Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ ജീവനക്കാരുടെ ‘അലവൻസ്’ റദ്ദാക്കാൻ നീക്കം; പണം കെഎസ്ആർടിസിയിലേക്ക്

100-RUPEE

തിരുവനന്തപുരം∙ സര്‍ക്കാര്‍ ജീവനക്കാരുടെ സിറ്റി കോംപന്‍സേറ്ററി അലവന്‍സ് റദ്ദാക്കി ആ തുക കെഎസ്ആര്‍ടിസിക്ക് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോർപറേഷനു ഗുണകരമാകും. തിരുവനന്തപുരം നഗരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാരുടെ അലവന്‍സ് റദ്ദാക്കിയാല്‍ 30 ലക്ഷത്തോളം രൂപ കെഎസ്ആര്‍ടിസിക്ക് പ്രതിമാസം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം കോർപറേഷന്‍ പരിധിയില്‍ തീരുമാനം നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നാണ്  വിവിധ വകുപ്പുകളോട് ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. അലവന്‍സ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.

സെക്രട്ടേറിയറ്റില്‍ മാത്രം ആയ്യായിരത്തോളം ജീവനക്കാരുണ്ട്. 16,500-26,500 അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് 350 രൂപയാണ് സിറ്റി അലവന്‍സ്. 27,109-42,500 അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് 400 രൂപയും, 43,600-68,700 അടിസ്ഥാന ശമ്പളമുള്ളളര്‍ക്ക് 450 രൂപയും, 70,350 രൂപയും അതിനു മുകളിലും അടിസ്ഥാന ശമ്പളം ഉള്ളവര്‍ക്ക് 500 രൂപയുമാണ് പ്രതിമാസ സിറ്റി കോംപന്‍സേറ്ററി അലവന്‍സ്. 

ജീവനക്കാരുടെ സിറ്റി കോംപന്‍സേറ്ററി അലവന്‍സ് റദ്ദാക്കുന്നതിലൂടെ കിട്ടുന്ന തുക പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ഗതാഗത സെക്രട്ടറി അഭിപ്രായപ്പെട്ടിരിക്കുന്നത്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തിയാല്‍ വായുമലീനീകരണവും അപകടവും കുറയ്ക്കാന്‍ കഴിയും.

അപകടവും മലിനീകരണവും കുറയ്ക്കുന്നത് സര്‍ക്കാര്‍ നയമാണെന്നും ഇക്കാര്യത്തില്‍ ജീവനക്കാരുടെ അഭിപ്രായം തേടി അറിയിക്കണമെന്നുമാണ് ഗതാഗത സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.

related stories