Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടച്ചുപൂട്ടി ഐസിയുകൾ; വാർഡിൽ കൂട്ടിയിട്ട് വെന്റിലേറ്ററുകൾ, ദയനീയം ഈ കാഴ്ച

medical-college-thiruvananthapuram തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പ്രവേശന കവാടം (ഫയൽ ചിത്രം)

തിരുവനന്തപുരം∙ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതിനെത്തുടര്‍ന്നു മെഡിക്കല്‍ കോളജിലെ ന്യൂറോ, ഗ്യാസ്ട്രോ, നെഫ്രോളജി വിഭാഗങ്ങളിലെ തീവ്രപരിചണ യൂണിറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു. മെഡിക്കല്‍ കോളജിലെ പ്രത്യേക ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഈ മൂന്നു വിഭാഗങ്ങളിലുമായി 20 കിടക്കകളാണുള്ളത്. ശീതീകരണ സംവിധാനം പ്രവര്‍ത്തിക്കാത്തതിനാല്‍ വെന്റിലേറ്ററുകളും രക്തം ശുദ്ധീകരിച്ചു മാറ്റി വയ്ക്കുന്ന പ്ലക്സ് മെഷീനും വാര്‍ഡില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. താഴ്ന്ന അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കേണ്ട, ലക്ഷങ്ങള്‍ വിലവരുന്ന പല ഉപകരണങ്ങളും കേടായി.

പത്തു വെന്റിലേറ്ററുകളുള്ളതില്‍ ആറെണ്ണം കേടായി. ശേഷിക്കുന്ന നാലെണ്ണം ട്രാന്‍സ്പ്ലാന്റ് ഐസിയുവിലേക്കു മാറ്റി. നാലുരോഗികളെയും മാറ്റിയിട്ടുണ്ട്. ന്യൂറോ, ഗ്യാസ്ട്രോ, നെഫ്രോളജി വിഭാഗങ്ങളിലെ ശേഷിക്കുന്ന 16 രോഗികള്‍ ശീതീകരണ സംവിധാനമില്ലാത്ത ഹൈ കെയര്‍ വാര്‍ഡിലാണ്. ഇവിടെ ആവശ്യത്തിനു സംവിധാനങ്ങളുമില്ല.

കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെയാണു പൂര്‍ണമായി ശീതീകരണ സംവിധാനങ്ങളുള്ള ന്യൂറോ ബ്ലോക്ക് നിര്‍മിച്ചത്. എച്ച്എല്‍എല്‍ ലിമിറ്റഡിനായിരുന്നു പരിപാലന ചുമതല. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏറ്റവും ആധുനികമായ ന്യൂറോ ബ്ലോക്കിലാണു ക്യാംപസിലെ ഏറ്റവും വലിയ തീവ്രപരിചണ യൂണിറ്റും പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം ഉദ്ഘാടനം ചെയ്തു അഞ്ചുവര്‍ഷത്തോളം മികച്ച സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്. എച്ച്എല്‍എല്ലിന്റെ പരിപാലനവും മികച്ചതായിരുന്നു. പിന്നീട് എച്ച്എല്‍എല്ലിനെ പരിപാലനചുമതലയില്‍നിന്നു മാറ്റിയതോടെ ബ്ലോക്കിന്റെ ആധുനികരൂപം തന്നെ നഷ്ടപ്പെട്ടു. അറ്റകുറ്റപ്പണികള്‍ നടക്കാതെയായി.

ഫെബ്രുവരി 24ന് അറ്റകുറ്റപ്പണികള്‍ക്കായി ന്യൂറോ വിഭാഗത്തിലെ തീവ്രപരിചരണവിഭാഗം അടച്ചു. മാര്‍ച്ച് മൂന്നിനു വീണ്ടും തുറന്നെങ്കിലും മൂന്നുദിവസങ്ങള്‍ക്കുശേഷം വീണ്ടും പൂട്ടി. ശീതീകരണവിഭാഗം പ്രവര്‍ത്തിക്കാത്തതിനാല്‍ ഇപ്പോള്‍ വീണ്ടും അടച്ചു. ഉപകരണങ്ങള്‍ ലഭിക്കാത്തതിനാലാണ് അറ്റകുറ്റപ്പണി വൈകുന്നതെന്നാണ് അറ്റകുറ്റപ്പണിക്കു കരാര്‍ എടുത്തവര്‍ ആശുപത്രി അധികൃതരെ അറിയിച്ചിരിക്കുന്നത്. എന്നു പണി പൂര്‍ത്തിയാക്കാനാകുമെന്നു കമ്പനിക്കും ഉറപ്പില്ല.