Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവീ കടാക്ഷം തേടി ഭക്തലക്ഷങ്ങൾ; ചക്കുളത്തുകാവ് പൊങ്കാല ഇന്ന്

alappuzha-chakkulathukavu-4

എടത്വ ∙ ചക്കുളത്തുകാവിൽ ഇന്നു പൊങ്കാല നിവേദ്യവുമായി ഭക്തലക്ഷങ്ങൾ നിരക്കുമ്പോൾ പ്രകൃതിയും മനുഷ്യനും ഒന്നാകും. ചക്കുളത്തുകാവിലേക്കുള്ള വഴിയായ വഴിയെല്ലാം ഇഷ്ടികയടുപ്പുകൾ നിറഞ്ഞു. നീരേറ്റുപുറം മുതൽ തിരുവല്ല, ചെങ്ങന്നൂർ, പൊടിയാടി, മാവേലിക്കര, കിടങ്ങറ, എടത്വ തുടങ്ങി എല്ലാ റോഡുകളിലും പൊങ്കാലക്കലങ്ങളാണ്. ശർക്കരപ്പായസം, വെള്ളച്ചോറ്, പാൽപ്പായസം. നിവേദ്യങ്ങൾ ഓരോ തരത്തിലാണ്.  

പുലർച്ചെ മൂന്നിനു ക്ഷേത്രദർശനത്തിനു തിരക്കു പതിവിലധികമായിരുന്നു. കണ്ണെത്തുന്നിടത്തെല്ലാം പ്രാർഥനാനിരതര‍ായ സ്ത്രീകളുടെ കൂപ്പുകൈകൾ മാത്രം. ഗണപതിക്കൊരുക്കിനു മുന്നിൽ കത്തിച്ച വിളക്ക്. അതിനു മുന്നിൽ അടയും മോദകവും. പൊങ്കാല അടുപ്പിനു മുകളിൽ പുത്തൻകലം കോലംവരച്ചു വിളിച്ചുചൊല്ലി പ്രാർഥനയ്ക്കായി കാതോർത്തു നിൽക്കുന്നു. 

ശനിയാഴ്ച രാത്രി മുതൽ കഞ്ഞിയും പയറും തയാറാക്കി വഴിപാടു കഴിച്ചു. പല സംഘടനകൾ സൗജന്യ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. 17 വർഷമായി തിരുവനന്തപുരത്തു നിന്നെത്തി ആയിരക്കണക്കിനു ഭക്തർക്കു സൗജന്യ ഭക്ഷണം നൽകുന്ന ശെൽവരാജും സംഘവും ഇക്കുറിയും തലവടി പഞ്ചായത്ത് ജംക്‌ഷനു സമീപം ഭക്ഷണം തയാറാക്കിയിട്ടുണ്ട്. ക്ഷേത്രസമിതിയും സന്നദ്ധസംഘ‍ടനകളും രാവിലെ മുതൽ സൗജന്യഭക്ഷണം നൽകും. ഇന്നു പൊങ്കാല കഴിഞ്ഞു മടങ്ങുന്നവർക്കും ഭക്ഷണം ലഭിക്കും.

പൊങ്കാല കഴിയുന്നതുവരെ പുരുഷന്മാർക്കു ക്ഷേത്രത്തിൽ‍ പ്രവേശനമില്ല. ശനിയാഴ്ച മുതൽ വിവിധ ഭാഷകളിൽ പൊങ്കാല അറിയിപ്പു നൽകുന്നുണ്ട്. പുലർച്ചെ ശ്രീകോവിലിൽ നിന്നു മൂലബിംബത്തോടൊപ്പം കൊടിവിളക്കിൽ കത്തിച്ചെടുക്കുന്ന ദീപം കൊടിമരച്ചുവട്ടിലെ പണ്ടാര പൊങ്കാലയടുപ്പിനു സമീപം വാദ്യ മേളങ്ങളുടെയും മന്ത്രോച്ചാരണങ്ങളുടെയും അകമ്പടിയോടെ മേൽശാന്തി എത്തിക്കുന്നതോടെ പൊങ്കാലച്ചടങ്ങുകൾ ആരംഭിക്കും.

വിളിച്ചുചൊല്ലി പ്രാർഥനയ്ക്കു ശേഷം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ പൊങ്കാല നിവേദ്യത്തിനുള്ള ആദ്യ മൂന്നുപിടി ഉണക്കലരി ഇടും. വിശിഷ്ടാതിഥികളും ഭക്തരും അരിപകരും. നറുനെയ്ത്തിരിയിൽ നിലവറ ദീപം കൊളുത്തി പണ്ടാരയടുപ്പിൽ അഗ്നിപകരും.

ഇവിടെനിന്നു പകരുന്ന ദീപം മറ്റു പൊങ്കാല അടുപ്പുകളിലേക്കു പടരും. പതിനൊന്നു മണിയോടെ 41 ജീവതകളിലായി ദേവീ ചൈതന്യം പൊങ്കാല തളിക്കുന്നതിന് എഴുന്നള്ളും. ഉച്ച ദീപാരാധനയോടെ ചടങ്ങുകൾ സമാപിക്കും. വൈകിട്ടു പ്രസിദ്ധമായ കാർത്തികസ്തംഭം കത്തിക്കും. സാംസ്കാരിക സമ്മേളനം തോമസ് ചാണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി ഭദ്രദീപം തെളിയിക്കും.