Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവൈപ്പ് പദ്ധതിക്ക് തടസ്സമില്ല; സമരക്കാരുടെ ഹർജി ഹരിത ട്രൈബ്യൂണൽ തള്ളി

Puthuvype Protests

ചെന്നൈ∙ പുതുവൈപ്പ് ഐഒസി പ്ലാന്‍റിലെ ടാങ്ക് നിര്‍മാണത്തിനും ടെർമിനൽ നിർമാണത്തിനും തടസ്സമില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. പദ്ധതിയുമായി സർക്കാരിനു മുന്നോട്ടുപോകാം. അപകട ഭീഷണി ഉയർത്തുന്നതാണ് പദ്ധതിയെന്ന് സമരക്കാരുടെ ആരോപണത്തിനു കഴമ്പില്ലെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. കരയിടിച്ചിൽ തടയാൻ വിദഗ്ധരുടെ നിർദേശങ്ങൾ നടപ്പാക്കണം. വേലിയേറ്റ മേഖല രേഖപ്പെടുത്തിയ 1996ലെ തീരദേശ ഭൂപടം നിലനിൽക്കുമെന്നും ട്രൈബ്യൂണൽ അറിയിച്ചു.

തീരദേശ നിയമങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടു പ്രദേശവാസികൾ സമർപ്പിച്ച ഹർജികളിലാണു ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ വിധി പറഞ്ഞത്. അതേസമയം, പദ്ധതി അനുവദിക്കില്ലെന്ന് പുതുവൈപ്പ് സമരസമിതി അറയിച്ചു. ജീവിക്കാനുള്ള അവകാശത്തിനാണ് സമരം. മരിക്കേണ്ടി വന്നാലും എൽഎൻജി ടെർമിനലിനെതിരായ സമരം തുടരുമെന്നും അവർ വ്യക്തമാക്കി.

പുതുവൈപ്പിലെ ഐഒസി പ്ലാന്‍റിലെ ടാങ്ക് നിര്‍മാണവും ടെര്‍മിനല്‍ നിര്‍മാണവും തടയണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. 1996ലെ തീരദേശ ഭൂപടപ്രകാരമുള്ള വേലിയേറ്റ മേഖലയിലാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും അതിലൂടെ പാരിസ്ഥിതിക നാശവും തീരശോഷണവും സംഭവിക്കുമെന്നും ചൂണ്ടിക്കാട്ടിയാണു പ്രദേശവാസികളായ മുരളി, രാധാകൃഷ്ണൻ എന്നിവർ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. കേന്ദ്രസര്‍ക്കാര്‍ പാരിസ്ഥിതികാനുമതി നല്‍കിയപ്പോള്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും ഹർജികളിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ പാരിസ്ഥിതികാനുമതിക്കായി പിന്നീടു തയാറാക്കിയ തീരദേശ ഭൂപടപ്രകാരം വേലിയേറ്റ രേഖ ലംഘിച്ചില്ല എന്നാണ് ഐഒസി പറയുന്നത്. വാദത്തിനിടയില്‍ തീരദേശ ഭൂപടത്തെചൊല്ലി വലിയ തര്‍ക്കമുണ്ടായിരുന്നു. ജസ്റ്റിസ് ജ്യോതിമണിയായിരുന്നു ആദ്യം വാദം കേട്ടത്. അദ്ദേഹം വിരമിച്ചശേഷമാണു ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ബെഞ്ചിലേക്കു കേസ് എത്തുന്നത്. ട്രൈബ്യൂണൽ നിർദേശ പ്രകാരം 1996ലെ ബ്ലാക്ക് ആന്‍റ് വൈറ്റ് തീരദേശ ഭൂപടത്തിനു പകരം കൂടുതല്‍ വ്യക്തതയുള്ള ഡിജിറ്റല്‍ ഭൂപടം സര്‍ക്കാര്‍ സമര്‍പ്പിക്കുകയായിരുന്നു. വേലിയേറ്റ രേഖ ലംഘിച്ചുള്ള കയ്യേറ്റ നിര്‍മാണങ്ങളുടെയടക്കം ഫൊട്ടോഗ്രാഫുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

നേരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി ഹരിത ട്രൈബ്യൂണല്‍ തടഞ്ഞിരുന്നു. പിന്നീട് ഐഒസി ഹൈക്കോടതിയെ സമീപിച്ചു പ്രവര്‍ത്തനാനുമതി നേടുകയായിരുന്നു. എന്നാല്‍ ജനകീയ സമരം കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. കേസിൽ സർക്കാർ വിരുദ്ധ നിലപാടു സ്വീകരിക്കുന്നെന്ന ഐഒസിയുടെ പരാതിയെ തുടർന്നു സർക്കാരിന്റെ സ്പെഷൽ പ്ലീഡർ സ്ഥാനത്തുനിന്ന് അഡ്വക്കറ്റ് രമ സ്മൃതിയെ മാറ്റിയിരുന്നു.

related stories