Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിന്റെ കണ്ണൂരിലെ നിരാഹാരസമരം ആർഎസ്എസ് പിന്തുണയോടെ: കോടിയേരി

Kodiyeri Balakrishnan സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുന്ന കോടിയേരി ബാലകൃഷ്ണൻ.

തൃശൂർ∙ സിപിഎമ്മിന്റെ ജനസ്വാധീനം ഇല്ലാതാക്കാൻ കോൺഗ്രസും ആർഎസ്എസും പരിശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. പാർട്ടി ശക്തിപ്പെട്ടാൽ, ജനസ്വാധീനം കൂടിയാൽ ഇടതുപക്ഷത്തിന് രാഷ്ട്രീയ തുടർച്ചയുണ്ടാകും. ഈ മുന്നേറ്റം തടയാനാണ് പ്രതിപക്ഷ ശ്രമം. കേരളം കലാപ സംസ്ഥാനമാക്കാൻ ആർഎസ്എസ്‍ ശ്രമിക്കുന്നു. ആർഎസ്എസ് കൊലപാതക പദ്ധതികൾ തയാറാക്കുന്നു– കോടിയേരി പറഞ്ഞു.

പാര്‍ട്ടിയെ അക്രമകാരികളുടെ പാർട്ടിയാക്കാൻ ബിജെപി ശ്രമിക്കുന്നു. സിബിഐയെ ഉപയോഗിച്ചാണ് അവരുടെ നീക്കങ്ങൾ. കണ്ണൂരിൽ ദൗർഭാഗ്യകരമായ സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. പാർട്ടി അപലപിച്ചിട്ടുണ്ട്. കോൺഗ്രസ് സിപിഎമ്മിന്റെ നിരവധി പ്രവര്‍ത്തകരെ കൊന്നിട്ടുണ്ട്. അത് ഏകദേശം 250ന് അടുത്ത് വരും. അവരാണ് ഇപ്പോൾ ഗാന്ധിയൻമാർ‌ ചമഞ്ഞ് നിരാഹാരമിരിക്കുന്നത്.

അനിശ്ചിതകാല നിരാഹാരം എത്ര ദിവസവും കിടക്കാവുന്നയാളെ തന്നെയാണ് കോൺഗ്രസ് നിയോഗിച്ചിട്ടുള്ളത്. എന്നാൽ‌ അതിനു കടന്നപ്പള്ളിയെ അക്രമിക്കേണ്ട കാര്യമെന്താണ്? ഗാന്ധിയൻ രീതിയില്‍ ജീവിക്കുന്ന ആളാണ് കടന്നപ്പള്ളി. അദ്ദേഹത്തെയാണ് കോൺഗ്രസ് ആക്രമിക്കുന്നത്.

റവന്യു മന്ത്രി ചന്ദ്രശേഖരനെ തിരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെ ആർഎസ്എസ്‍ ആക്രമിച്ചു. ഇത്തരക്കാരെ ഒറ്റപ്പെടുത്തണം. സിപിഎം അക്രമത്തിൽ വിശ്വസിക്കുന്നില്ല. സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യും. കോൺഗ്രസ് നടത്തുന്ന നിരാഹാരസമരം ആർഎസ്എസ് പ്രോൽസാഹനത്തിലൂടെയാണ്. ആര്‍എസ്എസ്‍ നേതാവ് അവിടെ സന്ദർശിച്ചത് അതുകൊണ്ടാണ്. സിപിഎമ്മിൽ ഒറ്റ ശബ്ദം മാത്രമാണ് ഉള്ളത്. വ്യത്യസ്ത ശബ്ദങ്ങൾ ഇല്ല. ഇടത് പദ്ധതികളുടെ കൂടെ ജനങ്ങൾ അണിനിരക്കണം.

കേരളത്തിന്റെ മനുഷ്യർക്കു കേരളത്തിൽ തന്നെ തല ചായ്ക്കാൻ ഇടമുണ്ടാക്കുന്നതിൽ ഇടത് സർക്കാര്‍ വിജയിച്ചു. ഭവനരഹിതരായ 2000 പേര്‍ക്ക് സിപിഎം വീടു നിർമിച്ചുനൽകും. പാർട്ടി സമ്മേളനം എപ്പോഴും കേരളത്തിന്റെ മാറ്റങ്ങൾക്കുള്ള തീരുമാനങ്ങളാണ് എടുക്കാറുള്ളത്. ഇത്തവണയും അങ്ങനെ തന്നെ. ജനങ്ങൾ മുഴുവൻ ഇതിന്റെ ഭാഗമാകണം. ഇടതു സർക്കാരിന്റെ പദ്ധതികളുടെ നേട്ടമാണ് ഇന്ന് കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

‘കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല കേരള കോണ്‍ഗ്രസ്’

തൃശൂർ∙കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല കേരള കോണ്‍ഗ്രസെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോണ്‍ഗ്രസിനോടുള്ള രാഷ്ട്രീയനയമല്ല കേരള കോണ്‍ഗ്രസിനോട് സ്വീകരിക്കുന്നത്. സിപിഐ നിഴല്‍യുദ്ധം നടത്തേണ്ട. തര്‍ക്കങ്ങളുണ്ടെങ്കില്‍ നേരിട്ടുപറയാം. എല്‍ഡിഎഫിലേക്ക് വരുന്നു എന്ന് മാണി പറഞ്ഞിട്ടില്ല. പറയുമ്പോള്‍ മാത്രം ചര്‍ച്ചയാകാമെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മനോരമന്യൂസിനോട് പറഞ്ഞു.  

കേരള കോണ്‍ഗ്രസിനോടുളള നിലപാട് സിപിഎം  ഇതുവരെ ചര്‍ച്ച െചയ്തിട്ടില്ല. പിബി അനുമതിയോടെയേ അതു ചര്‍ച്ച ചെയ്യാനാകൂ. അങ്ങനെ ചര്‍ച്ച വന്നാല്‍ സിപിഐയുടെയും മറ്റു ഘടകകക്ഷികളുടെയും അഭിപ്രായം ചോദിക്കും. സിപിഎം ഒറ്റയ്ക്കു തീരുമാനമെടുക്കില്ല. രാഷ്ട്രീയ അക്രമങ്ങള്‍ നേതൃതലത്തിലെ ആലോചനയുടെ ഫലമല്ല. പ്രാദേശികമായ വികാരപ്രകടനങ്ങള‍ാണു കൊലപാതകങ്ങളില്‍ വരെ എത്തുന്നത്. വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് അക്രമം കൊണ്ടല്ല. പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുകയാണു വേണ്ടത്. അക്രമം കൊണ്ട് പാര്‍ട്ടിക്കാണു നഷ്ടം. ഇത് അനുഭാവികളെയടക്കം ബോധ്യപ്പെടുത്തും. 

യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. മാര്‍ക്സിസ്റ്റ് വിരുദ്ധമുന്നണിക്ക് കേരളത്തില്‍ പ്രസക്തിയില്ല. കോണ്‍ഗ്രസുമായി രാഷ്ട്രീയകൂട്ടുകെട്ട് അസാധ്യമാണെന്നും നയപരമായ യോജിപ്പില്ലെന്നും കോടിയേരി വിശദീകരിച്ചു. സിപിഎമ്മിലെ വിഭാഗീയതയുടെ കേന്ദ്രം ഇല്ലാതായി. സംസ്ഥാനതലത്തില്‍ ഇപ്പോള്‍ അങ്ങനെയൊരു കേന്ദ്രമില്ല. പാര്‍ട്ടിക്കു ഇന്ന് ഒരു അഭിപ്രായമേ ഉളളൂ. വ്യത്യസ്ത ശബ്ദങ്ങളില്ലെന്നും കോടിയേരി തൃശൂരില്‍ പറഞ്ഞു. മന്ത്രിസഭാപുനഃസംഘടന സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

related stories