Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തെ ഞെട്ടിച്ച് വൻ കവർച്ച; തൃപ്പൂണിത്തുറയിൽ വീട്ടുകാരെ കെട്ടിയിട്ട് 50 പവൻ കവർന്നു

Theft in Tripunithura തൃപ്പൂണിത്തുറയിൽ കവർച്ച നടന്ന വീട്ടിൽ പരിശോധന നടത്തുന്ന സിറ്റി പൊലീസ് കമ്മിഷണർ എം. പി. ദിനേശ്.

കൊച്ചി ∙ തൃപ്പൂണിത്തുറ ഹിൽപാലസിനു സമീപം അർധരാത്രി വീട്ടുകാരെ കെട്ടിയിട്ട് വൻകവർച്ച. ഗൃഹനാഥനടക്കം അഞ്ചു പേർക്ക് പരിക്ക്. തൃപ്പൂണിത്തുറ എസ്എംപി കോളനി റോഡിൽ നന്നപ്പിള്ളി വീട്ടിൽ അനന്ദകുമാറിന്റെ ഭവനത്തിലാണ് ഇന്നു പുലർച്ചയോടെ കവർച്ച നടന്നത്. 50 പവനും ഇരുപതിനായിരം രൂപയും മൊബൈൽ ഫോണുകളും കവർച്ച ചെയ്തു.

ഏകദേശം 15 പേരടങ്ങുന്ന വടക്കേ ഇന്ത്യൻ സ്വദേശികളായ സംഘമാണ് കവർച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ മുൻപിലെ ജനാലയുടെ കമ്പികൾ അറുത്താണ് മോഷ്ടക്കൾ അകത്തു കടന്നത്. വീട്ടിൽ ആനന്ദകുമാർ (49), അമ്മ സ്വർണമ്മ (72), മക്കൾ ദീപക് , രൂപക്‌ എന്നിവരെ വീടിന്റെ ഓരോ മുറിയിലും ഭാര്യ ഷാരിയെ (46) ബാത്ത്റൂമിലുമായി കെട്ടിയിട്ട നിലയിലായിരുന്നു.

കവർച്ച സംഘം പോയ ശേഷം നാലരയോടെ ഇളയ മകനായ രൂപക് കെട്ടഴിക്കുകയും തുടർന്ന് ഒച്ചവെച്ചു സമീപവാസികളെ വിവരം അറിയിക്കുകയുമാണ് ഉണ്ടായത്. രൂപക്കിന്റെ ബഹളം കേട്ട സമീപവാസികളായ അഭിലാഷ് ജോർജ്‌, അഖിൽ തോമസ് എന്നിവർ ഇവരെ രക്ഷപ്പെടുത്തുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സിറ്റി പൊലീസ് കമീഷണർ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വൻ കവർച്ച നടന്ന വീട് റെയിൽവേ ട്രാക്കിൽ നിന്നും 80 മീറ്റർ മാത്രം ദൂരത്താണെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് മൂന്നുദിവസത്തിനിടെ നടക്കുന്ന മൂന്നാം കവർച്ചയാണിത്. കാസർകോട് ചീമേനിയിലായിരുന്നു രണ്ടു ദിവസം മുൻപത്തെ കവർച്ച. അവിടെ വീട്ടമ്മയെ കഴുത്തറുത്ത് കൊന്നശേഷമായിരുന്നു മോഷണം നടത്തിയത്. അതേസമയം, കൊച്ചി പുല്ലേപ്പടിയിൽ ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നത്. വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവരുകയായിരുന്നു.

related stories