം. വിരമിച്ചവർക്കു രണ്ടു വർഷം വരെ ഡിവിഷൻ അധികൃതർക്കു പുനർനിയമനം നൽകാമെന്നാണ് വ്യവസ്ഥ. പുതിയ നിയമനം നടക്കുന്നതുവരെയോ കരാർ കലാവധി കഴിയുന്നതു വരെയോ ആയിരിക്കും നിയമനം.

എന്നാൽ അതീവശ്രദ്ധ വേണ്ട സ്റ്റേഷൻ മാസ്റ്ററുൾപ്പെടെയുള്ള തസ്തികകളിൽ വിരമിച്ചവരെ നിയമിക്കുന്നതു എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന ആശങ്കയുയർത്തുന്നു. ലോക്കോ പൈലറ്റുമാരുെട 60 ഒഴിവുകൾ ഡിവിഷനിലുണ്ടെങ്കിലും അതു കരാർ നിയമനത്തിനു വച്ചിട്ടില്ല. ശാരീരികമായ പ്രശ്നങ്ങൾ കണക്കിലെടുത്താണു മിക്ക രാജ്യങ്ങളിലും വിരമിക്കൽ പ്രയം നിശ്ചയിച്ചിരിക്കുന്നത് .

എന്നാൽ വിരമിച്ചവരെ തിരികെ എടുക്കുന്നതു ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ശാരീരിക ക്ഷമത തെളിയിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു വ്യവസ്ഥയുണ്ടെങ്കിലും റെയിൽവേ ആശുപത്രികളിൽ നിന്നു നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ മിക്കതും വ്യാജമാണെന്നു നേരത്തെ തന്നെ ആക്ഷേപമുണ്ട്. ഡിവിഷനൽ റെയിൽവേ മാനേജർക്കു നിയമനം നടത്താമെന്ന വ്യവസ്ഥ ഇഷ്ടക്കാരെ കുത്തിനിറയ്ക്കാനുള്ള മാർഗമായി മാറുമെന്ന ആശങ്കയാണ് പൊതുവിലുള്ളത്.

സുരക്ഷാ, സാങ്കേതിക വിഭാഗങ്ങളിൽ കരാർ നിയമനം നടന്നാൽ എന്തെങ്കിലും അപകടമുണ്ടായാൽ കരാർ ജീവനക്കാർക്കു എന്തെങ്കിവും തരത്തിലുള്ള ഉത്തരവാദിത്തമുണ്ടാകുമോെയന്നും വ്യക്തമല്ല.  

related stories