Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎൻ രക്ഷാസമിതിയിൽ കുൽഭൂഷൺ വിഷയം എടുത്തിട്ട് പാക്കിസ്ഥാന്റെ പ്രകോപനം

Kulbhushan-Maleeha കുൽഭൂഷൺ ജാദവ്, മലീഹാ ലോധി

ജനീവ ∙ ഇന്ത്യൻ ചാരനെന്ന് ആരോപിച്ചു കസ്റ്റഡിയിലെടുത്ത കുൽഭൂഷണ്‍ ജാദവിന്റെ വിഷയം യുഎൻ രക്ഷാസമിതിയിൽ ഉന്നയിച്ചു വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. ഭീകരർക്കു സഹായം ചെയ്യുന്നതിന്റെ പേരിൽ ഇന്ത്യ, യുഎസ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ കടുത്ത ഭാഷയിൽ വിമർശിച്ചതിനു പിന്നാലെയാണ് കുൽഭൂഷൺ ജാദവ് വിഷയം പാക്കിസ്ഥാൻ യുഎൻ രക്ഷാസമിതിക്കു മുൻപാകെ അവതരിപ്പിച്ചത്.

ഭീകരരെ നല്ലത്, മോശം എന്നിങ്ങനെ തരംതിരിച്ചു കാണുന്ന പാക്കിസ്ഥാന്റെ നിലപാടിൽ മാറ്റം വന്നേ തീരൂവെന്ന് യുഎന്നിലെ ഇന്ത്യൻ സ്ഥാനപതി സയ്യിദ് അക്ബറുദ്ദീൻ ചൂണ്ടിക്കാട്ടിയപ്പോഴാണു പാക്കിസ്ഥാന്റെ പ്രതിനിധിയായ മലീഹാ ലോധി കുൽഭൂഷണ്‍ ജാദവ് വിഷയം ഉയർത്തിക്കാട്ടി പ്രതിരോധിക്കാൻ ശ്രമിച്ചത്.

ഭീകരർക്കു സുരക്ഷിത താവളം ഒരുക്കുന്ന രാജ്യങ്ങൾ സൃഷ്ടിക്കുന്ന ഭീഷണിക്കു പരിഹാരം കാണേണ്ടതുണ്ടെന്ന്  ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ ചൂണ്ടിക്കാട്ടി. ഇതോടെയാണു മലീഹാ ലോധി കുൽഭൂഷൺ വിഷയം സമിതിക്കു മുൻപാകെ എടുത്തിട്ടത്. കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യൻ ചാരനെന്ന് ആരോപിച്ചു പാക്കിസ്ഥാൻ പിടികൂടിയ കുൽഭൂഷൺ ജാദവിനു പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചെങ്കിലും ഇതു നടപ്പാക്കുന്നതു രാജ്യാന്തര നീതിന്യായ കോടതി തടഞ്ഞിരുന്നു.

പാക്കിസ്ഥാൻ നിലപാട് പുനഃപരിശോധിക്കണമെന്നു വാശിപിടിക്കുന്നവർ സ്വയം ഉള്ളിലേക്കു നോക്കുന്നതു നന്നായിരിക്കുമെന്നു ലോധി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ചാരനായ വ്യക്തിയെ പിടികൂടിയതിലൂടെ അവർക്കു (ഇന്ത്യയ്ക്ക്) തങ്ങളോടുള്ള മനോഭാവം സംശയാതീതമായി തെളിയിക്കപ്പെട്ടതാണെന്നും ലോധി സമിതിക്കു മുൻപാകെ അഭിപ്രായപ്പെട്ടു.