Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതീക്ഷയുടെ തീരത്ത് മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ; കണ്ടെത്തിയത് മഡഗാസ്കറിൽ

MALAYSIAN-Airlines-MH370-ACCIDENT-new മലേഷ്യൻ വിമാനത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിക്കുന്ന ഗ്രേസ് നഥാൻ.

ക്വാലലംപുർ∙ നാലു വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയതായി റിപ്പോർട്ട്. മഡഗാസ്കർ ദ്വീപിനോടു ചേർന്നുള്ള ഭാഗങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികളാണ് മലേഷ്യൻ എയർലൈൻസ് വിമാനമായ എംഎച്ച് 370യുടേതെന്നു കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനത്തിന്റെ അഞ്ചു ഭാഗങ്ങളാണു കണ്ടെത്തിയത്. ഇതിൽ ഒരെണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അക്ഷരങ്ങൾ കൃത്യമായി വായിക്കാവുന്ന വിധത്തിലാണ്.

വിമാനത്തോടൊപ്പം കാണാതായവരുടെ ബന്ധുക്കളാണ് ഈ അവശിഷ്ടങ്ങൾ ശേഖരിച്ച് മലേഷ്യൻ സർക്കാരിനു കൈമാറിയത്. ലഭിച്ച അവശിഷ്ടങ്ങളിലൊന്ന് ബോയിങ് വിമാനത്തിന്റെ ‘ഫ്ലോർ പാനലാ’ണെന്നു വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് എംഎച്ച് 370യുടേതാണോയെന്നറിയാൻ കൂടുതൽ പരിശോധന വേണ്ടിവരും. 

MALAYSIAN Airlines-MH370-ACCIDENT മലേഷ്യൻ വിമാനത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങൾ ഗതാഗത മന്ത്രി ആന്തണി ലോകിന് കൈമാറുന്നു.

ബോയിങ് 777 വിമാനം കാണാതായ സംഭവത്തിൽ നാലു വർഷത്തോളം അന്വേഷണം നടത്തി ഇക്കഴിഞ്ഞ ജൂലൈയിൽ മലേഷ്യൻ സർക്കാർ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്വാലലംപുരിൽ നിന്ന് ബെയ്ജിങ്ങിലേക്കു പറന്ന  വിമാനത്തെപ്പറ്റി യാതൊരു അറിവും ഇല്ലെന്നായിരുന്നു 495 പേജുള്ള റിപ്പോർട്ടിലെ കണ്ടെത്തൽ. അന്വേഷണം അവസാനിപ്പിക്കുന്നതായും സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ പുതിയ തെളിവുകൾ അന്വേഷണം വീണ്ടും ആരംഭിക്കണമെന്ന സൂചനയാണു നല്‍കുന്നതെന്ന് ബന്ധുക്കൾ പറയുന്നു. മഡഗാസ്കറിന്റെ തീരമേഖലയിൽ ഉൾപ്പെടെ അന്വേഷണം ശക്തമാക്കണം, വിമാനത്തിന്റേതെന്നു കരുതുന്ന പരമാവധി ഭാഗങ്ങൾ ശേഖരിച്ച് ഒരു ‘ജിഗ്സോ പസിൽ’ പോലെ ദുരൂഹതയ്ക്കു പരിഹാരം കാണണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. മലേഷ്യൻ ഗതാഗത മന്ത്രി ആന്തണി ലോകുമായും ബന്ധുക്കൾ ഇന്നലെ ചർച്ച നടത്തി. 

2014 മാർച്ച് എട്ടിനാണ് 239 യാത്രക്കാരുമായി മലേഷ്യൻ എയർലൈന്‍സിന്റെ വിമാനം അപ്രത്യക്ഷമായത്. ഇന്നും ലോകത്തെ ഏറ്റവും വലിയ വ്യോമയാന ദുരൂഹതയായി തുടരുകയാണ് ഈ തിരോധാനം. 2016 ഡിസംബറിനും 2018 ഓഗസ്റ്റിനും ഇടയിൽ പലപ്പോഴായാണു മത്സ്യത്തൊഴിലാളികൾക്കു വിമാനത്തിന്റേതെന്നു കരുതുന്ന ഭാഗങ്ങൾ ലഭിച്ചത്. മഡഗാസ്കറിലെ മൂന്നു വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായിരുന്നു കണ്ടെത്തൽ. ഒരു കൈപ്പത്തിയോളം വലുപ്പമുള്ള ഭാഗം മുതൽ 60 സെ.മീ. വരെ വലുപ്പമുള്ള അവശിഷ്ടങ്ങളാണിത്. ഏറെ പ്രതീക്ഷ പകരുന്നതാണ് ഈ കണ്ടെത്തലെന്ന് വിമാനത്തിലുണ്ടായിരുന്ന ആൻ ഡെയ്സി എന്ന യുവതിയുടെ ഭർത്താവ് വി.ആർ.നഥാനും മകൾ ഗ്രേസും പറഞ്ഞു. 

എംഎച്ച് 370യുടേതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച മൂന്ന് അവശിഷ്ടങ്ങളാണ് ഇതു വരെ ലഭിച്ചിട്ടുള്ളത്. ഇവയെല്ലാം ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറൻ തീരത്തു നിന്നായിരുന്നു. വിമാനത്തിന്റേതെന്നു കരുതുന്ന മുപ്പതോളം ഭാഗങ്ങള്‍ പരിശോധിച്ചതിൽ നിന്നായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്. അവശിഷ്ടങ്ങളിൽ ഒന്ന് വിമാനത്തിന്റെ ചിറകിൽ നിന്ന് അടർന്നു പോയതായിരുന്നു. വിമാനദുരന്തം സ്ഥിരീകരിക്കപ്പെട്ടതും ഈ അവശിഷ്ടങ്ങൾ ലഭിച്ചതിനു പിന്നാലെയായിരുന്നു. നിർദിഷ്ട വ്യോമപാതയിൽ നിന്നു മാറി ഏറെ ദൂരം പറന്ന് ഒടുവിൽ വിമാനം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നെന്നാണു നിഗമനം. എന്നാൽ ആരാണ് ഇതിനു പിന്നിലെന്നത് തെളിയിക്കാനായില്ല. 

MALAYSIAN-Airlines-MH370-ACCIDENT മലേഷ്യൻ വിമാനത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കുന്ന ഗ്രേസ് നഥാൻ.

വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതാണോ അതോ പൈലറ്റിന്റെ പിഴവാണോ തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിച്ചു. വിശ്വസനീയമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇനി വിമാനത്തിനായുള്ള തിരച്ചിൽ പുനഃരാരംഭിക്കുകയുള്ളൂവെന്നാണു സർക്കാർ പക്ഷം. ലഭിച്ചിരിക്കുന്ന പുതിയ തെളിവുകൾ എത്രയും പെട്ടെന്നു പരിശോധനയ്ക്ക് അയയ്ക്കുമെന്നും ഗതാഗതമന്ത്രി ലോക് ബന്ധുക്കൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായാൽ അന്വേഷണം പുനഃരാരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്കു കടക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ഇന്ത്യൻ മഹാസമുദ്രത്തിലെ 1.2 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഭാഗത്ത് ഇതിനോടകം വിമാനം കണ്ടെത്താനുള്ള പരിശോധന നടത്തിയിട്ടുണ്ട്. ഇതുവരെ ചെലവഴിച്ചതാകട്ടെ 14.48  കോടി ഡോളറും  (ഏകദേശം 999 കോടി രൂപ). ഓസ്ട്രേലിയൻ സംഘത്തിന്റെ നേതൃത്വത്തിലുള്ള തിരച്ചിൽ കഴിഞ്ഞ വർഷം ജനുവരിയിൽ അവസാനിപ്പിച്ചു. ചൈനയുടെയും മലേഷ്യയുടെയും നേതൃത്വത്തിലുള്ള അന്വേഷണവും നിർത്തി.

MALAYSIA-MH370-FLIGHT എംഎച്ച്370 വിമാനത്തോടൊപ്പം കാണാതായവരുടെ ഓർമയ്ക്കായി ബന്ധുക്കൾ ഒത്തു ചേർന്ന ചടങ്ങിൽ നിന്ന് (ഫയൽ ചിത്രം)

ഈ വർഷം ആദ്യം യുഎസ് കമ്പനിയായ ഓഷ്യൻ ഇൻഫിനിറ്റിയും വിമാനവേട്ടയ്ക്കു രംഗത്തെത്തിയിരുന്നു. വിമാനം കണ്ടെത്തിയാല്‍ മാത്രം പ്രതിഫലമെന്നായിരുന്നു ഇവരുടെ നിലപാട്. അത്യാധുനിക ഉപകരണങ്ങളുമായി കടലിന്റെ അടിത്തട്ടിൽ വരെ പരിശോധന നടത്തിയിട്ടും യാതൊരു തുമ്പും ലഭിച്ചില്ല. ഏതാനും മാസങ്ങൾക്കകം ഇൻഫിനിറ്റിയും പരാജയം സമ്മതിച്ചു പിന്മാറി. പിന്നാലെ ജൂലൈയിൽ മലേഷ്യൻ സർക്കാർ ഔദ്യോഗികമായിത്തന്നെ എല്ലാ അന്വേഷണവും അവസാനിപ്പിക്കുകയും ചെയ്തു. ഈ നീക്കത്തെ എതിർത്ത ബന്ധുക്കളുടെ കൂട്ടായ്മ ഏതുവിധേനയും അന്വേഷണം പുനഃരാരംഭിക്കാൻ രാജ്യാന്തര സമ്മർദ്ദത്തിനുൾപ്പെടെ ശ്രമം തുടരുകയാണ്.