Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ഭീകരപദ്ധതി ബ്രിട്ടീഷ് സേന തകർത്തു

theresa-may തെരേസ മേ.

ലണ്ടൻ∙ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ യെ വധിക്കാനുള്ള തീവ്രവാദികളുടെ ശ്രമം ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗം തകർത്തതായി റിപ്പോർട്ട്. 10, ഡൗണിങ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ സ്ഫോടക വസ്തു സ്ഥാപിച്ചു ചാവേർ ആക്രമണം നടത്താനായിരുന്നു പദ്ധതി. യുകെ മാധ്യമമായ സ്കൈ ന്യൂസാണു പദ്ധതി തകർത്തെന്ന റിപ്പോർട്ട് പുറത്തുവിട്ടത്. അന്വേഷണ സംഘം അറസ്റ്റ് ചെയ്ത രണ്ടുപേരെ കോടതിയിൽ ഹാജരാക്കുമെന്നും സ്കൈ ന്യൂസ് പറയുന്നു. ആക്രമണ പദ്ധതിയെ കുറിച്ച് വിവരങ്ങൾ പുറത്തുവന്നതോടെ തെരേസ മേ യ്ക്ക് വൻസുരക്ഷയും ഏർപ്പെടുത്തി.

ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ടു രണ്ടുപേരെ കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. വടക്കൻ ലണ്ടനിൽനിന്ന് നൈമുർ സഖറിയാ റഹ്മാൻ (20), തെക്കു കിഴക്കൻ ബിർമിങ്ഹാമിൽനിന്ന് മുഹമ്മദ് അഖിബ് ഇമ്രാൻ (21) എന്നിവരാണ് അറസ്റ്റിലായത്.

ഈ വർഷം രാജ്യത്ത് ഉണ്ടാകുമായിരുന്ന നിരവധി ഭീകരാക്രമണ പദ്ധതികൾ ബ്രിട്ടീഷ് പൊലീസ് തകർത്തിരുന്നു. സ്കോട്ട്ലൻഡ് യാർഡ്, എംഐ 5, വെസ്റ്റ് മിഡ്‌ലാൻ‍ഡ് പൊലീസ് എന്നിവർ സംയുക്തമായാണു നീക്കങ്ങൾ നടത്തിയത്. കഴിഞ്ഞ വർഷം ഒൻപതു ഭീകരാക്രമണങ്ങളാണു തകർത്തതെന്നു ചൊവ്വാഴ്ച എംഐ 5 വെളിപ്പെടുത്തിയിരുന്നു. ദീർഘനാളായി ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ ആയിരുന്നു ഭീകരരുടെ ലക്ഷ്യം.

1991ൽ പ്രധാനമന്ത്രി ജോൺ മേജറിനെ ലക്ഷ്യമിട്ട് ഐറിഷ് റിപ്പബ്ലിക്കൻ ആർമി (ഐആർഎ) ബോംബ് ആക്രമണം നടത്തിയിരുന്നു. തദ്ദേശീയമായി നിർമിച്ച മോട്ടോർ – ബോംബ് പ്രധാനമന്ത്രിയുടെ വസതിയുടെ പിൻവശത്തെ പൂന്തോട്ടത്തിലാണു പതിച്ചത്. പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർക്കുനേരെയും ഐആർഎ ആക്രമണം നടത്തിയിരുന്നു. 1984ലായിരുന്നു ഇത്. അന്നു കൺസർവേറ്റീവ് പാർട്ടി യോഗത്തിനു ബ്രൈറ്റണിലെത്തിയ താച്ചർ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. എന്നാൽ കൺസർവേറ്റീവ് എംപിയടക്കം അഞ്ചുപേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.