Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടിയോടു വിശദീകരിച്ച് കുഞ്ഞാലിക്കുട്ടി; വിവാദങ്ങൾ ആവർത്തിക്കരുതെന്ന് ലീഗ്

PK Kunhalikutty പി.കെ.കുഞ്ഞാലിക്കുട്ടി

കോഴിക്കോട് ∙ മുത്തലാഖ് ബിൽ ചർച്ച ചെയ്ത ദിവസം ലോക്സഭയിൽ എത്താതിരുന്നതു സംബന്ധിച്ചു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പാർലമെന്ററി പാർട്ടി നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി പാർട്ടിക്കു വിശദീകരണം നൽകി. വിശദീകരണം  തൃപ്തികരമെന്നു പാണക്കാട് ഹൈദരലി ശിഹാബ്‌ തങ്ങൾ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നു നിര്‍ദേശിച്ച തങ്ങൾ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഏവരോടും അഭ്യർഥിച്ചു. 

ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണു വിശദീകരണം ആവശ്യപ്പെട്ടത്. ജാഗ്രതക്കുറവുണ്ടായെന്ന് ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തേ, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ എത്താതിരുന്നതും ചർച്ചയായി.

ലീഗ് അണികൾക്കിടയിൽനിന്നു പരമ്പരാഗതമായി ലീഗിനൊപ്പം നിൽക്കുന്ന മതസംഘടനയായ ‘സമസ്ത’യിൽനിന്നു കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഇടതുപക്ഷത്തിന്റെ വിമർശനത്തിനു പുറമേ ഐഎൻഎൽ, എസ്ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയവ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തതോടെ ലീഗ് പ്രതിരോധത്തിലായി.

വിവാദം കത്തുമ്പോൾ കുഞ്ഞാലിക്കുട്ടി ദുബായിലായിരുന്നു എന്നതു പ്രശ്നം രൂക്ഷമാക്കി. ലീഗിന്റെ 2 എംപിമാരിൽ ഇ.ടി.മുഹമ്മദ് ബഷീറാണു സഭയിലുണ്ടായിരുന്നത്. മുസ്‍ലിം പുരുഷൻമാരെ ക്രിമിനലുകളായി മുദ്ര കുത്തുന്ന ബിൽ അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി പ്രസംഗിച്ച അദ്ദേഹം നിഷേധവോട്ട് രേഖപ്പെടുത്തി. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കേണ്ടതിനാലാണു കുഞ്ഞാലിക്കുട്ടി സഭയിൽ എത്താതിരുന്നതെന്നാണു പാർട്ടി കേന്ദ്രങ്ങൾ ആദ്യം പറഞ്ഞത്.

ഹൈദരാബാദിൽനിന്നുള്ള എഐഎംഐഎം എംപി അസദുദ്ദീൻ ഉവൈസി അദ്ദേഹത്തിന്റെ മകളുടെ വിവാഹദിവസമാണു സഭയിലെത്തുകയും പ്രസംഗിക്കുകയും വോട്ട് ചെയ്യുകയും ചെയ്തതെന്ന വാർത്ത കുഞ്ഞാലിക്കുട്ടിക്കു തിരിച്ചടിയായി. നേതൃത്വത്തെ അറിയിച്ചിരുന്നെന്നും പാർട്ടി പത്രത്തിന്റെ ഗവേണിങ് ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ പോയതുകൊണ്ടാണു സഭയിലെത്താതിരുന്നതെന്നുമുള്ള കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണത്തിനും വിവാദം തണുപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.

related stories