Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാതായ എംഎച്ച് 370 തേടി വീണ്ടും കടലിലേക്ക്; ചെലവ് 70 ദശലക്ഷം ഡോളർ

MH370

ക്വാലലംപൂർ∙ നാലുവർഷം മുൻപ് 239 യാത്രക്കാരുമായി കാണാതായ വിമാനം കണ്ടെത്താൻ യുഎസ് സമുദ്രകമ്പനിയുമായി മലേഷ്യ കരാറൊപ്പിട്ടു. 70 ദശലക്ഷം ഡോളറാണ് കരാർതുക. യുഎസ് സ്വകാര്യ സമുദ്ര ഗവേഷണ കമ്പനി ഓഷൻ ഇൻഫിനിറ്റിയാണ് തിരച്ചിലിന് ഒരുങ്ങുന്നത്.

മലേഷ്യൻ എയർലൈൻസിന്റെ കാണാതായ വിമാനം എംഎച്ച് 370 കണ്ടെത്താൻ സ്വകാര്യമേഖലയുടെ സേവനം തേടണമെന്ന് ഇരകളുടെ കുടുംബങ്ങൾ സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. തുടർന്നാണ് യുഎസ് കമ്പനിയുമായി ധാരണയായതെന്ന് മലേഷ്യൻ ഗതാഗത മന്ത്രി ലിയോവ് തിയോങ് പറഞ്ഞു. ഇന്ത്യൻ സമുദ്രത്തിന്റെ തെക്കൻ മേഖലയിൽ പുതിയ സ്ഥലത്ത് തിരയാനാണ് തീരുമാനം. 90 ദിവസമാണ് കാലാവധി. ഇതിനിടെ വിമാനം കണ്ടെത്താനായില്ലെങ്കിൽ സാമ്പത്തിക ബാധ്യത കമ്പനി വഹിക്കണം.

2014 മാർച്ച് എട്ടിന് ക്വാലലംപൂരിൽനിന്ന് ബെയ്‌ജിങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണു മലേഷ്യയുടെ ബോയിങ് 777 വിമാനം ദുരൂഹമായി അപ്രത്യക്ഷമായത്. മലേഷ്യ, ഓസ്ട്രേലിയ, ചൈന എന്നീ രാജ്യങ്ങളുടെ സംയുക്ത തിരച്ചിൽ മൂന്നുവർഷത്തിനുശേഷം കഴിഞ്ഞ ജനുവരിയിലാണ് അവസാനിപ്പിച്ചത്. 157 ദശലക്ഷം ഡോളർ ചെലവിട്ട് 1.2 ലക്ഷം ചതുരശ്ര കിലോമീറ്റർ തിരഞ്ഞിട്ടും വിമാനത്തിന്റെ വലിയ തെളിവൊന്നും കിട്ടിയില്ല.

സമുദ്രത്തിൽ 25,000 ചതുരശ്ര കിലോമീറ്റർ ഭാഗത്താണ് പുതിയ തിരച്ചിൽ. സമുദ്രാന്തർഭാഗത്ത് ഏറ്റവും നവീനമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡ്രോണുകളും കപ്പലുകളുമാണ് കമ്പനി ഉപയോഗിക്കുക. 65 പേരുള്ള കപ്പൽ 17ന് തിരച്ചിൽ യജ്ഞം തുടങ്ങുമെന്ന് ഓഷൻ ഇൻഫിനിറ്റി ചീഫ് എക്സിക്യുട്ടീവ് ഒലിവർ പ്ലങ്കറ്റ് പറഞ്ഞു. കപ്പലിൽ സർക്കാർ‌ പ്രതിനിധികളായി രണ്ട് മലേഷ്യൻ നേവി അംഗങ്ങളുണ്ടാകും.

500 ചതുരശ്ര കിലോമീറ്ററിനുള്ളിൽ വിമാനം കണ്ടെത്തിയാൽ 20 ദശലക്ഷം, 10000 ചതുരശ്ര കിലോമീറ്ററായാൽ 30 ദശലക്ഷം, 25000 ചതുരശ്ര കിലോമീറ്ററായാൽ 50 ദശലക്ഷം ഡോളർ എന്നിങ്ങനെയാണ് മലേഷ്യ നൽകേണ്ടത്. ഇതിനേക്കാൾ ദൂരെയാണ് വിമാനം കണ്ടെത്തുന്നതെങ്കിൽ 70 ദശലക്ഷം ഡോളർ കൊടുക്കണം. ഒന്നും കണ്ടെത്താനായില്ലെങ്കിൽ ചെലവ് സർക്കാർ നൽകില്ലെന്നും ലിയോവ് തിയോങ് വ്യക്തമാക്കി.