കേരള സ്റ്റാർട്ടപ്പുകൾക്ക് സഹായം പരിഗണനയിൽ: ഇസ്രയേൽ കോൺസൽ ജനറൽ

dana-karsha
SHARE

കൊച്ചി ∙ കേരളത്തിലെ സ്റ്റാർട്ടപ് സംരംഭങ്ങളെ സഹായിക്കുന്നതു സംബന്ധിച്ചു ചർച്ചകൾ നടക്കുകയാണെന്നു ദക്ഷിണേന്ത്യയിലെ ഇസ്രയേൽ കോൺസൽ ജനറൽ ഡാന കർഷ്. ഐടി പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി ചർച്ച നടത്തിയിരുന്നു. കൊച്ചിയിൽനിന്ന് ഇസ്രയേലിലേക്കു നേരിട്ടു വിമാന സർവീസ് ഇല്ലാത്തതു ടൂറിസത്തിനു തിരിച്ചടിയാണ്. സാങ്കേതിക തടസ്സങ്ങൾ നീങ്ങി സർവീസ് ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് അവർ പറഞ്ഞു. മലയാള മനോരമ ഓഫിസിൽ പത്രാധിപ സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അവർ.

∙ ഇന്ത്യയിലെയും ഇസ്രയേലിലെയും സ്റ്റാർട്ടപ്, ഗവേഷണ സംരംഭങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം വർധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും ചേർന്നു 4 കോടി ഡോളറിന്റെ ഇന്നവേഷൻ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന്റെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദശനത്തിന്റെയും ബാക്കിപത്രമാണത്. ചില സ്റ്റാർട്ടപ്പുകൾക്കായി ആദ്യ ഗഡു തുക ഇസ്രയേൽ അനുവദിച്ചു കഴിഞ്ഞു. സൈബർ സെക്യൂരിറ്റി, കുടിവെള്ള ശുദ്ധീകരണം, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിൽ ഇന്ത്യയുമായി സഹകരിക്കാനായി ഇസ്രയേൽ വിവിധ കരാറുകളിലെത്തിയിട്ടുണ്ട്. കർണാടകയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി അവിടുത്തെ സർക്കാരുമായി സഹകരിക്കുന്നുണ്ട്.

∙ സമൂഹത്തിന് അങ്ങേയറ്റം ആവശ്യമുള്ള ഉൽപന്നമോ സേവനമോ ആണു നൽകുന്നതെങ്കിൽ സ്റ്റാർട്ടപ്പുകളുടെ വിജയ സാധ്യത കൂടും. ടീം വർക് അല്ലെങ്കിൽ സ്റ്റാർട്ടപ് ടീം അംഗങ്ങളുടെ പൊരുത്തം പ്രധാനമാണ്. സർക്കാരിന്റെ പിന്തുണയാണു മൂന്നാമത്തെ വിജയ ഘടകം. ഇസ്രയേൽ നൽകുന്ന അനുഭവം അതാണ്.

∙ ഇസ്രയേൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കാർഷിക മേഖലയിൽ 30 മികവിന്റെ കേന്ദ്രങ്ങൾ (സെന്റർ ഓഫ് എക്സലൻസ്) ആരംഭിച്ചിട്ടുണ്ട്.
 തമിഴ്നാട്ടിലും കർണാടകയിലും അവ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലും ആലോചിക്കാവുന്നതാണ്.

∙ വ്യവസായ സൗഹൃദ സമീപനത്തിൽ ഇന്ത്യ ഏറെ മെച്ചപ്പെട്ടുവെങ്കിലും ഇസ്രയേൽ അക്കാര്യത്തിൽ ഇന്ത്യയെക്കാൾ വളരെ മുന്നിലാണെന്നും അവർ പറഞ്ഞു.
മലയാള മനോരമ ചീഫ് അസോഷ്യേറ്റ് എഡിറ്റർ റിയാദ് മാത്യു ഉപഹാരം സമ്മാനിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA