Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷ പ്രതിഷേധം; മുത്തലാഖ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാനായില്ല

Rajya Sabha

ന്യൂഡൽഹി∙ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ മുത്തലാഖ് നിരോധന ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാനായില്ല. ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദ് ശ്രമിച്ചെങ്കിലും ക്രമപ്രശ്നങ്ങളുന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ ശ്രമം വിഫലമായി. ബില്‍ അവതരണത്തിനു മുമ്പേ തന്നെ സിലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണമെന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 14 പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിലായത്. ചൊവ്വാഴ്ച ബിൽ അവതരിപ്പിക്കാൻ സർക്കാർ ശ്രമിച്ചപ്പോഴും പ്രതിപക്ഷം തടഞ്ഞിരുന്നു.

17 രാജ്യസഭാ അംഗങ്ങൾ ബിൽ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടതായി പേരുകൾ സഹിതം കോൺഗ്രസ് നേതാവ് ആനന്ദ് ശർമ വ്യക്തമാക്കി. രേണുക ചൗധരി, കെ.റഹ്മാൻ ഖാൻ, ഡെറിക് ഒബ്രിയൻ, ജാവേദ് അഹമ്മദ്, മജീദ് മേമൻ, കെ.കെ.രാഗേഷ്, ഡി.രാജ തുടങ്ങിയ എംപിമാരാണ് ബിൽ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടത്.

പ്രതിപക്ഷത്തിന്റെ ആവശ്യം ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. സുപ്രീംകോടതി വിധി മാനിച്ച് മുത്തലാഖ് ബില്‍ അടിയന്തരമായി പാസാക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് ഇതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി. അതിനിടെ, ക്രമപ്രശ്നങ്ങളില്‍ കുരുങ്ങി ഒരുമണിക്കൂറോളം നീണ്ട ബഹളത്തിനൊടുവില്‍ സഭ പിരിയുന്നതായി ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ അറിയിക്കുകയായിരുന്നു.

∙ ഇരട്ടത്താപ്പെന്ന് രവിശങ്കർ പ്രസാദ്

ലോക്സഭയിൽ പിന്തുണച്ച ബില്ലിനെ രാജ്യസഭയിൽ എതിർക്കുന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പും കാപട്യവുമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ലോക്സഭയിൽനിന്നും തീർത്തും വിരുദ്ധമായ നിലപാടാണ് കോൺഗ്രസ് രാജ്യസഭയിൽ സ്വീകരിച്ചത്. മുത്തലാഖ് നിരോധന ബിൽ ലോക്സഭ പാസാക്കിയ ശേഷവും യുപിയിൽ മുത്തലാഖ് നടന്നു. കോൺഗ്രസിന്റെ കാപട്യങ്ങൾ‌ രാജ്യം കാണുന്നുണ്ട്.

∙ ഉത്തരവാദിത്തമുണ്ടെന്ന് അരുൺ ജയ്റ്റ്ലി

ബിൽ സിലക്ട് കമ്മിറ്റിക്ക് വിടാത്തത് ഭരണഘടനാ വിരുദ്ധമായതിനാലാണെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി രാജ്യസഭയിൽ പറഞ്ഞു. സുപ്രീംകോടതി അനുവദിച്ച സമയം ഫെബ്രുവരി 22ന് അവസാനിക്കും. മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്നാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി. മുത്തലാഖ് വഴിയുള്ള വിവാഹമോചനം ആറു മാസത്തേക്ക് നിരോധിച്ച കോടതി, ഇതിനകം നിയമനിർമാണം നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിന് നൽകിയ നിര്‍ദേശം.

നിയമം പാസാക്കിയില്ലെങ്കില്‍ സുപ്രീംകോടതി വിലക്കുണ്ടാകും. പാർലമെന്റിൽനിന്ന് നിയമം വരുന്നത് കാത്തിരിക്കുകയാണ് രാജ്യം. നിയമനിർമാണ സംവിധാനത്തിന് ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. ഒരു സഭയിൽ പിന്തുണച്ച ബിൽ, മറ്റൊരു സഭയിൽ എതിർക്കുന്നത് രാജ്യം കാണുന്നുണ്ടെന്നും കോൺഗ്രസിനോടായി ജയ്റ്റ്ലി പറഞ്ഞു.

∙ തൃണമൂൽ എംപി ഡെറിക് ഒബ്രിയൻ

മുത്തലാഖ് നിരോധന ബിൽ തെറ്റുകൾ നിറഞ്ഞതാണ്. സ്ത്രീ സംഘടനകളുമായോ മുസ്‌ലിം സ്ത്രീകളുമായോ ആലോചിക്കാതെയാണ് ബിൽ തയാറാക്കിയത്. മുത്തലാഖിന്റെ നന്മതിന്മകൾ അനുഭവിക്കുന്നവരുമായി കൂടിക്കാഴ്ച നടത്തി വേണം ബിൽ തയാറാക്കേണ്ടത് എന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.

related stories