Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിലെ ആദ്യ തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് ‘സങ്കട പുതുവർഷം’ (1–3)

BFC-First-Goal-1 കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടുന്ന ബെംഗളൂരു താരം മിക്കു. ചിത്രം റോബർട്ട് വിനോദ്

കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിലെ ഏറ്റവും നിരാശാജനകമായ വാർത്തയുമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പുതുവർഷപ്പുലരിയിലേക്ക് ഉണർന്നെണീൽക്കാം. ബദ്ധവൈരികളെന്ന് സീസൺ തുടങ്ങും മുൻപേ പ്രഖ്യാപിച്ച ബെംഗളൂരു എഫ്സിയോട് കൊച്ചിയിലെ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോറ്റ ബ്ലാസ്റ്റേഴ്സ് സീസണിലെ ഏറ്റവും വേദനിപ്പിക്കുന്ന തോൽവിയോടെ 2017നോടു വിടപറഞ്ഞു. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിൽ മൂന്നു ഗോളടിച്ചാണ് ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെ തകർത്തുവിട്ടത്. ഇൻജുറി ടൈമിലാണ് മൽസരത്തിലെ നാലിൽ മൂന്നു ഗോളുകളും പിറന്നത്.

വെനസ്വേല താരം മിക്കു ഇൻജുറി ടൈമിൽ രണ്ടു മിനിറ്റിനിടെ നേടിയ ഇരട്ടഗോളുകളാണ് മൽസരത്തിലെ ഹൈലൈറ്റ്. ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ കറേജ് പെക്കൂസൻ ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോളും നേടിയതോടെ വർഷാവസാന വെടിക്കെട്ടിന് സമാനമായി മൽസരത്തിന്റെ അവസാന നിമിഷങ്ങൾ. ബ്ലാസ്റ്റേഴ്സ് നായകൻ സന്ദേശ് ജിങ്കാന്റെ പിഴവിൽനിന്ന് ലഭിച്ച പെനൽറ്റിയിലൂടെ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് അവരുടെ ആദ്യ ഗോൾ നേടിയത്. മൽസരത്തിന്റെ 60 മിനിറ്റിലായിരുന്നു ഇത്. അതുവരെ പിടിച്ചുനിന്ന് പോരാടിയ ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം ചോർത്തിയ ഈ ഗോളാണ് മൽസരഫലം നിർണയിക്കുന്നതിൽ നിർണായകമായതും.

ISL ബെംഗളൂരുവിനെതിരായ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് താരം സിഫ്നിയോസിന്റെ പ്രകടനം. ചിത്രം: റോബർട്ട് വിനോദ്

വിജയത്തോടെ എട്ടു കളികളിൽനിന്ന് 15 പോയിന്റുമായി ബെംഗളൂരു എഫ്സി മൂന്നാം സ്ഥാനത്തേക്കുയർന്നു. ഏഴു കളികളിൽനിന്ന് ഏഴു പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തുതന്നെ തുടരുന്നു. ജനുവരി നാലിന് കൊച്ചിയിൽത്തന്നെ പുണെ സിറ്റി എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മൽസരം. അതേസമയം, ബെംഗളൂരുവിനെതിരായ മൽസരത്തിൽ സീസണിലെ നാലാം മഞ്ഞക്കാർഡ് കണ്ട പ്രതിരോധത്തിലെ വിശ്വസ്തൻ നെമാഞ്ച പെസിച്ചിന് പുണെയ്ക്കെതിരായ മൽസരം നഷ്ടമാകുന്നത് ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടിയാണ്.

പ്രമുഖരില്ലാതെ ബ്ലാസ്റ്റേഴ്സ്

സീസണിന്റെ തുടക്കം മുതൽ ആരാധകർ ആവേശത്തോടെ കാത്തിരുന്ന ബെംഗളൂരുവിനെതിരായ പോരാട്ടത്തിന് സി.കെ. വിനീതും റിനോ ആന്റോയും ദിമിറ്റർ ബെർബറ്റോവും ഉൾപ്പെടെയുള്ളവരുടെ പ്രമുഖരെ പുറത്തിരുത്തിയാണ് റെനെ മ്യൂലൻസ്റ്റീൻ ബ്ലാസ്റ്റേഴ്സ് പടയെ ഒരുക്കിയത്. ബ്ലാസ്റ്റേഴ്സ് പോസ്റ്റിനു മുന്നിലെ സ്ഥിരം സാന്നിധ്യമായ പോൾ റെച്ചൂബ്കയേയും പുറത്തിരുത്തിയ മ്യൂലൻസ്റ്റീൻ, ഇന്ത്യക്കാരനായ ഗോൾകീപ്പർ സുഭാശിഷ് റോയിക്ക് സീസണിലാദ്യമായി അവസരം നൽകി. രണ്ടാം പകുതിയിൽ റച്ചൂബ്ക കളത്തിലിറങ്ങിയെങ്കിലും പരുക്കേറ്റ റിനോ, വിനീത്, ബെർബറ്റോവ് എന്നിവർ കളത്തിലിറങ്ങിയതേയില്ല.

Blasters ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരൂ എഫ്സി– കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിൽനിന്ന്. ചിത്രം: ടോണി ഡൊമിനിക്

ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ, നെമാഞ്ച പെസിച്ച്, ലാൽറുവാത്താര എന്നിവർക്കൊപ്പം സാമുവൽ ശതബാണ് പ്രതിരോധം കാക്കാനെത്തിയപ്പോൾ മധ്യനിരയിൽ വെസ് ബ്രൗൺ, സിയാം ഹംഗൽ, ജാക്കിചന്ദ് സിങ്, കറേജ് പെക്കൂസൻ എന്നിവരും മുന്നേറ്റത്തിൽ ഇയാൻ ഹ്യൂം, മാർക്കോസ് സിഫ്നിയോസ് എന്നിവരും കളിച്ചു.

അതേസമയം, ക്യാപ്റ്റൻ സുനിൽ ഛേത്രി, മിക്കു എന്നിവരുൾപ്പെടെയുള്ള പ്രമുഖ താരങ്ങളെയെല്ലാം അണിനിരത്തിയാണ് ബെംഗളൂരു കൊച്ചിയിലെ പോരിനെത്തിയത്. മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ രാഹുൽ ഭേക്കെയും ബെംഗളൂരുവിന്റെ ആദ്യ ഇലവനിൽ ഇടം നേടി.

നിർണായകമായി ജിങ്കാന്റെ ‘കൈ’ അബദ്ധം

ചെന്നൈയിൻ എഫ്സിക്കെതിരായ കഴിഞ്ഞ മൽസരത്തിലും ബ്ലാസ്റ്റേഴ്സിനെ ‘ചതിച്ച’ ക്യാപ്റ്റൻ സന്ദേശ് ജിങ്കാന്റെ കൈകളാണ് ബെംഗളൂരുവിനെതിരായ തോൽവിയിലും പ്രതിസ്ഥാനത്ത്. ചെന്നൈയിനെതിരെ ജിങ്കാന്റെ പേരിൽ കുറിക്കപ്പെട്ട പെനൽറ്റി റഫറിയുടെ പിഴവായിരുന്നെങ്കിൽ, ഇന്നത്തേത് ജിങ്കാന്റെ മാത്രം പിഴവായി.

Blasters ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരൂ എഫ്സി– കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിൽനിന്ന്. ചിത്രം: ടോണി ഡൊമിനിക്

വിനീത്, റിനോ, ബെർബറ്റോവ് തുടങ്ങിയ പ്രമുഖ താരങ്ങളെ പരുക്കുമൂലം നഷ്ടമായിട്ടും ആദ്യ പകുതിയിൽ ബെംഗളൂരുവിനൊപ്പം പൊരുതിനിന്ന ബ്ലാസ്റ്റേഴ്സിനെ പിന്നോട്ടടിച്ചത് മൽസരത്തിന്റെ 58–ാം മിനിറ്റിൽ സ്വന്തം ബോക്സിനുള്ളിൽ സന്ദേശ് ജിങ്കാന്റെ കൈയിൽ തട്ടിയ പന്തും അതിൽനിന്ന് ബെംഗളൂരുവിന് ലഭിച്ച പെനൽറ്റിയുമാണ്. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്റെ പിഴവിൽനിന്ന് ലഭിച്ച പെനൽറ്റി ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി അനായാസം ഗോളാക്കിയതോടെ ബ്ലാസ്റ്റേഴ്സ് പതറുകയായിരുന്നു.

അതുവരെ പോസ്റ്റിനു മുന്നിൽ ആത്മവിശ്വാസത്തോടെ നിലയുറപ്പിച്ച ഗോൾകീപ്പർ സുഭാശിഷ് റോയി ചൗധരിയുടെയും ആത്മവിശ്വാസം ഈ ഗോൾ കെടുത്തിക്കളഞ്ഞു. പതറിത്തുടങ്ങിയ സുഭാശിഷ് ഇടയ്ക്ക് പരുക്കേറ്റ് തിരിച്ചുകയറിയതോടെ പകരം പോൾ റച്ചൂബ്ക ഗോൾ വല കാക്കുമ്പോഴാണ് ബ്ലാസ്റ്റേഴ്സ് രണ്ടു ഗോള്‍ വഴങ്ങിയത്.