Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴകത്ത് ഇനി രജനികാന്ത്– കമൽഹാസൻ പോരാട്ടം? ചോദ്യങ്ങൾ അനവധി

Rajinikanth

ചെന്നൈ ∙ രജനി രാഷ്ട്രീയത്തിലേക്കു വരുമ്പോൾ തമിഴകത്ത് ഉയരുന്ന ചോദ്യങ്ങൾ അനവധിയാണ്. ഓരോ ഉത്തരവും വീണ്ടും ചില ചോദ്യങ്ങളുയർത്തും. അന്തിമമായ ഉത്തരം ലഭിക്കണമെങ്കിൽ ഏതെങ്കിലുമൊരു തിരഞ്ഞെടുപ്പുഫലം വരെ കാത്തിരിക്കേണ്ടി വരും.

അരനൂറ്റാണ്ടിന്റെ തമിഴക രാഷ്ട്രീയം എക്കാലവും രണ്ട് എതിരാളികൾ തമ്മിലുള്ള പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്. എംജിആർ- കരുണാനിധി, കരുണാനിധി- ജയലളിത തുടങ്ങിയ ദ്വന്ദങ്ങളാണു രാഷ്ട്രീയ വഴികളെ നിശ്ചയിച്ചത്. കരുണാനിധിയും ജയലളിതയും രാഷ്ട്രീയ കളത്തിൽനിന്ന് അപ്രത്യക്ഷരായതോടെ ആ ശൂന്യത തമിഴകം അനുഭവിക്കുന്നുണ്ട്.

രജനിയുടെ വരവോടെ, രജനി- കമൽഹാസൻ യുദ്ധമായി രാഷ്ട്രീയം മാറുമോയെന്ന വിലയിരുത്തൽ ചില ഭാഗങ്ങളിലുയരുന്നുണ്ട്. ഇരുവരുടെയം രാഷ്ട്രീയ വഴികൾ വ്യത്യസ്തമാണ്. ദ്രാവിഡ രാഷ്ട്രീയത്തിൽനിന്നു മാറി, ആത്മീയതയുടെ വഴിയാണു തന്റേതെന്നു രജനി പ്രഖ്യാപിച്ചു കഴിഞ്ഞു. ദ്രാവിഡ രാഷ്ട്രീയത്തോടു ചേർന്നുനിൽക്കുന്ന നിലപാട് കമൽ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. കമൽകൂടി പാർട്ടി പ്രഖ്യാപിച്ചാൽ തമിഴകത്തെ രാഷ്ട്രീയ ശൂന്യതയ്ക്ക് അവസാനമാകുമെന്ന് ഒരുവിഭാഗം കരുതുന്നു.

എംജിആറുമായി താരതമ്യപ്പെടുത്താമോ?

Rajinikanth

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ എംജിആറുമായി താരതമ്യപ്പെടുത്താൻ രണ്ടു കാരണങ്ങളുണ്ട്. എംജിആർ സ്വന്തം രസികർ മന്റങ്ങളെയാണ് അണ്ണാഡിഎംകെ പാർട്ടിയായി കെട്ടിപ്പടുത്തത്. ആ കണക്കെടുപ്പിൽ രജനിക്ക് എംജിആറിനോളം ശക്തിയുണ്ട്. സമൂഹത്തിലെ പാവപ്പെട്ടവരുടെ നായകരായിരുന്നു ഇരുവരും എന്നതാണു മറ്റൊരു സാമ്യം.

എന്നാൽ, അണ്ണാഡിഎംകെ രൂപീകരിക്കുന്നതിനു മുൻപ് എംജിആറിനുണ്ടായിരുന്ന രാഷ്ട്രീയ അടിത്തറ രജനിക്ക് അവകാശപ്പെടാനില്ല. അണ്ണാദുരൈയ്ക്കു കീഴിൽ ദ്രാവിഡ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ ശേഷമാണ് എംജിആർ സ്വന്തം പാർട്ടി രൂപീകരിച്ചത്. ഡിഎംകെയുടെ പ്രത്യയശാസ്ത്ര പ്രചാരണത്തിനായി എംജിആറിനെ സിനിമയിൽ അണ്ണാദുരൈ തന്നെ പാവങ്ങളുടെ പടത്തലവനായി അവതരിപ്പിച്ചു.

പിന്നീട് അണ്ണായുടെ മരണശേഷം സ്വന്തം പാർട്ടി രൂപീകരിച്ചപ്പോൾ ആ ഏഴൈതോഴൻ പ്രതിഛായ എംജിആറിനെ തുണച്ചു. രജനിയാകട്ടെ, സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പോലും അഭിപ്രായം പറയാൻ തയാറാകാതെ ഒളിച്ചുകളി നിലപാടാണ് ഇതുവരെ സ്വീകരിച്ചത്. ജയലളിതയും എംജിആറിനു കീഴിൽ പാർട്ടി പ്രവർത്തനം നടത്തിയശേഷമാണ് തലപ്പത്തേക്കു വരുന്നത്.

വരുമോ കമലുമായി പോര് ?

Rajinikanth

എംജിആർ, ജയലളിത എന്നിവരുടെ രാഷ്ട്രീയ വിജയം പക്ഷേ, രജനിക്കു ചില ശുഭസൂചനകളും നൽകുന്നുണ്ട്. രണ്ടു പേർക്കുമെതിരെ എതിരാളികൾ ഉയർത്തിയ പ്രധാന ആരോപണം തമിഴരല്ലെന്നതായിരുന്നു. രജനിയും അതേ ആരോപണം നേരിടുന്നു. സംസ്ഥാനത്തെ പ്രമുഖ ജാതിയിൽപ്പെട്ടവരല്ലെന്നത് ഇരുവരെയും എല്ലാ വിഭാഗങ്ങളുടെയും സ്വീകാര്യത നേടാൻ സഹായിച്ചു. രജനിക്കും ആ ആനുകൂല്യമുണ്ട്.

രജനിയുടെ രാഷ്ട്രീയ പ്രവേശനം നല്ല സമയത്താണോയെന്നതല്ല, രജനി പ്രവേശിക്കുന്ന സമയം നല്ലതായി മാറുകയാണെന്നാണ് ആരാധകരുടെ വിശ്വാസം. വിശ്വാസം പാർട്ടിയെ രക്ഷിക്കുമോയെന്നു കാത്തിരുന്നു കാണാം.

പിന്നിൽ ബിജെപിയോ?

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നിൽ ബിജെപിയാണെന്ന വിമർശനം ശക്തമാണ്. ആത്മീയ രാഷ്ട്രീയമെന്ന നയപ്രഖ്യാപനത്തിലൂടെ രജനി അതിനു കൂടുതൽ ബലം നൽകുകയും ചെയ്തു. സ്വന്തംനിലയിൽ തമിഴകത്തു വേരുപിടിക്കുക സാധ്യമല്ലെന്നു ബിജെപി കേന്ദ്രനേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നു. അണ്ണാഡിഎംകെയെ പങ്കാളിയാക്കി അതുസാധിക്കാമെന്ന വിശ്വാസവും നഷ്ടപ്പെട്ടിരിക്കുന്നു.

ആർഎസ്എസ് താത്വികാചാര്യനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ എസ്. ഗുരുമൂർത്തി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചത് ഈ വിശ്വാസത്തകർച്ചയുടെ സൂചനയാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിനും രജനിക്കുമിടയിൽ പാലമിടുന്നതിൽ ഗുരുമൂർത്തിക്കു പങ്കുണ്ടെന്നാണു സൂചന. എന്തായാലും, ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ മോശമല്ലാത്ത സീറ്റുകൾ ലക്ഷ്യമിടുന്ന ബിജെപിക്കു രജനിയുടെ പിന്തുണയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. എംജിആർ താരതമ്യം.