Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആര്‍ടിസിക്ക് ഇരുട്ടടിയായി ഡീസല്‍ വില; ദിവസം 33 ലക്ഷത്തിന്റെ അധികബാധ്യത

ksrtc-new

തിരുവനന്തപുരം∙ ഡീസല്‍ വിലവര്‍ധന കെഎസ്ആര്‍ടിസിക്ക് ഒരു ദിവസമുണ്ടാക്കുന്നതു 33 ലക്ഷം രൂപയുടെ അധികബാധ്യത. ശമ്പളം കൊടുക്കാന്‍പോലും നിവൃത്തിയില്ലാതിരിക്കുന്ന കെഎസ്ആര്‍ടിസിക്ക് ഇരുട്ടടിയാണു ദിനംപ്രതിയുള്ള ഡീസലിന്റെ വിലക്കയറ്റം. ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി പലതവണ കത്തു നല്‍കിയിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.

ഒരു ദിവസം കെഎസ്ആര്‍ടിസിക്കു വേണ്ടതു 4.80 ലക്ഷം ലീറ്റര്‍ ഡീസലാണ്. കഴിഞ്ഞമാസം 58 രൂപ വിലയുള്ളപ്പോള്‍ ഡീസലിനു വേണ്ടി ദിവസം കണ്ടത്തേണ്ടിയിരുന്നത് 2.78 കോടിരൂപ. എന്നാല്‍ വില 65ൽ എത്തിയതോടെ ഒരു ദിവസം 3.12 കോടി രൂപ മാറ്റിവയ്ക്കണം. ഒരു ദിവസം 33.60 ലക്ഷം രൂപയുടെ അധികബാധ്യത. ഇപ്പോള്‍ തന്നെ ഇന്ത്യന്‍ ഒായില്‍ കോര്‍പറേഷനു രണ്ടുമാസത്തെ കുടിശികയുണ്ട്. ഒരു ലീറ്റര്‍ ഡീസലിന് 24% നികുതിയാണു സര്‍ക്കാര്‍ ഈടാക്കുന്നത്. സേവന മേഖലയെന്ന പേരില്‍ വൈദ്യുതി, ജലസേചന വകുപ്പുകള്‍ക്ക് ഇന്ധനനികുതി നാലു ശതമാനമായി കുറച്ചിട്ടും കെഎസ്ആര്‍ടിസിക്ക് ഈ ആനുകൂല്യം നല്‍കിയിട്ടില്ല. ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.ജി. രാജമാണിക്യം ഉള്‍പ്പെടെ മുന്‍ എംഡിമാരെല്ലാം സര്‍ക്കാരിനു കത്തു നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

നികുതി നാലു ശതമാനമാക്കിയാല്‍ നിലവിലെ നിരക്കനുസരിച്ചു ലീറ്ററിന് 15.60 രൂപ കൊടുക്കുന്നിടത്ത് 2.60 രൂപ നല്‍കിയാല്‍ മതിയാകും. ഇതുവഴി ഒരു ദിവസം 62 ലക്ഷം രൂപ കുറയ്ക്കാനാകും. മാസം 18.72 കോടി രൂപയുടെ ലാഭം. കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ പലവഴി തേടുന്ന സര്‍ക്കാര്‍ ഈ ബജറ്റിലെങ്കിലും കനിയുമെന്നാണു മാനേജ്മെന്റിന്റെ പ്രതീക്ഷ.

related stories