Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തലാഖ് വിവാദം: പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമെന്ന് ഹൈദരലി തങ്ങൾ

hyderali-shihab-thangal-2 പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.

മലപ്പുറം∙ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ചർച്ച ചെയ്ത ദിവസം മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ലോക്സഭയിൽ ഹാജരാകാതിരുന്നത് സംബന്ധിച്ച് അദ്ദേഹം നൽകിയ വിശദീകരണം തൃപ്തികരമാണെന്നും തുടർ നടപടി ആവശ്യമില്ലെന്നും പാർട്ടി ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. പരമാവധി പ്രതിപക്ഷ എംപിമാരെ അണിനിരത്തി രാജ്യസഭയിൽ ബില്ലിനെ പരാജയപ്പെടുത്തുമെന്നും അതോടെ ഇപ്പോഴുണ്ടായ ആക്ഷേപങ്ങൾ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനപ്രതിനിധികൾ കൂടുതൽ ഉത്തരവാദിത്തബോധത്തോടെ അവരുടെ ചുമതലകൾ നിറവേറ്റണം. കുഞ്ഞാലിക്കുട്ടി വിശദീകരണക്കുറിപ്പ് നൽകുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. പാർട്ടിയുടെ താൽപര്യം കണക്കിലെടുത്ത് വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.

വിശദീകരണം നൽകിയതായി ശനിയാഴ്ച ദുബായിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. എന്നാൽ, വിശദീകരണം ലഭിക്കുന്ന മുറയ്ക്ക് പാർട്ടി യോഗം വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുമെന്നാണ് ഇന്നലെ രാവിലെ ഹൈദരലി തങ്ങൾ പറഞ്ഞത്. കുഞ്ഞാലിക്കുട്ടി വിശദീകരണം നൽകിയോ എന്ന ആശയക്കുഴപ്പം തീർക്കാൻ വൈകിട്ട് ഹൈദരലി തങ്ങൾ പ്രസ്താവന ഇറക്കുകയായിരുന്നു.  

കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമെന്ന് രമേശ് 

തിരുവനന്തപുരം∙ മുത്തലാഖ് വിഷയത്തിൽ പാർലമെന്റിലെ വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്ന പ്രശ്നത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി എംപി നൽകിയ വിശദീകരണം തൃപ്തികരമായിട്ടാണു തനിക്കു തോന്നിയതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബാക്കി കാര്യങ്ങൾ തീരുമാനിക്കേണ്ടത് അവരുടെ പാർട്ടിയാണ്. സിപിഎമ്മിന്റെ എത്രയോ എംപിമാർ പങ്കെടുത്തില്ല. സെലക്ട് കമ്മിറ്റിക്കു വിടണമെന്ന അഭിപ്രായമായിരുന്നു കോൺഗ്രസിന്റേത്. അത് അംഗീകരിക്കാത്തതുകൊണ്ട് ബഹിഷ്കരിക്കുകയായിരുന്നുവെന്നു ചെന്നിത്തല പറഞ്ഞു.