Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ഷിക്കർപൂർ മോഡൽ?; വിരൽചൂണ്ടുന്നത് ഹരിയാന സംഘത്തിലേക്ക്

atm-theft-lorry മോഷ്ടാക്കൾ സഞ്ചരിച്ച പിക്കപ്പ വാനിന്റെ ദൃശ്യം ദേശീയപാതയിലെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞപ്പോൾ.

തൃശൂർ ∙ കൊരട്ടിയിലും ഇരുമ്പനത്തും എടിഎം കൗണ്ടർ തകർത്ത് 35 ലക്ഷം രൂപ കവർന്ന സംഭവം വിരൽചൂണ്ടുന്നത് ‘ഷിക്കർപൂർ മോഡലി’ലേക്ക്. കഴിഞ്ഞ വർഷം ആലപ്പുഴയിൽ മൂന്നിടങ്ങളിൽ എടിഎം കവർച്ച ചെയ്ത അതേ മാതൃകയിലാണ് കൊരട്ടിയിയും ഇരുമ്പനത്തും കവർച്ചകൾ. ഹരിയാന മേവാറിലെ ഷിക്കർപൂർ ഗ്രാമത്തിൽ നിന്നുള്ള സംഘമാണ് ആലപ്പുഴയിൽ കവർച്ച നടത്തിയത്. സമാനതകൾ കണക്കിലെടുത്ത് ഷിക്കർപൂർ സംഘത്തിൽപ്പെട്ടവരോ ഇവരുമായി ബന്ധമുള്ളവരോ ആകാം പ്രതികളെന്നു പൊലീസ് സംശയിക്കുന്നു. പൊലീസ് കാണുന്ന സമാനതകൾ ഇങ്ങനെ:

∙ ഓടുന്ന വാൻ, ഒന്നിലധികം എടിഎം

ആലപ്പുഴയിൽ കഴിഞ്ഞവർഷം ഏപ്രിൽ 25ന് ആയിരുന്നു മൂന്ന് എടിഎമ്മുകളിൽ മോഷണം നടന്നത്. ചെങ്ങന്നൂർ പടനിലത്തെ എടിഎം കൗണ്ടർ തകർത്ത് 3.69 ലക്ഷം രൂപ മോഷ്ടിച്ച സംഘം, കഞ്ഞിക്കുഴിയിലും രാമപുരത്തും കവർച്ചാശ്രമം നടത്തി. ഹരിയാനയിലെ ഷിക്കർപൂരിൽ നിന്ന് ഏപ്രിൽ മധ്യത്തോടെ വാനിലാണു സംഘം കേരളത്തിലെത്തിയത്. ഡൽഹി പൊലീസിലെ ഹെഡ്കോൺസ്റ്റബിൾ അസ്‌ലബ് ഖാൻ ആയിരുന്നു കൊള്ളസംഘത്തലവൻ.

ഡൽഹി റജിസ്ട്രേഷനിലുള്ള വാനിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് ആലപ്പുഴയിൽ കവർച്ച നടത്തിയത്. വാനിൽ തന്നെ സംഘം കേരളം വിടുകയും ചെയ്തു. ഇതേ മാതൃകയിൽ തന്നെയാണ് കൊരട്ടിയിലും ഇരുമ്പനത്തും മോഷണം നടന്നത്. ഒരേദിവസം ഒന്നിലധികം എടിഎം എന്നതാണ് ഇവരുടെ രീതി. ഒരു വ്യത്യാസം മാത്രം, ഇത്തവണ ഉപയോഗിച്ചതു മോഷ്ടിച്ച വാൻ ആയിരുന്നു. ഇതേ രാത്രി തന്നെ കളമശേരിയിലും കോട്ടയത്തും എടിഎമ്മുകളിൽ മോഷണശ്രമം നടന്നിട്ടുണ്ട്. മോഷണരീതി സമാനം.

∙ ഗ്യാസ് കട്ടർ ആയുധം

എല്ലാ എടിഎം മെഷീനുകളും ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർക്കാവുന്നവയല്ല. ചില കമ്പനികളുടെ മെഷീനുകളിൽ പുറംഭാഗത്തും അകത്തുമായി രണ്ട് ഇരുമ്പുപാളികൾക്കുള്ളിലാകും ക്യാഷ് ട്രേ. മറ്റുചില കമ്പനികൾ പുറംഭാഗത്തെ ലോഹപാളിക്കു പുറമെ ഉള്ളിൽ ഇരുമ്പുകമ്പി പാകിയ കോൺക്രീറ്റ് പാളി ഉപയോഗിക്കുന്നു. കോൺക്രീറ്റ് പാളിയുള്ള എടിഎം കൗണ്ടറുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർക്കാനാവില്ല. എന്നാൽ, ആലപ്പുഴയിലും കൊരട്ടിയിലും ഇരുമ്പനത്തുമെല്ലാം ലോഹപാളികൾ മാത്രമുള്ള എടിഎം െമഷീനുകളാണ് മോഷ്ടാക്കൾ ഉന്നമിട്ടത്. എടിഎം തകർക്കാൻ ഉപയോഗിച്ച ആയുധം ഗ്യാസ് കട്ടറും.

∙ സെൻസറും ക്യാമറയും തകർക്കും

എടിഎം മെഷീനുകളിൽ ഹീറ്റ് സെൻസറുകൾ പ്രവർത്തിക്കുന്നതിനാൽ ഗ്യാസ് കട്ടറിന്റെ ചൂട് തട്ടിയാൽ ഇവ അലാം മുഴക്കും. ബാങ്കുകളുമായി സെൻസർ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ തൽസമയം മോഷണവിവരം പുറത്താകുകയും ചെയ്യും. കൊരട്ടിയിലെയും ആലപ്പുഴയിലെയും മോഷണസംഘങ്ങൾക്കു സെൻസറിന്റെ പ്രവർത്തനരീതി കൃത്യമായി അറിയാമെന്നു പൊലീസ് കണക്കുകൂട്ടുന്നു. കൊരട്ടിയിൽ ഹീറ്റ് സെൻസറിന്റെ പ്രവർത്തനം തകരാറിലാക്കിയശേഷമാണ് മോഷ്ടാക്കൾ പണം കവർന്നത്. ആലപ്പുഴയിലെ കഞ്ഞിക്കുഴിയിൽ ഹീറ്റ് സെൻസർ പ്രവർത്തിക്കാൻ തുടങ്ങുന്നെന്നു മനസിലാക്കി മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ചു കടന്നു.

∙ അകത്തുനിന്നു ഷട്ടറിടും

രാത്രിയിൽ അധികമാരുടെയും ശ്രദ്ധയിൽ നേരിട്ടു പെടാത്ത എടിഎം കൗണ്ടറുകളായിരുന്നു രണ്ടു കവർച്ചാകേസുകളിലും മോഷ്ടാക്കളുടെ ഉന്നം. കൊരട്ടിയിൽ കൗണ്ടറിനുള്ളിൽ കടന്നശേഷം മോഷ്ടാക്കൾ ആദ്യം ചെയ്തത് ഷട്ടർ അകത്തുനിന്നു താഴ്ത്തിയിടുകയായിരുന്നു. ആരും ഷട്ടർ താഴ്ത്താതിരിക്കാൻ ബാങ്ക് അധികൃതർ ഷട്ടർ ഉയർത്തിവച്ചു പൂട്ടിയിരുന്നെങ്കിലും താഴ് തകർത്തശേഷമാണ് മോഷ്ടാക്കൾ താഴ്ത്തിയത്. ചെങ്ങന്നൂർ പടനിലത്തെ എടിഎമ്മിലും മോഷ്ടാക്കൾ അകത്തുനിന്നു ഷട്ടറിട്ടിരുന്നു.

ജാമ്യത്തിലിറങ്ങിയ മഹാരാഷ്ട്ര സംഘത്തിലേക്കും സംശയമുന 

കൊച്ചി∙ എടിഎം കവർച്ചക്കേസിൽ മഹാരാഷ്ട്രയിലെ താനെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്രിമിനൽ സംഘത്തെ ചുറ്റിപ്പറ്റിയും അന്വേഷണം. കഴിഞ്ഞ മേയ് മാസത്തിൽ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത സന്തോഷ്ഗിരി, അഫ്താബ്ഖാൻ എന്നിവരുടെ സംഘത്തിലെ പലരും അടുത്തകാലത്ത് ജാമ്യത്തിൽ ഇറങ്ങിയിരുന്നു. വടക്കേ ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത 26 എടിഎം കവർച്ച കേസുകളിലെ പ്രതിയാണു സന്തോഷ്ഗിരി. ഒരു വർഷം മുൻപ് പഞ്ചാബ് കബൂർത്തല പൊലീസ് അറസ്റ്റു ചെയ്ത 12 അംഗ എടിഎം കൊള്ളസംഘത്തിന്റെ വിശദാംശങ്ങളും കേരളാപൊലീസ് ശേഖരിക്കുന്നുണ്ട്.

76 കേസുകളാണ് ഇവരുടെ അറസ്റ്റോടെ തെളിഞ്ഞത്. എടിഎം മെഷീൻ തകർത്തു കൊള്ള നടത്തുന്നത് ഇവരുടെ രീതിയാണ്. ഇതര സംസ്ഥാനക്കാരായ പ്രതികളെ കണ്ടെത്താൻ കൃത്യമായ രൂപരേഖയോടെയാണ് അന്വേഷണ സംഘം നീങ്ങുന്നതെന്ന് തൃക്കാക്കര അസി.കമ്മീഷണർ പി.പി.ഷംസ് പറഞ്ഞു. കൊരട്ടിയിലും ഇരുമ്പനത്തും കണ്ടെത്തിയ വിരലടയാളങ്ങൾ താരതമ്യം ചെയ്യുന്നതിനു ന്യൂഡൽഹിയിലെ നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്കു കൈമാറി.

related stories