Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ ‘ജറുസലം തീരുമാനം’ ഏറ്റവും വലിയ കുറ്റകൃത്യം: പലസ്തീൻ പ്രസിഡന്റ്

mahmoud-abbas മഹ്മൂദ് അബ്ബാസ്

കയ്റോ∙ ട്രംപ് ഭരണകൂടത്തിന്റെ ‘ജറുസലം തീരുമാനം’ ഏറ്റവും വലിയ കുറ്റകൃത്യമാണെന്നു പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള യുഎസിന്റെ തീരുമാനം രാജ്യാന്തര നിയമത്തിന്റെ ലംഘനമാണ്. ജറുസലം എല്ലായ്പ്പോഴും പലസ്തീന്റെ തലസ്ഥാനമായിരിക്കും– തുർക്കിയിൽ അടിയന്തരമായി ചേർന്ന മുസ്‍‌ലിം നേതാക്കളുടെ യോഗത്തിൽ അബ്ബാസ് അറിയിച്ചു.

അമേരിക്കൻ നഗരമെന്നപോലെയാണു യുഎസ് ജറുസലമിനെ എടുത്തു ഇസ്രയേലിനു നൽകിയത്. എല്ലാ നിയമങ്ങളും യുഎസ് മറികടന്നു. ‘സയണിസ്റ്റ് മൂവ്മെന്റിന്’ ഒരു സമ്മാനം എന്ന നിലയിലാണു ട്രംപ് ജറുസലം വിഷയത്തിൽ തീരുമാനം എടുത്തത്. മധ്യപൂർവേഷ്യയിലെ സമാധാനശ്രമങ്ങളിൽ ഇസ്രയേലിനു അനുകൂലമായി യുഎസ് ഇടപെടുന്നത് അംഗീകരിക്കാനാകില്ല. ജറുസലം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കാതെ ഒരു സമാധാനവും സ്ഥിരതയും മധ്യപൂർവേഷ്യയിൽ ഉണ്ടാകില്ലെന്നും അബ്ബാസ് വ്യക്തമാക്കി.

ജറുസലം പലസ്തീന്റെ തലസ്ഥാനം: തുർക്കി പ്രസിഡന്റ്

ജറുസലമിനെ പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നു ലോക നേതാക്കളോടു തുർക്കി പ്രസിഡന്റ് തയിപ് എർദോഗന്‍ ആവശ്യപ്പെട്ടു. ഇതിനു മുസ്‌ലിം രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണം. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച യുഎസിന്റെ നടപടി പിൻവലിക്കണമെന്നും ഇസ്താംബൂളിൽ ചേർന്ന യോഗത്തിൽ എർദോഗൻ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ലോകത്തെ ‘അവസാനിക്കാത്ത അഗ്നിയിലേക്കാണ്’ എത്തിക്കുന്നതെന്നു തുർക്കി വിദേശകാര്യമന്ത്രി മെവ്‌ലുത് കാവുസോഗ്‌ലു അറിയിച്ചു.

ഇസ്രയേൽ – പലസ്തീൻ സംഘർഷം പരിഹരിക്കാതെ മേഖലയിൽ സമാധാനം കൊണ്ടുവരാനാകില്ലെന്നു ജോർദാന്റെ അബ്ദുല്ല രാജാവ് അറിയിച്ചു. ജറുസലം വിഷയത്തിൽ തൽസ്ഥിതി മാറ്റുന്ന ഏതു തീരുമാനത്തെയും തള്ളിക്കളയുന്നുവെന്നും അബ്ദുല്ല രാജാവ് പറഞ്ഞു. ട്രംപിന്റെ നീക്കം പലസ്തീൻകാരുടെ ന്യായമായ അവകാശത്തെ മാനിക്കാതെയുള്ളതാണെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി വ്യക്തമാക്കി.

അമ്പതിൽ പരം മുസ്‌ലിം രാജ്യങ്ങളിൽനിന്നുള്ള നേതാക്കൻമാരും മന്ത്രിമാരും ഇസ്താംബൂളിലെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.