Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിർത്തിയിൽ തുടർച്ചയായ മൂന്നാം ദിവസവും വെടിവയ്പ്പ്; മൂന്നു മരണം

Indian Army

ശ്രീനഗർ‌∙ ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തിയിലും നിയന്ത്രണ രേഖയിലും മൂന്നാം ദിവസവും വ്യാപക വെടിവയ്പും ഷെല്ലിങ്ങും തുടരുന്നു. ഒരു സൈനികനടക്കം മൂന്നു പേര്‍ മരിച്ചു. അതിർത്തിയിൽ വിവിധയിടങ്ങളിലായി 35 ഗ്രാമീണർക്കും ഒരു ബിഎസ്എഫ് ജവാനും പരുക്കേറ്റു. രജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് അഞ്ചു കിലോമീറ്റർ പരിധിയിലുള്ള 72 ഗ്രാമങ്ങളിലെ സ്കൂളുകൾ ഇന്നലെ മുതൽ തിങ്കളാഴ്ച വരെ അടച്ചു. ആർഎസ് പുര സെക്ടറിലെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയ്ക്കടുത്ത് കൃഷ്ണഗാട്ടിയിൽ സിപോയി മൻദീപ് സിങ്ങും (23) ആർഎസ് പുര സെക്ടറിൽ 17 കാരനടക്കം രണ്ടു ഗ്രാമവാസികളുമാണ് മരിച്ചത്. ഈ വർഷം ഇതാദ്യമായാണ് അതിർത്തിയിലുടനീളം ഒരേ സമയം ഇരു കൂട്ടരും തമ്മിൽ ആക്രമണം നടക്കുന്നതെന്നു സൈനിക വൃത്തങ്ങൾ പറയുന്നു.

അഖ്നൂരിലെ രാജ്യാന്തര അതിർത്തിയിലാണു പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റെ വെടിനിർത്തൽ കരാർ ലംഘനം. ചെനാബ് നദിക്കരയിലെ ഗ്രാമങ്ങൾക്കു നേരെയാണു പാക്കിസ്ഥാൻ റേഞ്ചേഴ്സ് വെടിവയ്പ്പു നടത്തിയത്. അവർക്കെതിരെ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഗ്രാമങ്ങൾക്കു നേരെ ആക്രമണം നടത്തി സാധാരണക്കാരെ കൊലപ്പെടുത്താനാണു ശ്രമമെന്നു സൈന്യം വ്യക്തമാക്കി.

രാവിലെ അഞ്ചുമണിവരെ അർണിയ, രാംഗഡ്, സാംബ, ഹിരാനഗർ സെക്ടറുകൾക്കു നേരെ വെടിവയ്പ്പു നടന്നിരുന്നു. ആക്രമണം തുടരുന്നതിനിടെ ഒൻപതിനായിരത്തിലധികം പേർ ഇവിടെനിന്നു സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറിയിട്ടുണ്ട്. ആർഎസ് പുര, സാംബ, കത്തുവ മേഖലകളിലെ ക്യാംപുകളിൽ ആയിരത്തിലധികം പേരാണുള്ളത്. അതിർത്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്നു ദിവസത്തേക്ക് അടച്ചു.

വെടിനിർത്തൽ ലംഘനം തുടരുന്നതിൽ പാക്കിസ്ഥാൻ ഡപ്യൂട്ടി ഹൈക്കമ്മിഷണർ സെയ്ദ് ഹൈദർ ഷായെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. നിരപരാധികളായ നാട്ടുകാർക്കുനേരെ പാക്ക് സൈനികർ വെടിവയ്പു നടത്തുന്നതിലും ഇന്ത്യ ഉത്കണ്ഠ അറിയിച്ചു. സാംബ, ഹിരാനഗർ, ആർഎസ് പുര മേഖലകളിലെ ഗ്രാമങ്ങൾക്കുനേരെ നടത്തിയ വെടിവയ്പിൽ ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്നു പേർ മരിക്കുകയും ഒൻപതു പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.