Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തു ചോദിച്ചാലും ഇല്ല എന്ന മറുപടിയുമായി റെയിൽവേ ഡിവിഷനൽ യോഗം

Train-04 Representative Image

കൊച്ചി∙ എന്ത് ചോദിച്ചാലും ഇല്ല എന്ന മറുപടിയുമായി തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ കൺസൾട്ടേറ്റീവ് കമ്മിറ്റി (ഡിആർയുസിസി) യോഗം. പരശുറാം എക്സ്പ്രസിനു ചിറയിൻകീഴിൽ സ്റ്റോപ്പ്, വേണാട് വൈകുന്ന ദിവസങ്ങളിൽ പാലരുവി എക്സ്പ്രസിനു ഏറ്റുമാനൂരിൽ സ്റ്റോപ്പ് പരിഗണിക്കും തുടങ്ങിയ പ്രഖ്യാപനങ്ങൾ മാത്രമാണ് ആശ്വാസം. കുറുപ്പന്തറ- ഏറ്റുമാനൂർ (എട്ട് കിലോമീറ്റർ) പാത ഇരട്ടിപ്പിക്കൽ 2018 ഏപ്രിൽ 30ന് മുൻപായി പൂർത്തിയാക്കുമെന്നും റെയിൽവേ അറിയിച്ചു.

നേമം ടെർമിനൽ, എറണാകുളം- ഷൊർണൂർ മൂന്നാം പാത എന്നിവ വർക്സ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി. പുതിയ ട്രെയിനുകളുടെ കാര്യത്തിൽ ടെർമിനൽ സൗകര്യമില്ലെന്നാണ് വിശദീകരണം. ആറു മാസം മുൻപു നടന്ന യോഗത്തിൽ എറണാകുളം - സേലം ഇന്റർസിറ്റി ട്രെയിനിനായി ശുപാർശ കൈമാറിയെന്നു പറഞ്ഞ അധികൃതർ ഇത്തവണ ട്രെയിനിന്റെ സാധ്യത പരിശോധിക്കുമെന്നാണ് വ്യക്തമാക്കിയത്.

രാവിലെയും വൈകിട്ടും കൂടുതൽ മെമു ട്രെയിനുകൾ ഒാടിക്കണമെന്ന ആവശ്യത്തിനു ടെർമിനൽ സൗകര്യമില്ലെന്നാണു നിലപാട്. എന്നാൽ എറണാകുളം മാർഷലിങ് യാഡ്, എറണാകുളം ഒാൾഡ് റെയിൽവേ സ്റ്റേഷൻ എന്നിവ ടെർമിനലുകളാക്കാൻ പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. കൊല്ലത്തു പിറ്റ്‌ലൈൻ സ്ഥാപിക്കാനും കൊച്ചുവേളി വികസിപ്പിക്കാനും പദ്ധതികളില്ല. മൂന്നാം പ്ലാറ്റ്ഫോമിനു താഴെ ട്രാക്കില്ലാത്ത കൊച്ചുവേളിയിൽ അംഗീകരിച്ച ജോലികൾ പൂർത്തിയാക്കി.

എറണാകുളം- രാമേശ്വരം ട്രെയിൻ അനുവദിക്കാനും ടെർമിനൽ സൗകര്യമില്ല. അമൃത എക്സ്പ്രസും രാജ്യറാണി എക്സ്പ്രസും സ്വതന്ത്ര ട്രെയിനാക്കാനും ടെർമിനൽ അപര്യാപ്തത തടസമാണ്. കൊച്ചുവേളി ടെർമിനൽ 30 ശതമാനം പോലും ഉപയോഗിക്കുന്നില്ലെന്നു പറഞ്ഞവർ തന്നെയാണു അമൃത സ്വതന്ത്ര ട്രെയിനാക്കാൻ തിരുവനന്തപുരത്തു പ്ലാറ്റ്ഫോം സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയത്. രാജ്യറാണിയോ അമൃതയോ കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന തരത്തിലാക്കിയാൽ തീരാവുന്ന പ്രശ്നമാണിത്.

പ്രതിവർഷം 1000 കോടി രൂപയ്ക്കു മുകളിൽ വരുമാനമുള്ള ഡിവിഷനിൽ കൊല്ലം മെമു ഷെഡിന് 14 കോടി രൂപ അനവദിക്കാൻ ഫണ്ടില്ലെന്നും പറഞ്ഞു. കേരളത്തിലെ മെമു സർവീസുകൾ പ്രതിദിനമാക്കാൻ ഒരു മെമു റേക്ക് കൂടി അടിയന്തരമായി വേണമെന്നു പറഞ്ഞിരുന്ന ഡിവിഷൻ ആവശ്യത്തിനു റേക്കുകളുണ്ടെന്ന് നിലപാട് മാറ്റി. റെയിൽവേയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന മറുപടികളാണു പല ചോദ്യത്തിനും ലഭിച്ചതെന്നു അംഗങ്ങൾ പറഞ്ഞു. ഡിവിഷനൽ റെയിൽവേ മാനേജർ പ്രകാശ് ഭൂട്ടാനി, ഒാപ്പറേറ്റിങ് വിഭാഗം മേധാവി പി.എൽ.അശോക് കുമാർ, കൊമേഴ്സ്യൽ വിഭാഗം മേധാവി വി.സി.സുധീഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

related stories