Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്യാമപ്രസാദിന്റെ മൃതദേഹം സംസ്കരിച്ചു; ഹർത്താലിൽ വീടുകൾക്കുനേരെ ആക്രമണം

Kannur RSS Death പേരാവൂരിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്‍ ശ്യാമപ്രസാദ്(ഇടത്) അക്രമികൾ തടഞ്ഞിട്ട ശ്യാമപ്രസാദിന്റെ ബൈക്ക് (വലത്)

കണ്ണൂർ ∙ ആർഎസ്എസ് ശാഖാ മുഖ്യശിക്ഷക് ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാമപ്രസാദിന്റെ (24) കൊലപാതകത്തിൽ പ്രതിഷേധിച്ചു ജില്ലയിൽ ആർഎസ്എസ് ആഹ്വാനം ചെയ്ത ഹർത്താലിൽ കണ്ണവത്ത് ഏതാനും എസ്ഡിപിഐ പ്രവർത്തകരുടെ വീടുകൾക്കുനേരെ ആക്രമണമുണ്ടായി. ഹർത്താലിൽനിന്നു വാഹനങ്ങളെ ഒഴിവാക്കിയിരുന്നതിനാൽ പൊതുഗതാഗതം കാര്യമായി തടസ്സപ്പെട്ടില്ലെങ്കിലും ഓഫിസുകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ശ്യാമപ്രസാദിന്റെ മൃതദേഹം ജില്ലാ ആസ്ഥാനത്തെ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണു കൊമ്മേരിരിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ സംഘം ആക്രമിച്ചത്. രണ്ടു മണിക്കൂറിനകം സംഘം വയനാട് തലപ്പുഴയി‍ൽ വാഹനപരിശോധനയ്ക്കിടെ പിടിയിലായി. മൂന്നു വാളുകളും ഒരു വെട്ടുകത്തിയും കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ഒരു വാൾ സംഭവ സ്ഥലത്തിനടുത്തുനിന്നും ബാക്കിയുള്ളവ വയനാട് ജില്ലാ അതിർത്തിയായ ചന്ദനത്തോടിനടുത്തു വനത്തിലെ മരത്തിനു ചുവട്ടിൽനിന്നുമാണു കണ്ടെത്തിയത്.

SDPI Activists കേസിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകർ.

കേസിൽ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂർ മുഴക്കുന്നു പാറക്കണ്ടം പുത്തൻവീട്ടിൽ മുഹമ്മദ് (20), മിനിക്കേൽ സലീം (26), നീർവേലി സമീറ മൻസിൽ അമീർ (25), പാലയോടു തെക്കയിൽ ഷഹീം (39) എന്നിവരാണ് അറസ്റ്റിലായത്. നാലു പേരും എസ്ഡിപിഐ പ്രവർത്തകരാണെന്നു പൊലീസ് പറഞ്ഞു. വയനാട് ജില്ലയിലെ തലപ്പുഴയിൽ നിന്നാണു പ്രതികൾ പിടിയിലായത്. ഒരാഴ്ച മുൻപു കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകനു വെട്ടേറ്റ സംഭവവുമായി ബന്ധപ്പെട്ടാണു ശ്യാമപ്രസാദ് ആക്രമിക്കപ്പെട്ടതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. അതിനിടെ, പേരാവൂരിനു സമീപം കുനിത്തലയ്ക്കും തെരുവിനും ഇടയിലെ ആളൊഴിഞ്ഞ കൃഷിയിടത്തിൽ കനാലിനോട് ചേർന്ന് ഒളിപ്പിച്ച നിലയിൽ ബോംബ് കണ്ടെത്തി.

അതിനിടെ, അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുൻപേ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് സ്റ്റേഷനിൽനിന്നു ചോർന്നതു വിവാദമായി. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ നാലു പോപ്പുലർ ഫ്രണ്ട് – എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായതായി രാവിലെ തന്നെ നവമാധ്യമങ്ങളിലും ചില ചാനലുകളിലും പ്രതികളുടെ ചിത്രങ്ങൾ സഹിതം വാർത്ത പ്രചരിച്ചിരുന്നു. ഇതു സംബന്ധിച്ചു പൊലീസ് അന്വേഷണം തുടങ്ങി. പ്രതികൾ പൊലീസ് സ്റ്റേഷനിൽ ഇരിക്കുന്ന ചിത്രങ്ങളാണു പുറത്തുവന്നത്.