Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയ്യരെ പുറത്താക്കിയ കോണ്‍ഗ്രസ് ബല്‍റാമിനെ പുറത്താക്കുമോ?: കോടിയേരി

Balram-Kodiyeri

തിരുവനന്തപുരം ∙ എകെജിയെ അപമാനിച്ച കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബൽറാമിന്റെ നടപടി അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയതിന് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യരെ പുറത്താക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കോടിയേരി ഓർമിപ്പിച്ചു. സമൂഹമാധ്യമത്തിൽ ‍പോസ്റ്റ് ചെയ്ത കുറിപ്പിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

താരതമ്യങ്ങളില്ലാത്ത എകെജിയുടെ ഔന്നത്യത്തെ കളങ്കപ്പെടുത്താനുള്ള പ്രചാരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സ്‌ നേതൃത്വത്തിന്റെ വിവേകപൂര്‍ണമായ ഇടപെടല്‍ വേണെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. എകെജിക്കെതിരായ വി.ടി. ബല്‍റാമിന്റെ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മന്ത്രി എം.എം. മണി‌യും രംഗത്തെത്തിയിരുന്നു. സ്വന്തം മാതാപിതാക്കളെപ്പറ്റിപ്പോലും ബല്‍റാം സംശയം പറഞ്ഞാല്‍ അത്ഭുതമില്ലെന്നും ബല്‍റാമിന്റെ സംസ്കാരമാണ് പുറത്തുവന്നതെന്നുമായിരുന്നു മണിയുടെ പ്രതികരണം.

കോടിയേരിയുടെ കുറിപ്പിൽനിന്ന്:

പാവങ്ങളുടെ പടത്തലവന്‍ സഖാവ് എകെജിയെ അപമാനിച്ച്‌ ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹീനമായ പ്രചാരണം തീര്‍ത്തും അപലപനീയമാണ്.

പ്രധാനമന്ത്രിയും ആര്‍എസ്എസ് പ്രചാരകനുമായ നരേന്ദ്ര മോദിയെ 'നീച്‌ ആദ്‌മി' എന്നു വിശേഷിപ്പിച്ചതിന്‌ മണിശങ്കര്‍ അയ്യരെ പുറത്താക്കിയ പാര്‍ട്ടിയാണ്‌ കോണ്‍ഗ്രസ്. സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായ എകെജിയെ മരണാനന്തരം നീചമായ വാക്കുകളിലൂടെ ആക്ഷേപിച്ച കോണ്‍ഗ്രസ് എംഎല്‍എയോട്‌ എന്താണ്‌ സമീപനമെന്ന്‌ രാഹുല്‍ ഗാന്ധിയും എ.കെ. ആന്റണിയും വ്യക്തമാക്കണം.

എകെജിയുടെ മരണത്തിനു കൊതിച്ച്‌ "കാലന്‍ വന്ന്‌ വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ" എന്നു മുദ്രാവാക്യം വിളിച്ച പാരമ്പര്യമാണ്‌ കോണ്‍ഗ്രസിന്റേത്‌. അന്നുപോലും നികൃഷ്ട മനസുകളില്‍ നിന്നുയരാത്ത കുപ്രചരണമാണ്‌ ഇന്നു നടത്തുന്നത്‌.

പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവച്ച നേതാവാണ്‌ എകെജി. സ്വാതന്ത്ര്യസമര ചരിത്രത്തിലും എകെജിയുടെ പങ്ക്‌ ചെറുതല്ല. ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള ദേശീയ നേതാക്കള്‍ എകെജിയോട്‌ കാട്ടിയ ആദരവ്‌ പാര്‍ലമെന്റ്‌ രേഖകളിലെ തിളക്കമുള്ള ഏടാണ്‌. ആദ്യ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ നയിച്ച എകെജി കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായി ജനങ്ങളുടെ ശബ്ദമുയര്‍ത്തി. ഏതൊരു ഇന്ത്യക്കാരന്റെയും എക്കാലത്തെയും അഭിമാനമാണ്‌ എകെജി എന്ന ത്രയാക്ഷരി. പാവങ്ങളുടെ പടത്തലവന്‍ എന്ന വിശേഷണം നിസ്വവര്‍ഗ്ഗത്തിന്‌ വേണ്ടിയുള്ള നിരന്തരപോരാട്ടങ്ങളിലൂടെയാണ്‌ എകെജി ആര്‍ജ്ജിച്ചത്‌.

താരതമ്യമില്ലാത്ത ആ രാഷ്ട്രീയ ഔന്നത്യത്തെ കളങ്കപ്പെടുത്താനുള്ള പ്രചരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിവേകപൂര്‍ണമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് എംഎല്‍എയുടെ നീചമായ ഈ നടപടിയോട്‌ പ്രബുദ്ധകേരളം ഒരിക്കലും പൊറുക്കില്ല.