Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എറണാകുളത്ത് ഓല സർവീസ് ഓട്ടോ തൊഴിലാളികൾ തടഞ്ഞു; യാത്രക്കാർ വലഞ്ഞു

Ola-Image-1

കൊച്ചി∙ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഒല ഒാൺലൈൻ ടാക്സി സർവീസ് ഒാട്ടോ ടാക്സി യൂണിയനുകളുടെ നേതൃത്വത്തിൽ വീണ്ടും തടഞ്ഞു. സ്റ്റേഷനിലെ പ്രീപെയ്ഡ് ഒാട്ടോ കൗണ്ടർ തൊഴിലാളികൾ അടപ്പിച്ചതോടെ ഒാട്ടോ പോലും കിട്ടാതെ നൂറുകണക്കിനു യാത്രക്കാർ വലഞ്ഞു. ഊബർ, ഒല ഉൾപ്പെടെ ഒാൺലൈൻ ടാക്സികൾ ആളെയെടുക്കുന്നതും തൊഴിലാളികൾ രാവിലെ മുതൽ തടഞ്ഞിരുന്നു. സ്റ്റേഷനിലേക്കുള്ള പ്രവേശന കവാടത്തിൽ ഒാരോ കാറും തടഞ്ഞു വിശദാംശങ്ങൾ ചോദിച്ച ശേഷമാണു അകത്തേക്കു കടത്തി വിട്ടത്. 

 റെയിൽവേ അഭ്യർത്ഥിച്ചതനുസരിച്ചു സ്ഥലത്തെത്തിയ പൊലീസ് കാഴ്ചക്കാരുടെ റോളിലായിരുന്നു. ഒാട്ടോയിൽ നിന്നു സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാരെ തൊഴിലാളികൾ സംഘടതിമായി ഇറക്കി വിട്ടു. സ്റ്റേഷനു പുറത്തു ഒാൺലൈൻ കൗണ്ടർ അനുവദിക്കില്ലെന്ന യൂണിയനുകളുടെ നിലപാട് മൂലം സ്റ്റേഷനുള്ളിൽ കൗണ്ടർ തുറക്കാൻ കമ്പനിക്കു റെയിൽവേ ഇന്നലെ അനുമതി നൽകിയിരുന്നു. ഇതിനെതിരെയായിരുന്നു ഇന്നലത്തെ പ്രതിഷേധം. രാവിലെ പത്തരയോടെ സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയ യൂണിയനുകൾ ഉച്ചയോടെയാണു വാഹനങ്ങൾ തടയാൻ തുടങ്ങിയത്.

 കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ നോർത്ത് സ്റ്റേഷനിലെ ഊബർ കൗണ്ടർ തകർത്തിരുന്നു. എന്നാൽ വൈകാതെ ഇത് പുനസ്ഥാപിച്ചു. തിരുവനന്തപുരം,തൃശൂർ സ്റ്റേഷനുകളിൽ തടസമില്ലാതെ നടക്കുന്ന ഒാൺലൈൻ സംവിധാനമാണു എറണാകുളത്തെ സ്റ്റേഷനുകളിൽ മാത്രം യൂണിയനുകൾ തടയുന്നത്. നോർത്തിൽ പ്രീ പെയ്ഡ് ഒാട്ടോയില്ലാത്തതിനാൽ സ്റ്റേഷനു പുറത്തു നിർത്തിയിരിക്കുന്ന ഒാട്ടോകളിൽ അമിത നിരക്ക് നൽകി യാത്ര െചയ്യേണ്ട ഗതികേടിലാണ് യാത്രക്കാർ. റെയിൽവേ പൊലീസും കേരള പൊലീസും സഹായത്തിന് എത്തിയില്ലെന്നും യാത്രക്കാർ പറയുന്നു. വൈകിട്ടോടെ പൊലീസെത്തി ഒാൺലൈൻ കൗണ്ടർ അടയ്ക്കണമെന്നു നിർദേശിച്ചതായും റെയിൽവേ ജീവനക്കാർ പറഞ്ഞു.

തിരുവനന്തപുരം, തൃശൂർ, എറണാകുളം സൗത്ത്, നോർത്ത്, ആലുവ എന്നിവടങ്ങളിലാണു ഒാൺലൈൻ ടാക്സികൾക്കു കിയോസ്കും പാർക്കിങ് ബേയും റെയിൽവേ അനുവദിച്ചത്. സ്മാർട് ഫോൺ ഇല്ലാത്തവർക്കു ബുക്കിങ് സൗകര്യം നൽകാനാണു കിയോസ്ക് പ്രവർത്തിക്കുന്നത്. എന്നാൽ ജില്ലയിൽ എല്ലായിടത്തും തുടക്കം മുതൽ പ്രീപെയ്ഡ് ടാക്സി സംവിധാനം തകർക്കുന്നുവെന്ന കാരണം പറഞ്ഞാണു യൂണിയനുകൾ ഒാൺലൈൻ ടാക്സി തടയുന്നത്. അതേ സമയം യൂണിയനുകളുടെ നിലപാട് തെറ്റാണെന്നും യാത്രക്കാരെയും  സ്റ്റേഷനിലേക്കുളള വാഹനങ്ങളും തടഞ്ഞവർക്കെതിരെ റെയിൽവേ പൊലീസ് നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.