Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമതരെ പിന്തുണച്ച് ബാർ അസോസിയേഷൻ; രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ബാർ കൗൺസിൽ

Justices Kurian Joseph, Jasti Chelameswar, Ranjan Gogoi and Madan Lokur

ന്യൂഡൽഹി∙ സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്‌ജിമാർ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളോട് പരോക്ഷമായി യോജിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ). ജസ്റ്റിസുമാര്‍ ആവശ്യപ്പെട്ടതുപോലെ, സിബിഐ സ്പെഷൽ കോടതി ജഡ്‌ജി ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള പൊതുതാൽപര്യഹർജികൾ ചീഫ് ജസ്‌റ്റിസ് അല്ലെങ്കിൽ കൊളീജിയത്തിലെ മറ്റു നാലു ജഡ്‌ജിമാരിലാരെങ്കിലും ഉൾപ്പെടുന്ന ബെഞ്ചിനു വിടണമെന്ന് എസ്‌സിബിഎ ആവശ്യപ്പെട്ടു.

പ്രതിസന്ധി പരിഹരിക്കാന്‍ ഫുള്‍കോര്‍ട്ട് വിളിച്ച്‌ ചേര്‍ക്കണം. സുപ്രീം കോടതിയിലെ എല്ലാ ജഡ്‌ജിമാരുമായി പ്രശ്‌നം ചർച്ച ചെയ്യുമെന്ന് എസ്‌സിബിഐ പ്രസിഡന്റ് വികാസ് സിങ് പറഞ്ഞു. സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ തിരിക്കിട്ട നീക്കങ്ങളാണ് രാജ്യ തലസ്ഥാനത്തു നടക്കുന്നത്. സുപ്രീംകോടതി ബാര്‍ അസോസിയേഷനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും യോഗങ്ങള്‍ ചേര്‍ന്നതോടെ മഞ്ഞുരുക്കത്തിന്റെ വേഗം കൂടി.

ജഡ്‌ജിമാർ വാർത്താസമ്മേളനം നടത്തിയതിനെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) വിമർശിച്ചു. കേസുകൾ ഏതു ബെഞ്ച് പരിഗണിക്കണമെന്നതു പോലെയുള്ള ചെറിയ പ്രശ്‌നങ്ങൾ പരസ്യമാക്കാതെ, ഉള്ളിൽ ചർച്ച ചെയ്‌ത് പരിഹരിക്കേണ്ടതാണെന്നു ബിസിഐ ചെയർമാൻ മന്നൻ കുമാർ മിശ്ര പറഞ്ഞു. സുപ്രീംകോടതി നേരിടുന്ന പ്രതിസന്ധിയിൽ രാഷ്ട്രീയ പാർട്ടികൾ മാറിനിൽക്കണം. കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടാത്തതിനെ അഭിനന്ദിക്കുന്നതായും ബാർ കൗൺസിൽ വ്യക്തമാക്കി.