Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമൽ ഹാസന്റെ പാർട്ടി ഫെബ്രുവരി 21ന്; സംസ്ഥാന പര്യടനവും അന്ന് ആരംഭിക്കും

Kamal Haasan കമൽ ഹാസൻ (ഫയൽ ചിത്രം)

ചെന്നൈ∙ തമിഴ് രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകാനൊരുങ്ങുന്ന തെന്നിന്ത്യൻ താരം കമൽ ഹാസൻ രാഷ്ട്രീയ പാർട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കും. തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നു സംസ്ഥാനവ്യാപകമായ പര്യടനവും അന്നുതന്നെ ആരംഭിക്കുമെന്നും കമൽ ഹാസൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. വിവിധ ഘട്ടങ്ങളിലായാണു പര്യടനം നടക്കുക. കമലിന്റെ ജന്മനാടാണു രാമനാഥപുരം. ഇവിടെനിന്ന് ആരംഭിക്കുന്ന പര്യടനം പിന്നീട് മധുര, ഡിണ്ടിഗൽ, ശിവഗംഗ എന്നീ ജില്ലകളിലും ഉണ്ടാകും. ഇതോടെ ഔദ്യോഗികമായി കമൽ ഹാസൻ രാഷ്ട്രീയത്തിൽ പ്രവേശിക്കും.

പര്യടനത്തിന്റെ ആരംഭത്തിൽത്തന്നെ രാഷ്ട്രീയ പാർട്ടിയുടെ പേരു പ്രഖ്യാപിക്കുമെന്നും നയങ്ങളും മുന്നോട്ടു നയിക്കേണ്ട തത്വങ്ങളും പ്രഖ്യാപിക്കുമെന്നും കമൽ വ്യക്തമാക്കി. തമിഴ്നാട് രാഷ്ട്രീയത്തിൽ കുറച്ചുകാലങ്ങളായി നിലനിൽക്കുന്ന മാറ്റമില്ലാത്ത അവസ്ഥയെ വെല്ലുവിളിച്ചാണു താൻ രംഗത്തിറങ്ങുന്നത്. ഇതിനായി തന്റെ ചിന്തകളും പ്രവൃത്തികളും ജനങ്ങൾക്കൊപ്പം നിൽക്കണം. സംസ്ഥാന പര്യടനം കൊണ്ടു ലക്ഷ്യമിടുന്നത് ഇതാണ്. ജനങ്ങൾക്ക് എന്താണു വേണ്ടതെന്നു മനസ്സിലാക്കണം. അവരുടെ പ്രശ്നങ്ങൾ കണ്ടറിയണം.

ഗ്ലാമർ പരിവേഷത്തിലോ വിപ്ലവമുണ്ടാക്കാനോ അല്ല തന്റെ പര്യടനം. ജനങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും ഒരു അവസരമായാണ് ഇതിനെ കാണുന്നത്. പല കാര്യങ്ങളെയും ചോദ്യം ചെയ്യാൻ തമിഴ്നാട്ടിലെ ജനങ്ങൾ തയാറാകണം. സംസ്ഥാനത്തെ ക്ഷേമപ്രവർത്തനങ്ങളും ഭരണനിർവഹണവും ഉയർത്തിക്കൊണ്ടുവരണം. ഈ ലക്ഷ്യം നേടുന്നതിനാണു തന്റെ പര്യടനം. സംസ്ഥാനത്തെയും രാജ്യത്തെയും ശക്തമാക്കാൻ തനിക്കൊപ്പം ചേരാൻ കമൽ ജനങ്ങളെ ആഹ്വാനം ചെയ്തു.